

വീട്ടിൽ മിനി ബാർ മാതൃകയിൽ
വിദേശ മദ്യവിൽപ്പന നടത്തിവന്നിരുന്ന സ്ത്രീയെ ചിറ്റൂർ എക്‌സ്‌സൈസ് റേഞ്ച് ഓഫീസറും സംഘവും പിടികൂടി.പട്ടഞ്ചേരി വില്ലേജിലെ വണ്ടിത്താവളം പാറമേട്ടിൽ പരേതനായ ഹരിദാസിന്റെ ഭാര്യ ദേവി(51) നെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നിട് കോടതിയിൽ ഹാജരാക്കി.
വീടിൻ്റെ പുറകിൽ ഷിറ്റിട്ട ഹാൾ മാതൃകയിലുള്ള ഇടത്താണ് മിനി ബാർ പ്രവർത്തിച്ചിരുന്നത്.
വീട്ടിലെ മോട്ടോർ ഷെഡ്ഡിൽ സൂക്ഷിച്ച അഞ്ചു ലിറ്റർ വിദേശമദ്യവും പിടിച്ചെടുത്തു. അനധികൃത മദ്യവിൽപ്പന സംബന്ധിച്ച് നാട്ടുകാർ പലതവണ പരാതി നൽകിയിട്ടും ചിറ്റൂരിലെ എക്‌സ്‌സൈസ് ഉദ്യോഗസ്ഥർ നടപടിയെടുക്കാൻ തയാറായില്ല എന്ന് പ്രദേശവാസികൾ പറഞ്ഞു. തുടർന്ന് നാട്ടുകാർ മേലാധികരികൾക്ക് പരാതി നൽകുയായിരുന്നു. ചൊവ്വാഴ്ച രാവിലെ പാലക്കാട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുടെ നിർദ്ദേശത്തെ തുടർന്ന് ചിറ്റൂർ റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർമാരായ പി.അനീഷ് മോഹനൻ,കെ.മണികണ്ഠൻ.എന്നിവരുടെ നേതൃത്വത്തിലാണ് മദ്യവിൽപ്പന കേന്ദ്രത്തിൽ റെയിഡ് നടത്തിയത്. ദേവിയുടെ ഭർത്താവ് ഹരിദാസിനെതിരെ അനധികൃത മദ്യവിൽപ്പനയ്ക്കും മദ്യം സൂക്ഷിച്ചതിനും നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
മദ്യവിൽപ്പന കേന്ദ്രത്തിൽ പോലീസ് – എക്‌സൈസ് ഉദ്യോഗസ്ഥർ വരുന്നത് അറിയാൻ കേന്ദ്രത്തിന് ചുറ്റും നിരീക്ഷിക്കാൻ നിരവധി പേരെ ഇവർ നിയോഗിച്ചിട്ടുണ്ട്. അതുമാത്രമല്ല ഇവിടെ വിൽക്കുന്നത് വീര്യം കൂടിയ മദ്യമാണ്. കഴിക്കാൻ വരുന്നതിൽ നിരവധി വിദ്യാർത്ഥികൾ വരെയുണ്ട്. ഇവർ എക്സൈസ് പോലീസ് വകുപ്പിലെ ചില ഉദ്യോഗസ്ഥർക്ക് മാസപ്പടി നൽകുന്നത് കൊണ്ടാണ് ഇവർ ഇവിടെ ഇത്തരത്തിൽ മദ്യവിൽപ്പന നടത്തിയിട്ടും നാളിതുവരെ ഇവർക്കെതിരെ നടപടിയെടുക്കാൻ തയ്യാറാകത്തത് എന്നാണ് നാട്ടുകാരുടെ വ്യാപക പരാതി.
പെരുമാട്ടി,പട്ടഞ്ചേരി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലെ പത്തോളം സ്ഥലങ്ങളിൽ വീടുകൾ കേന്ദ്രീകരിച്ചു് വിദേശ മദ്യവും, വ്യാജകള്ളും വിൽപ്പന നടത്തി വരുന്നതായും പരാതിയുയർന്നിട്ടുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/FVdWBsThL3C1b0rAU59Sge

