വടക്കഞ്ചേരി-മണ്ണുത്തി പാതയിലെ കുതിരാൻ തുരങ്കങ്ങൾക്കുള്ളിൽ ചോർച്ച നിലനിൽക്കുന്നതിനിടെ ആശങ്കയുയർത്തി വലതുതുരങ്കത്തിൽ റോഡിനടിയിൽനിന്നു നീരൊഴുക്ക്.
കോൺക്രീറ്റ് റോഡിലെ വിടവുകൾക്കിടയിലൂടെയാണ് വെള്ളം പുറത്തേക്കൊഴുകുന്നത്.
വലതുതുരങ്കത്തിൽ (പാലക്കാട് ദിശയിലേക്കുള്ളത്) പ്രവേശനഭാഗത്തുനിന്ന് 50 മീറ്റർ പിന്നിടുമ്പോൾ ഇടതു ട്രാക്കിലാണ് റോഡിനടിയിൽനിന്നു വെള്ളമൊഴുകുന്നത്. തുടർച്ചയായി വെള്ളമൊഴുകുന്നതിനാൽ ഈ ഭാഗത്ത് പായലും ചെളിയും പരന്നിട്ടുണ്ട്. അതിനാൽ, ഇരുചക്രവാഹനങ്ങൾ തെന്നുന്ന സ്ഥിതിയുണ്ട്.റോഡിനടിയിൽനിന്നു നീരൊഴുക്ക് വരാൻ സാധ്യതയില്ലെന്നാണ് നിർമാണക്കരാർ കമ്പനിയായ തൃശ്ശൂർ എക്സ്പ്രസ് വേ ലിമിറ്റഡ് അധികൃതർ പറയുന്നത്. മുകളിൽനിന്നുള്ള വെള്ളം ചാലിലേക്കൊഴുക്കാൻ ഈ ഭാഗത്ത് പൈപ്പിട്ടിട്ടുണ്ട്. ഇത് പൊട്ടിയതിനെത്തുടർന്ന് വെള്ളം ഒഴുകുന്നതാകാമെന്നാണ് നിഗമനം.
വെള്ളമൊഴുകുന്ന സ്ഥലം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ദേശീയപാതാ അതോറിറ്റി അധികൃതർ അറിയിച്ചു.
2021 ജൂലായ് 31-ന് ഇടതുതുരങ്കം ഗതാഗതത്തിനായി തുറന്നതുമുതൽ നിലനിൽക്കുന്ന ചോർച്ച പരിഹരിക്കാൻ മുകൾഭാഗം കോൺക്രീറ്റ് ചെയ്യണമെന്ന് കരാർകമ്പനിക്ക് ദേശീയപാതാ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ടെങ്കിലും ജോലി തുടങ്ങിയിട്ടില്ല. വലതുതുരങ്കത്തിൽ പൂർണമായി കോൺക്രീറ്റ് ചെയ്തിട്ടുണ്ടെങ്കിലും ചിലയിടങ്ങളിൽ ചോർച്ചയുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx