വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ പന്നിയങ്കര ടോൾകേന്ദ്രത്തിൽ സൗജന്യമായി കടന്നുപോകുന്ന പ്രദേശവാസികളുടെ വാഹനങ്ങൾ കുറഞ്ഞു. സൗജന്യം അനുവദിക്കുന്നതിനുള്ള നിബന്ധനകൾ കടുപ്പിച്ചതോടെയാണിത്. മുമ്പ് പ്രതിദിനം ശരാശരി 2,300 വാഹനങ്ങൾ സൗജന്യമായി കടന്നുപോയിരുന്നത് ഇപ്പോൾ 1,700 ആയി. വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട്, പാണഞ്ചേരി തുടങ്ങിയ പഞ്ചായത്തുകൾക്കാണ് സൗജന്യം അനുവദിച്ചിട്ടുള്ളത്.
സൗജന്യം അനുവദിച്ചിട്ടുള്ള പഞ്ചായത്ത് പരിധിയിലാണ് താമസിക്കുന്നതെന്ന് തെളിയിക്കുന്ന ഏതെങ്കിലും രേഖ കാണിച്ചാൽ സൗജന്യം അനുവദിച്ചിരുന്നു. ഇത് ഒട്ടേറെപ്പേർ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ടോൾകമ്പനി അധികൃതർ കണ്ടെത്തിയതോടെ വാഹനങ്ങളുടെ ആർ.സി. ബുക്കിലെ വിലാസവും നിശ്ചിത പഞ്ചായത്ത് പരിധിയിലാകണമെന്ന നിബന്ധന കൊണ്ടുവന്നു.
ഈ മാസം 18 മുതൽ പരിശോധനയും ശക്തമാക്കി. നിബന്ധന കടുപ്പിച്ചതോടെ ടോൾകേന്ദ്രത്തിൽ സൗജന്യം അനുവദിക്കുന്നത് സംബന്ധിച്ച് വാക്കുതർക്കങ്ങളും പതിവായി. പ്രദേശവാസികളിൽ ചിലരുടെ വാഹനങ്ങളുടെ ആർ.സി. ബുക്ക് വിലാസം മറ്റു സംസ്ഥാനങ്ങളിലേതുൾപ്പെടെയുണ്ട്. പ്രദേശവാസി എന്നനിലയിൽ സൗജന്യം അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇതംഗീകരിക്കാൻ ടോൾകമ്പനി തയ്യാറാകാത്തതിനാൽ ഇരുകൂട്ടരും തമ്മിൽ തർക്കമാകും. നിബന്ധനകൾ ഓരോന്നായി കടുപ്പിച്ച് സൗജന്യം പൂർണമായി നിർത്താനാണ് ടോൾകമ്പനി ശ്രമിക്കുന്നതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq