കശുവണ്ടി വിളവെടുപ്പ് ആരംഭിച്ചു, ക്ഷുദ്രജീവികളും വിലയിടിവും  പ്രതിസന്ധി സൃഷ്ടിക്കുന്നു.

Share this News

കശുവണ്ടി വിളവെടുപ്പ് സജീവം, മലയോര മേഖലകളിലെ റബ്ബർ തോട്ടങ്ങളോട് ചേർന്നും  വീട്ടുവളപ്പുകളിലും വളരുന്ന കശുവണ്ടി മരങ്ങളിലാണ്  വിളവെടുപ്പു  സീസണായത്. പഴങ്ങൾ പഴുത്തു തുടങ്ങിയതോടെ വവ്വാൽ, മലയണ്ണാൻ, കുരങ്ങ്, വെരുക്,  തുടങ്ങിയ ജീവികളുടെ ശല്യവും കശുമാവുകളിൽ എത്തിത്തുടങ്ങി, രാത്രികാലങ്ങളിൽ എത്തുന്ന വവ്വാലുകളും വെരുക്  തുടങ്ങിയവ കശുമാമ്പഴത്തോടൊപ്പം കശുവണ്ടിയും കൊണ്ടുപോയി വിവിധ സ്ഥലങ്ങളിൽ നിക്ഷേപിക്കുന്നതിനാൽ വിളനഷ്ടവും വ്യാപകമായി ഉണ്ടാകുന്നു. പകൽ സമയത്ത് മലയണ്ണാൻ കുരങ്ങ് എന്നിവ പഴങ്ങൾ ഭക്ഷിക്കുന്നതോടൊപ്പം മൂപ്പ് എത്തുന്നതിനു മുമ്പുള്ള കശുവണ്ടിയും തിന്നു നശിപ്പിക്കുന്നു. കാര്യമായ ശുശ്രൂഷയോ വളപ്രയോഗമൊ ഇല്ലാതെ  കർഷകർക്ക് കിട്ടുന്ന അധിക ആദായമായിരുന്നു കശുവണ്ടി. വിള നശിപ്പിക്കാനുള്ള ജീവികളുടെ എണ്ണം വർദ്ധിച്ചതോടെ ആദായവും കുറഞ്ഞതായി മലയോരമേഖലയിലെ കർഷകർ പറഞ്ഞു.

ഫെബ്രുവരി മുതൽ വിളവെടുപ്പ്  സീസൺ ആരംഭിച്ചതോടെ വിപണിയിൽ 124 രൂപ വിലയുണ്ടായിരുന്നത് ഇപ്പോൾ 98 രൂപയായി കുറഞ്ഞു. വിളവെടുപ്പ് സജീവമാകുന്നതോടെ ഇനിയും വില കുറയുമെന്ന്  മലഞ്ചരക്ക് വ്യാപാരികൾ പറയുന്നു. വേനൽ മഴപെയ്താൽ കശുവണ്ടിയുടെ നിറം കുറഞ്ഞാൽ വില കുത്തനെ കുറയ്ക്കുക പതിവാണ്. മഴ തട്ടിയാൽ കശുവണ്ടിയുടെ തോടിന് മാത്രമേ നിറം കുറയുകയുള്ളൂ. എങ്കിലും കശുവണ്ടി പരിപ്പിന്റെ ഗുണനിലവാരത്തിന് മാറ്റം ഉണ്ടാകില്ലെങ്കിലും വില കുറയ്ക്കുക എന്നത് വ്യാപാരികളുടെ തന്ത്രമാണെന്ന്കർഷകർ പരാതിപ്പെട്ടു.  കശുവണ്ടി ഫാക്ടറികൾക്ക്  ഉയർന്ന വിലയിൽ വിദേശത്തുനിന്ന് തോട്ടണ്ടി ഇറക്കുമതി ചെയ്യുന്ന സീസണിലാണ് മലഞ്ചരക്ക് വ്യാപാരികൾ സംഘടിതമായി വില കുറയ്ക്കുന്നത്.

സീസൺ ആയതോടെ വ്യാപകമായി ലഭിക്കുന്ന കശുമാമ്പഴത്തിന് ഉപയോഗമില്ലാതെ കന്നുകാലികൾക്ക് തീറ്റയായി നൽകുകയാണ് കർഷകർ ചെയ്യുന്നത്. സർക്കാർതലത്തിൽ കശുമാമ്പഴം സംസ്കരിച്ച് സ്ക്വാഷ്, ജെല്ലി, ജാം, അച്ചാർ  തുടങ്ങിയ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കാനുള്ള സംവിധാനവും ഉണ്ടാവണമെന്ന്  കശുമാവ് കർഷകർ ആവശ്യപ്പെട്ടു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/FVdWBsThL3C1b0rAU59Sge


Share this News
error: Content is protected !!