മംഗലം പുഴയില്‍ മൂച്ചിതൊടി ഭാഗത്ത് പുതിയ തടയണ പരിഗണനയിൽ

Share this News



വടക്കഞ്ചേരി മംഗലം പുഴയില്‍ മംഗലം പാലത്തിനു സമീപം മൂച്ചിതൊടി, ചോഴിയങ്കാട് ഭാഗത്ത് തടയണ നിര്‍മാണം പരിഗണനയില്‍ഇതിന്‍റെ ഭാഗമായി ചെറുകിട ജലസേചന വിഭാഗം എ.ഇ വി.ശാന്തകുമാറിന്‍റെ നേതൃത്വത്തില്‍ ഇറിഗേഷൻ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. നിര്‍മാണ ചെലവ്, വെള്ളത്തിന്‍റെ സ്റ്റോറേജ്, തടയണ കൊണ്ട് ഉണ്ടാകുന്ന പ്രയോജനം തുടങ്ങിയവ സര്‍വേയിലൂടെ വിലയിരുത്തും. പുഴയ്ക്ക് വീതിയുള്ള ഭാഗമായതിനാല്‍ നൂറ് മീറ്റര്‍ നീളം വരും തടയണക്ക്. അനുമതിയായാല്‍ മൈനര്‍ ഇറിഗേഷന് തന്നെ തടയണ നിര്‍മിക്കാനാകുമെന്ന് എ.ഇ പറഞ്ഞു.പുഴയോരത്ത് നിലവിലെ ബണ്ട് ഒരു മീറ്റര്‍ കൂടി ഉയര്‍ത്തി പണിയുന്നതിനൊപ്പം ശേഷിച്ച പ്രദേശത്തുകൂടി ബണ്ട് നിര്‍മാണം നടത്തേണ്ടതുണ്ട്. വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച്‌ 14 ലക്ഷം രൂപക്ക് നിര്‍മിച്ച ബണ്ടാണ് നിലവിലുള്ളത്. ഉയരത്തിലുള്ള പുഴയോര ബണ്ട് ഇല്ലാത്തതും കുറെ ഭാഗം ബണ്ട് നിര്‍മാണം നടത്താത്തതിനാലും കഴിഞ്ഞ പ്രളയ വര്‍ഷങ്ങളിലെല്ലാം ഈ പ്രദേശം വെള്ളം മുങ്ങുന്ന സ്ഥിതിയുണ്ടായിരുന്നു. എന്നാല്‍ വേനലില്‍ ജലക്ഷാമംഅനുഭവപ്പെടുകയും ചെയ്യുന്ന പ്രദേശം കൂടിയാണ് ഇത്. പുഴയില്‍ തടയണയും പുഴയോര ബണ്ടും വരുന്നതോടെ സമീപത്തെ കിണറുകളില്‍ ജല ഉറവകള്‍ രൂപപ്പെടും. ഇതുവഴി കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനൊപ്പം പ്രദേശവാസികള്‍ക്ക് കുളിക്കാനും കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്കും തടയണ പ്രയോജനപ്പെടുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. പുഴകളെ പൂര്‍വസ്ഥിതിയിലാക്കാനുള്ള ചെറുകിട ജലസേചന വകുപ്പിന്‍റെ ബ്രഹദ് പദ്ധതിയുടെ ഒന്നാംഘട്ടം വിജയമായിരുന്നെന്ന കണ്ടെത്തലിലാണ് തടയണ നിര്‍മാണം ഉള്‍പ്പെടെയുള്ള പുതിയ പദ്ധതികളിലേക്ക് നീങ്ങുന്നത്. പുഴയോരങ്ങളിലെല്ലാം വ്യാപകമായ കൈയേറ്റങ്ങളുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതെല്ലാം തിരിച്ചുപിടിക്കുന്നതിന്‍റെ പ്രാരംഭ നടപടിയായിട്ടാണ് ഇത്തരം തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ പുഴ നവീകരണം നടക്കുന്നത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx


Share this News
error: Content is protected !!