

നെല്ലിയാമ്പതിയിലും ചൂട് കൂടുന്നു. തണുപ്പു കൂടിയ വിനോദസഞ്ചാര മേഖല എന്ന ഖ്യാതി നേടിയ നെല്ലിയാമ്പതിയിലും ചൂട് കൂടുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. പുലിയമ്പാറയിലും, കാരപ്പാറയിലും കഴിഞ്ഞവർഷം മാർച്ച് 19ന് കൂടിയ ചൂട് 31 ഡിഗ്രി രേഖപ്പെടുത്തിയ സ്ഥാനത്ത് ഇന്ന് 34 ഡിഗ്രി രേഖപ്പെടുത്തി. കുറഞ്ഞ ചൂട് 20 ഡിഗ്രിയും രേഖപ്പെടുത്തിയതോടെ നെല്ലിയാമ്പതിയിലെയും കാലാവസ്ഥാ മാറ്റം പാലക്കാട്ടിന് സമാനമായി മാറുന്നു. നിത്യഹരിത വനമേഖലകൾ ഒഴികെ ഇലകൊഴിയും വനമേഖലകളിലെ മരങ്ങളെല്ലാം ഇലപൊഴിച്ചു തുടങ്ങിയതോടെ പാറക്കൂട്ടങ്ങളും മണ്ണും ചൂട് പിടിച്ചതാണ് നെല്ലിയാമ്പതിയിലെ ചൂട് കൂടാൻ കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം ചൂടുകൂടിയ താഴ്വാരങ്ങളിലെ കാറ്റ് പ്രതിരോധിക്കാനുള്ള സസ്യജാലങ്ങൾ കുറഞ്ഞതോടെ തോട്ടം മേഖലയിലേക്ക് താഴെ നിന്നുള്ള വരണ്ട കാറ്റ് എത്തിത്തുടങ്ങിയതായി മേഖലയുള്ളവർ ചൂണ്ടിക്കാട്ടുന്നു. അർദ്ധരാത്രി മുതൽ രാവിലെ വരെ നേരിയ തോതിൽ മഞ്ഞും തണുപ്പും അനുഭവപ്പെടുന്നുണ്ട്. പകൽ സമയത്ത് കാറ്റ് ഇല്ലാതായതോടെയാണ് ചൂട് കൂടിയത്. പുലയമ്പാറ, നൂറടി പ്രദേശങ്ങളിൽ നല്ല ചൂട് അനുഭവപ്പെട്ടു തുടങ്ങി. നൂറടി, കാരപ്പാറ പുഴകളിലെ നീരൊഴുക്ക് നിലച്ച് വെള്ളം വറ്റിയതോടെ വന്യമൃഗങ്ങൾ എസ്റ്റേറ്റു കളിലെയും മറ്റും ചെക്ക് ഡാമുകൾക്ക് സമീപവും പറമ്പിക്കുളം മേഖല, പോത്തുണ്ടി ഡാം പ്രദേശങ്ങളിലേക്കും നീങ്ങിത്തുടങ്ങി. ഏതാനും വർഷങ്ങൾക്കു മുമ്പ് വരെ നെല്ലിയാമ്പതിയിലെ റിസോർട്ടുകളിലും, വീടുകളിലും, കടകളിലും ഫാൻ ഉപയോഗിക്കാതിരുന്ന സ്ഥിതി മാറി. എല്ലായിടത്തും ഫാനുകൾ സ്ഥാപിച്ചു തുടങ്ങി. സഫാരി സർവീസ് നടത്തുന്ന ആനമട ഭാഗത്തെ പുൽമേടുകളും ഉണങ്ങി. ഹരിതാഭമായ കുന്നിൻ ചെരുവ് ഇല്ലാതായി. നിത്യഹരിത വനങ്ങളോട് ചേർന്ന് പ്രദേശങ്ങൾ മാത്രമാണ് പച്ചനിറം നിലനിൽക്കുന്നത്. വേനൽ മഴ ലഭ്യമായാൽ ആഴ്ചകൾക്കുള്ളിൽ തന്നെ നെല്ലിയാമ്പതിയുടെ പച്ചപ്പ് വീണ്ടെടുക്കും. വേനൽ മഴയില്ലാതെ രണ്ടുമാസത്തോളം ആയതോടെയാണ് നെല്ലിയാമ്പതിയുടെ ചൂട് കൂടിയതും ഇലപൊഴിയും കാടുകളിലെ മരങ്ങൾ ഇലകൾ പൊഴിച്ചതും. വേനൽ മഴ വൈകിയാൽ വരും ദിവസങ്ങളിൽ ഇനിയും ചൂട് കൂടുമെന്ന് മേഖലയിലെ തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. ചൂട് കൂടിയതും പരീക്ഷാക്കാലമായതിനാലും രണ്ടാഴ്ചയായി നെല്ലിയാമ്പതിയിലേക്കുള്ള വിനോദസഞ്ചാരികളുടെ തിരക്ക് കുറഞ്ഞിട്ടുണ്ടെന്ന് സഫാരി ജീപ്പ് സർവീസുകാർ പറഞ്ഞു.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/FVdWBsThL3C1b0rAU59Sge

