കൈരാംപാറയിലെ ക്വാറി അനുമതിയില്ലാതെ പ്രവർത്തിച്ചത് നാലുവർഷം.
വടക്കഞ്ചേരി : കണ്ണമ്പ്ര – വടക്കഞ്ചേരി പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള ചല്ലി പറമ്പ് കൈരാംപാറയിലെ ക്വാറി നാലു വർഷമായി പ്രവർത്തിച്ചത് പഞ്ചായത്തിന്റെ അനുമതിയില്ലാതെ. വടക്കഞ്ചേരി പഞ്ചായത്തിന്റെ പരിധിയിലാണ് ഈ ക്വാറി സ്ഥിതിചെയ്യുന്നത്. ക്വാറിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് അധികൃതർ പരിശോധന നടത്തുകയും, പഞ്ചായത്തിൽ നിന്നുള്ള ലൈസൻസില്ലാതെയാണ് കഴിഞ്ഞ നാലു വർഷമായി ഈ ക്വാറി പ്രവർത്തിച്ചത് എന്ന് കണ്ടെത്തി.
ഈ ക്വാറിയിലെ ശക്തമായ പാറപൊട്ടിക്കൽ മൂലം അടുത്തുള്ള വീടുകളിൽ വിള്ളലുകളും, ഓടുകൾ ഇളകി വീഴുകയും ചെയ്യുന്നു. ഇവിടെനിന്നും അമിത ഭാരം കയറ്റിയുള്ള വാഹനങ്ങളുടെ ഓട്ടം മൂലം ചല്ലിപറമ്പ് – ചുവട്ടുപാടം റോഡ് ആകെ തകർന്നു കിടക്കുകയാണ്. ക്വാറിയിലെ ക്രഷർ യൂണിറ്റിൽ നിന്നുയർന്നു വരുന്ന പാറപ്പൊടി മൂലം അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുകയും, പാറപൊടി കലർന്ന വെള്ളം പരിസരപ്രദേശങ്ങളിലെ ജലസ്രോതസ്സുകളെയും, കൃഷിയിടങ്ങളെയും മലിനമാക്കുകയും, അതുപോലെ ഈ യൂണിറ്റിൽനിന്നും പുറന്തള്ളുന്ന പാറപ്പൊടി കലർന്ന വെള്ളം ശുദ്ധീകരിക്കാനുള്ള പ്ലാന്റും സ്ഥാപിച്ചിട്ടില്ല എന്നും പഞ്ചായത്തിൽ നിന്നുള്ള പരിശോധനയിൽ കണ്ടെത്താൻ സാധിച്ചു. ഉടൻതന്നെ തുടർ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കഴിഞ്ഞ മാസം ജൂലൈ 23 ന് നാട്ടുകാർ ക്വാറിയിലെ പ്രവർത്തനം നിർത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയിരുന്നു. തുടർന്ന് പഞ്ചായത്ത്, കളക്ടർ, ജിയോളജി, എക്സ്പ്ലോസിവ്സ്, വില്ലേജ് തുടങ്ങിയവർക്ക് പരാതി നൽകിയിരുന്നു. വില്ലേജ് അധികൃതർ വന്ന് പരിശോധന നടത്തുകയും, പരിസരവാസികൾക്ക് ഭീഷണിയാകുന്ന തരത്തിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കംചെയ്യാനും ആവശ്യപ്പെട്ടു.
പഞ്ചായത്തിന്റെ കണ്ടെത്തലുകൾ👇
🔸ക്വാറിയിലെ ശക്തിയായ പാറപൊട്ടിക്കൽ മൂലം സമീപമുളള വീടുകളിൽ വിളളലുകളുണ്ടാകുന്നു , ഓടുകൾ ഇളകിവീഴുന്നു.
🔸ക്വാറിയിൽ നിന്ന് അമിതഭാരം കയറ്റിയ വാഹനങ്ങളുടെ ഓട്ടം മൂലം ചെല്ലിപറമ്പ്-ചുവട്ടുപാടം റോഡ് ഗതാഗതയോഗ്യ മല്ലാതായി.
🔸ക്വാറിയിലെ ക്രഷർ യൂണിറ്റിൽ നിന്നുയരുന്ന പാറപ്പൊടി അന്തരീക്ഷമലിനീകരണം ഉണ്ടാക്കുന്നു. ക്രഷർ യൂണിറ്റിൽനിന്ന് പാറപ്പൊടി കലർന്ന വെള്ളം പുറത്തേക്കൊഴുകി ജലശ്രോതസ്സുകളും കൃഷിയിടങ്ങളും മലിന മാക്കപ്പെടുന്നു.
🔸ക്രഷർ യൂണിറ്റിൽനിന്ന് പുറന്തള്ളുന്ന പാറപ്പൊടി കലർന്ന വെള്ളം ശുദ്ധീകരിക്കാനുളള പ്ലാൻറില്ല.