
മണ്ണാർക്കാട് വാൽക്കുളമ്പ് സ്വദേശി ചവിട്ടേറ്റുമരിച്ച സംഭവത്തിൽ പ്രതിക്ക് 14 വർഷം തടവും രണ്ടുലക്ഷംരൂപ പിഴയും ശിക്ഷവിധിച്ചു. വാൽക്കുളമ്പ് പ്ലാപ്പിള്ളിയിൽ വീട്ടിൽ ജോണിനാണ് (60) മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതി ജഡ്ജി ജോമോൻ ജോൺ ശിക്ഷവിധിച്ചത്. വാൽക്കുളമ്പ് കണിച്ചിപ്പരുത സ്വദേശി വേലായുധനാണ് (52) ചവിട്ടേറ്റ് പരിക്കുപറ്റിയതിനെത്തുടർന്ന് ചികിത്സയിലിരിക്കേ മരിച്ചത്. പിഴ അടയ്ക്കാത്തപക്ഷം അധിക കഠിനതടവും അനുഭവിക്കണം. പിഴത്തുകയിൽനിന്ന് ഒരുലക്ഷംരൂപ വേലായുധന്റെ ആശ്രിതർക്ക് നൽകാനും ഉത്തരവിട്ടു
വടക്കഞ്ചേരി പോലീസ്‌സ്റ്റേഷൻ പരിധിയിൽ 2019 ഒക്ടോബർ ഒമ്പതിനാണ് സംഭവം.
മരക്കച്ചവടവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. വേലായുധന്റെ പറമ്പിലുണ്ടായിരുന്ന തേക്ക് മരക്കച്ചവടക്കാരനായ പ്രതി ജോണി വില്പന നടത്തിയിരുന്നു.
തുക കുറഞ്ഞതുമായി ബന്ധപ്പെട്ട് ജോണിയും വേലായുധന്റെ മകനും തർക്കമുണ്ടായി. തുടർന്ന്, ജോണി കടത്തിണ്ണയിൽ ഇരിക്കുകയായിരുന്ന വേലായുധന്റെ നെഞ്ചിൽ ചവിട്ടുകയായിരുന്നുവെന്നാണ് കേസ്. പരിക്കുപറ്റിയ വേലായുധൻ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരിച്ചത്.
അന്നത്തെ ആലത്തൂർ ഡിവൈ.എസ്.പി. കെ.എം. ദേവസ്യയാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഭിഭാഷകരായ പി. ജയൻ, കെ. ദീപ എന്നിവർ ഹാജരായി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx
