അയിലൂര്‍ പഞ്ചായത്തിലെ പൂഞ്ചേരി, ചള്ള പ്രദേശങ്ങളില്‍ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നാശം. കഴിഞ്ഞ രണ്ടു ദിവസവും തുടര്‍ച്ചയായി കാട്ടാനക്കൂട്ടം പ്രദേശത്തെ കൃഷിയിടങ്ങളില്‍ രാത്രി ഏഴു മണിയോടെ എത്തിയതായി പ്രദേശവാസികള്‍ പറഞ്ഞു.കല്യാണക്കണ്ടം കെ. ബാലചന്ദ്രൻ, പുഞ്ചേരിക്കളം കെ. ചെന്താമരാക്ഷൻ, ജിജോ ഓണായിക്കര എന്നിവരുടെ കൃഷിയിടങ്ങളിലാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപക നാശം ഉണ്ടാക്കിയത്.
25 ഓളം തെങ്ങുകളും 50ലേറെ വാഴകള്‍, കമുകുകള്‍, കുരുമുളക് എന്നിവയാണ് നശിപ്പിച്ചത്. വനമേഖലയോട് ചേര്‍ന്ന് വനം വകുപ്പ് സ്ഥാപിച്ച വൈദ്യുത വേലി ചവിട്ടി തകര്‍ത്തണ് കാട്ടാനക്കൂട്ടം കൃഷിയിടങ്ങളിലേയ്ക്ക് എത്തിയിരിക്കുന്നത്. നെന്മാറ ഡിവിഷനിലെ തിരുവഴിയാട് സെക്ഷൻ വനം ജീവനക്കാരെ വിവരമറിയിച്ചതിന് തുടര്‍ന്ന് കഴിഞ്ഞദിവസം വൈകുന്നേരത്ത് രണ്ടു വാനം വാച്ചര്‍മാര്‍ സ്ഥലത്തെത്തി പടക്കം പൊട്ടിച്ച് മടങ്ങിയതല്ലാതെ ആനകളെ കാട്ടിലേക്ക് തുരത്താൻ മറ്റു ശ്രമങ്ങള്‍ ഒന്നും നടത്തിയില്ലെന്ന് പ്രദേശവാസികള്‍ പരാതി പറഞ്ഞു. കാട്ടാനക്കൂട്ടം തകര്‍ത്ത വൈദ്യുത വേലിയും വനം വകുപ്പ് പുനസ്ഥാപിച്ചിട്ടില്ല.
തൊട്ടടുത്ത് മുപ്പതോളം കുടുംബങ്ങള്‍ താമസിക്കുന്ന പൂഞ്ചേരി കോളനിയില്‍ കാട്ടാനക്കൂട്ടം എത്തും എന്ന ഭീതിയിലാണ് പ്രദേശവാസികള്‍.എംപി ഫണ്ടില്‍ നിന്ന് മാസങ്ങള്‍ക്ക് മുമ്ബ് ദ്രുത പ്രതിരോധ സേന ( ആര്‍ആര്‍ടി ) സേവനത്തിനായി പ്രത്യേക വാഹനം നെന്മാറ ഡിവിഷന് കൈമാറിയിട്ടും കാട്ടാനകളെ ഉള്‍ക്കാട്ടിലേയ്ക്ക് തുരത്താനുള്ള ശ്രമം വനം വകുപ്പ് ആരംഭിച്ചിട്ടില്ല.
പ്രാദേശിക വാച്ചര്‍മാരെ ഉപയോഗിച്ച് സന്ധ്യയ്ക്ക് മുമ്ബ് പടക്കം പൊട്ടിച്ച് പ്രദേശവാസികളെ സമാധാനിപ്പിക്കുന്നതല്ലാതെ ഫലവത്തായ നടപടികള്‍ വനംവകുപ്പിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് പൂഞ്ചേരി കോളനിയിലുള്ളവര്‍ പ്രതികരിച്ചു. പകല്‍സമയത്ത് പോലും മലയോരമേഖലയില്‍ നിന്ന് ആനകളുടെ ചിഹ്നം വിളി കേള്‍ക്കാറുണ്ടെന്നും പ്രദേശവാസിയായ മാണിക്യൻ പറഞ്ഞു.
തുടര്‍ച്ചയായ ദിവസങ്ങളിലെ കാട്ടാനയുടെ കൃഷിനാശം പ്രതിരോധിക്കാനായി വനം വകുപ്പുകാരുടെ സഹകരണം ഇല്ലാത്തതിനാല്‍ കര്‍ഷകര്‍ തന്നെ പടക്കം പൊട്ടിച്ച് കാവല്‍ ഇരിക്കുകയാണ് ഉണ്ടായത്.
എന്നാല്‍ കര്‍ഷകര്‍ രാത്രി 10 മണിയോടെ സ്ഥലത്തുനിന്ന് പിൻവാങ്ങിയതിനുശേഷമാണ് കാട്ടാനകള്‍ വീണ്ടും കൃഷി സ്ഥലങ്ങളില്‍ ഇറങ്ങി വിളകള്‍ നശിപ്പിച്ചത്. രാവിലെ സമീപത്തെ തോട്ടങ്ങളില്‍ ടാപ്പിംഗിനു പോയ തൊഴിലാളകള്‍ മൂന്ന് ആനകള്‍ കാട് കയറുന്നത് കണ്ടതായി പറഞ്ഞു.
കാട്ടാനകളെ തുരത്തുന്നതിന് വനം വകുപ്പ് ശാശ്വത നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിന് ഇറങ്ങുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
സമീപ പ്രദേശങ്ങളായ കല്‍ച്ചാടി, ഒലിപ്പാറ, നേര്‍ച്ചപ്പാറ, പ്രദേശങ്ങളിലും കഴിഞ്ഞയാഴ്ച കാട്ടാനകള്‍ കൃഷിനാശം വരുത്തിയിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx