കപ്പിനും ചുണ്ടിനുമിടയിലെത്തി നഷ്ടപ്പെട്ടു, വടക്കഞ്ചേരി ഫയർസ്റ്റേഷന് സ്വന്തം സ്ഥലവും കെട്ടിടവും എന്ന സ്വപ്നം

Share this News

രണ്ടര പതിറ്റാണ്ടിലേറെയായി വാടക കെട്ടിടത്തില്‍ പ്രവർത്തിച്ചുവരുന്ന വടക്കഞ്ചേരി ഫയർ സ്റ്റേഷന് സ്വന്തമായി സ്ഥലവും കെട്ടിടവും എന്ന സ്വപ്നം ഇനിയും യാഥാർഥ്യമായില്ല. വടക്കഞ്ചേരിയില്‍ കെഎസ്‌ആർടിസി ഡിപ്പോ കോമ്പൗണ്ടില്‍ സ്ഥലം അനുവദിക്കാനുള്ള നടപടികള്‍ അവസാന റൗണ്ടിലെത്തിയിരുന്നെങ്കിലും ഒടുവില്‍ എല്ലാം കൈവിടുകയായിരുന്നു.

ജില്ലയിലെ പ്രധാന വർക്ക്ഷോപ്പായി വടക്കഞ്ചേരി ഡിപ്പോയെ മാറ്റാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കിയതിനാല്‍ ഫയർസ്റ്റേഷന് ഇനി സ്ഥലം വിട്ടു നല്‍കാനാവില്ലെന്ന നിലപാടാണ് കെഎസ്‌ആർടിസി അധികൃതർ സ്വീകരിച്ചത്.

ഇതേ തുടർന്ന് കപ്പിനും ചുണ്ടിനുമിടയിലെത്തിയ ഫയർസ്റ്റേഷന് സ്വന്തം സ്ഥലവും കെട്ടിടവും എന്ന സ്വപ്നം സ്വപ്നമായി തന്നെ നിലനില്‍ക്കാൻ കാരണമായി. ഏറെ വർഷങ്ങള്‍ നീണ്ട നടപടികളും കത്തിടപാടുകളും വകുപ്പുകള്‍ തമ്മിലുള്ള സംയോജനവുമായി ഫയർ സ്റ്റേഷന് സ്ഥലം ഉറപ്പായ ഘട്ടത്തിലായിരുന്നു. കെഎസ്‌ആർടിസി കോമ്പൗണ്ടില്‍ നിന്നും 40 സെന്‍റ് സ്ഥലം ഫയർ സ്റ്റേഷന് വിട്ടു നല്‍കാനായിരുന്നു വിവിധ വകുപ്പുകളുടെ കൂടിയാലോചനയില്‍ തീരുമാനിച്ചിരുന്നത്.

ഇതിലേക്ക് സമീപത്തുള്ള കെഎസ്‌ഇബി കോമ്പൗണ്ടിലൂടെ വഴിയും അളന്ന് തിട്ടപ്പെടുത്തി അതിർ രേഖകളും സ്ഥാപിച്ചു. സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് ഫയർ സ്റ്റേഷന് കെട്ടിടം നിർമിക്കാനുള്ള ഫണ്ടും അനുവദിച്ചു. പക്ഷെ എല്ലാം ജലരേഖയായി മാറി. 25 വർഷം മുൻപാണ് ദേശീയ പാതയില്‍ നിന്നും ഒരു കിലോമീറ്റർ ഉള്ളിലേക്ക് മാറി അഞ്ചുമൂർത്തിമംഗലം ഗാന്ധി സ്മാരക സ്കൂള്‍ റോഡില്‍ പഴയ തീപ്പെട്ടി കമ്പനിയില്‍ വടക്കഞ്ചേരി ഫയർ സ്റ്റേഷൻ തുടങ്ങിയത്.

ആറുമാസംകൊണ്ട് സ്ഥലം കണ്ടെത്തി കെട്ടിടം നിർമിക്കുമെന്ന ഉറപ്പിലായിരുന്നു തുടക്കം. ഇതിനിടെ പല എംഎല്‍എമാർ മാറി മാറി വന്നു. സ്ഥലം എംഎല്‍എയായ എ.കെ. ബാലൻ മന്ത്രിയായ സാഹചര്യവുമുണ്ടായി. എന്നാല്‍ ഫയർ സ്റ്റേഷന് സ്വന്തം സ്ഥലം എന്ന ലക്ഷ്യം നിറവേറ്റാൻ കഴിഞ്ഞില്ല.

ഏതുസമയവും ദുരന്തം സംഭവിക്കുമെന്ന ഭീതിയിലാണ് തകർന്നു വീഴാറായ പഴയ കെട്ടിടത്തില്‍ ഫയർ ജീവനക്കാർ ഇപ്പോള്‍ കഴിയുന്നത്. മഴക്കാലമെല്ലാം ഭീതിയോടെ കഴിയണം. ഈ മഴക്കാലത്തും ഇതിന് മാറ്റമുണ്ടാകില്ല. 30 സെന്‍റ് സ്ഥലമെങ്കിലും ടൗണിനോട് ചേർന്ന് ഫയർസ്റ്റേഷന് കണ്ടെത്തേണ്ടതുണ്ട്. ഇതിനായി ഭരണത്തിന്‍റെ ചുമതലക്കാർ ഇടപെടണം. ഇനി കണ്ണമ്പ്രയില്‍ വരുന്ന വ്യവസായ പാർക്കിലാണ് ഫയർസ്റ്റേഷൻ അധികൃതരുടെ പ്രതീക്ഷ. ഇവിടെ 50 സെന്‍റ് സ്ഥലത്തിനായി ഫയർ വകുപ്പ് അധികൃതർ അപേക്ഷ നല്‍കിയിട്ടുണ്ട്.

സ്ഥലം കിട്ടുമെന്നാണ് കരുതുന്നത്. വ്യവസായ പാർക്കില്‍ അഗ്നിശമന സേന ആവശ്യമായതിനാല്‍ വടക്കഞ്ചേരി ഫയർസ്റ്റേഷൻ കണ്ണമ്പ്രയിലേക്ക് മാറാനുള്ള സാധ്യതയാണ് തെളിയുന്നത്. 2016ല്‍ സ്ഥലം ഏറ്റെടുക്കല്‍ നടപടി തുടങ്ങിയ വ്യവസായ പാർക്കിന്‍റെ സ്ഥിതിയും ആശാവഹമല്ല. എട്ടു വർഷത്തോളമായി പ്രദേശം മുഴുവൻ കാടുപിടിച്ചു കിടക്കുകയാണ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/FVdWBsThL3C1b0rAU59Sge


Share this News
error: Content is protected !!