വടക്കഞ്ചേരി ശിവരാമ പാര്‍ക്കിനു മുൻവശം വഴിയോര കച്ചവടക്കാര്‍ കൈയേറി;കച്ചവടം കഴിഞ്ഞ് മാലിന്യം തളളുന്നത് വഴിയിലും ഓടയിലും

Share this News


വടക്കഞ്ചേരി നിന്നു തിരിയാൻ ഇടമില്ലാത്ത വടക്കഞ്ചേരി ടൗണിലെ ഏക ഉല്ലാസ കേന്ദ്രമായ ശിവരാമ പാര്‍ക്കിനു മുന്നില്‍ വഴിയോര കച്ചവടക്കാര്‍ വാഹനങ്ങള്‍ നിരത്തിയിട്ട് കച്ചവടത്തിനിരിക്കുന്നതിനാല്‍ കുട്ടികളുമായി പാര്‍ക്കിലേക്ക് വരുന്നവര്‍ക്ക് വാഹനങ്ങള്‍ നിര്‍ത്താൻ സ്ഥലമില്ലാതായി.
വാഹനം മറ്റെവിടെയെങ്കിലും നിര്‍ത്തി ഓട്ടോ വിളിച്ച്‌ വേണം കുട്ടികളുമായി വരുന്നവര്‍ക്ക് പാര്‍ക്കിലെത്താൻ. മെയിൻ റോഡിനഭിമുഖമായുള്ളപാര്‍ക്കില്‍ വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും കുട്ടികളുമായി നിരവധി പേരാണ് എത്തുന്നത്.

ഇരുചക്രവാഹനങ്ങള്‍ പോലും പാര്‍ക്ക് ചെയ്യാൻ കഴിയാത്ത വിധമാണ് ഇവിടെ തട്ടുകടകളും പച്ചക്കറി കച്ചവട വാഹനങ്ങളും സ്ഥലം കൈയേറി സ്വന്തമാക്കുന്നത്. കച്ചവടം കഴിഞ്ഞ് മാലിന്യം തളളുന്നത് വഴിയിലും ഓടയിലുമാണ്. ബസുകളുടെ സ്റ്റാൻഡിലേക്കുള്ള പ്രവേശനത്തിനും അനധികൃത കച്ചവടവും പാര്‍ക്കിംഗും തടസമാകുന്നതായും പരാതികളുണ്ട്.

സ്റ്റാൻഡിലേക്ക് വാഹനങ്ങള്‍ കയറാനും ഇറങ്ങാനുമുള്ള വഴികള്‍ വണ്‍വേയാണെങ്കിലും അതൊന്നും പാലിക്കപ്പെടുന്നുമില്ല. മുൻ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു 1952ല്‍ പ്രസംഗിച്ച സ്ഥലം കൂടിയാണിത്.സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായിട്ടായിരുന്നു പാലക്കാട് ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലെ നെഹ്റു വിന്‍റെ സന്ദര്‍ശനമുണ്ടായത്. അദേഹത്തിന്‍റെ ഓര്‍മയ്ക്കായി ശിവരാമ പാര്‍ക്കിലും നെഹ്റു സ്തൂപമുണ്ട്.

പൊന്തക്കാടായി കിടന്നിരുന്ന പാര്‍ക്ക് 2014ല്‍ നവീകരിച്ച്‌ കുട്ടികള്‍ക്ക് ഉല്ലാസത്തിനുള്ള അത്യാവശ്യ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. ഇത് ഇപ്പോഴും വലിയ പാളിച്ചകളില്ലാതെ സംരക്ഷിക്കപ്പെടുന്നുണ്ടെങ്കിലും സ്ഥലപരിമിതി പാര്‍ക്കിനെ വീര്‍പ്പുമുട്ടിക്കുകയാണ്. കഷ്ടി മുപ്പത് സെന്‍റ് സ്ഥലമാണ് ഇവിടെയുള്ളത്. ഇത് പാര്‍ക്ക് എന്ന ലക്ഷ്യത്തിന് പര്യാപ്തമല്ല. ബസ് സ്റ്റാൻഡ് ഭാഗത്ത് ഇതിനോട് ചേര്‍ന്നുള്ള സ്ഥലം കൂടി പാര്‍ക്കിനായി പ്രയോജനപ്പെടുത്തി നവീകരണ പ്രവൃത്തികള്‍ നടത്തണമെന്ന ആവശ്യവും ശക്തമായുണ്ട്.

എംഎല്‍എ ഫണ്ടില്‍ നിന്നു അനുവദിച്ചിട്ടുള്ള ഒരു കോടി രൂപ പാര്‍ക്കിന്‍റെ വിസ്തൃതി കൂട്ടുന്നതിനു കൂടി വിനിയോഗിക്കണമെന്നാണ് ആവശ്യം.

എന്നാല്‍ മാത്രമെ ഇവിടെ എത്തുന്ന കുട്ടികളെ ഉള്‍ക്കൊള്ളാൻ പാര്‍ക്കിനാകൂ. അല്ലെങ്കില്‍ തിരിയാൻ ഇടമില്ലാത്ത വടക്കഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയില്‍ ഇടക്കിടെയുള്ള കെട്ടിട നിര്‍മാണം പോലെയാകും പാര്‍ക്ക് വികസനവും. ചികിത്സാ സൗകര്യങ്ങളൊന്നുമില്ലെങ്കിലും സര്‍ക്കാര്‍ ആശുപത്രി കോമ്ബൗണ്ട് നിറയെ ഇപ്പോള്‍ കെട്ടിട സമുച്ചയങ്ങളാണ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx


Share this News
error: Content is protected !!