ഗഗനയാന’ത്തിലേറുന്ന മലയാളി പ്രശാന്ത് ബി.നായര്‍; പാലക്കാട് നെന്മാറ സ്വദേശി

Share this News


രാജ്യം അഭിമാനത്തോടെ കാത്തിരിക്കുന്ന ഗഗന്‍യാന്‍ ദൗത്യസംഘത്തില്‍ ഇടംപിടിച്ച്‌ മലയാളിയും. പാലക്കാട് നെന്‍മാറ സ്വദേശിയായ ക്യാപ്റ്റന്‍ പ്രശാന്ത് ബി.നായരാണ് കേരളത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ മലയാളി.
‘സുഖോയ്’ യുദ്ധവിമാനത്തിന്റെ പൈലറ്റായ പ്രശാന്ത് വ്യോമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റനാണ്. ഗ്രൂപ്പ് ക്യാപ്റ്റന്‍മാരായ അജിത് കൃഷ്ണന്‍, അങ്കദ് പ്രതാപ്, വിങ് കമാന്‍ഡര്‍ ശുഭാന്‍ഷു ശുക്ല എന്നിവരാണ് ദൗത്യസംഘത്തിലെ മറ്റ് അംഗങ്ങള്‍.

നെന്മാറ സ്വദേശി വിളബില്‍ ബാലകൃഷ്ണന്റെയും കൂളങ്ങാട്ട് പ്രമീളയുടെയും മകനാണ് പ്രശാന്ത്. പാലക്കാട് അകത്തേത്തറ എന്‍എസ്‌എസ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയായിരിക്കെ നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ (എന്‍ഡിഎ) ചേര്‍ന്നു. ഇവിടെ പരിശീലനം പൂര്‍ത്തിയാക്കി 1999 ജൂണില്‍ വ്യോമസേനയുടെ ഭാഗമായി.

യുഎസ് എയര്‍ കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളജില്‍ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടി. 1998ല്‍ ഹൈദരാബാദ് വ്യോമസേനാ അക്കാദമിയില്‍നിന്ന് ‘സ്വോര്‍ഡ് ഓഫ് ഓണര്‍’ സ്വന്തമാക്കിയിട്ടുണ്ട്. ഗഗന്‍യാന്‍ ദൗത്യത്തിനു മുന്നോടിയായി തിരഞ്ഞെടുക്കപ്പെട്ട ടെസ്റ്റ് പൈലറ്റുമാര്‍ പ്രശാന്ത് ബി.നായരുടെ നേതൃത്വത്തില്‍ ഒന്നര വര്‍ഷം റഷ്യയില്‍ പരിശീലനം നടത്തിയിരുന്നു. ബെംഗളൂരുവിലെ ഹ്യൂമന്‍ സ്‌പേസ് സെന്ററിലും പരിശീലനം പൂര്‍ത്തിയാക്കി.

തിരുവനന്തപുരം വിഎസ്‌എസ്സിയില്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ദൗത്യത്തിനു തയാറെടുക്കുന്ന 4 ടെസ്റ്റ് പൈലറ്റുമാരുടെ പേരുകള്‍ പ്രഖ്യാപിച്ചത്. പേരുകള്‍ പ്രഖ്യാപിക്കുന്ന സമയത്ത് ഇവര്‍ വേദിയിലെത്തിയിരുന്നു. ഇവരെ പ്രധാനമന്ത്രി വിന്‍ ബാഡ്ജ് അണിയിച്ച്‌ അനുമോദിച്ചു. രാജ്യത്തിന്റെ സാഹസികതയും ധൈര്യവുമാണ് ഇവര്‍ പ്രതിനിധാനം ചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. ഈ നാലു പേരില്‍ 3 പേരാകും അടുത്ത വര്‍ഷം ബഹിരാകാശയാത്ര നടത്തുക.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq


Share this News
error: Content is protected !!