
കിഴക്കഞ്ചേരി കുണ്ടുക്കാട്- ഇളവംപാടം- ചിറ്റടി റോഡില്‍ മമ്പാട് പുഴപ്പാലം (പുന്നപ്പാടം കോസ്‌വേ)പുതുക്കിപ്പണിയുന്ന പ്രവൃത്തികള്‍ പുരോഗമിക്കുന്നു.
അടുത്ത മഴക്കാലത്തിനു മുന്നേ പുതിയപാലം ഗതാഗതത്തിനു തുറന്നുകൊടുക്കും. ഇരുഭാഗത്തേയും അപ്രോച്ച് റോഡുകളുടെ നിർമാണമാണ് ഇനി പ്രധാനമായും ശേഷിച്ചിട്ടുള്ളത്. ഇതിന്‍റെ പണികള്‍ നടന്നുവരികയാണ്.
പാലത്തിന്‍റെ മെയിൻ സ്ലാബുകളുടെ വർക്കുകള്‍ പൂർത്തിയായിട്ടുണ്ട്. മംഗലംഡാം, പാലക്കുഴി വെള്ളച്ചാട്ടം എന്നിവിടങ്ങളില്‍ നിന്നുള്ള വെള്ളമാണ് ഈ പുഴയിലൂടെ ഒഴുകുക.
വീതി കുറഞ്ഞതും ഉയരക്കുറവുമുള്ള പാലം പൂർണമായും പൊളിച്ചു നീക്കിയാണ് ഉയരം കൂട്ടി 11 മീറ്റർ വീതിയില്‍ പുതിയപാലം നിർമിച്ചിട്ടുള്ളത്. പഴയ പാലത്തിനേക്കാള്‍ നാലുമീറ്റർ ഉയരമുണ്ട് പുതിയ പാലത്തിന്.
കെ.ഡി. പ്രസേനൻ എംഎല്‍എയുടെ ശ്രമഫലമായി കിഫ്ബിയില്‍ നിന്നും ആറരക്കോടി രൂപയാണ് പാലം നിർമാണത്തിനായി അനുവദിച്ചിട്ടുള്ളത്. 2022 മേയ് 10 ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് പാലത്തിന്‍റെ നിർമാണോദ്ഘാടനം നിർവഹിച്ചത്. 18 മാസമായിരുന്നു നിർമാണ കാലാവധി. നിർമാണത്തിനിടെ പാലത്തിന്‍റെ ഒരു പില്ലർ തകർന്നുവീണ സംഭവമുണ്ടായിരുന്നു. മലപ്പുറത്തെ എബിഎം ഫോർ കണ്‍സ്ട്രക്ഷൻ കമ്ബനിയാണ് കരാറെടുത്തിട്ടുള്ളത്.
മഴക്കാലങ്ങളില്‍ പാലംമുങ്ങി കിഴക്കഞ്ചേരി- രണ്ട് വില്ലേജിലെ പുന്നപ്പാടം, തച്ചക്കോട്, ഇളവംപാടം, കണിയമംഗലം പ്രദേശത്തുള്ളവർ പല ദിവസങ്ങളിലും ഒറ്റപ്പെടുന്നത് പതിവാണ്.
പാലം നിർമിക്കാനായി ഒന്നര വർഷത്തിലേറെയായി ബസുള്‍പ്പെടെയുള്ള വാഹനങ്ങള്‍ സെന്‍റ് ഫ്രാൻസിസ് സ്കൂള്‍, പാളയം വഴി തിരിച്ചുവിടുന്നതിനാല്‍ നാട്ടുകാർക്ക് ഏറെ യാത്രാക്ലേശമുണ്ട്.
എങ്കിലും പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ മനോഹരമായ പുതിയ പാലം യഥാർഥ്യമാകുന്നതിന്‍റെ ആശ്വാസത്തിലാണ് നാട്ടുകാരെല്ലാം. ശേഷിച്ച പണികള്‍ വേഗത്തിലാക്കണമെന്ന ആവശ്യവും ശക്തമാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq
