ചൂടിനു പിന്നാലെ ചാറ്റല്‍ മഴപെയ്താല്‍ മംഗലം- ഗോവിന്ദാപുരം സംസ്ഥാന പാത കരിപ്പാലി ഭാഗത്ത് റോഡിന്‍റെ സ്വഭാവം മാറും.സുഗമമായ റോഡ് പിന്നെ അപകടകാരിയാകും. വിദഗ്ധ ഡ്രൈവറായാലും കരിപ്പാലി കടക്കാൻ എല്ലാ ദൈവങ്ങളെയും ഒന്നിച്ചു വിളിക്കണം. റോഡ് റീടാറിംഗ് നടത്തിയതിനുശേഷമാണ് വാഹനങ്ങള്‍ നിയന്ത്രണംവിട്ട് അപകടങ്ങളില്‍പ്പെടുന്ന സ്ഥിതിയുണ്ടായത്. ഇനിയുള്ള ദിവസങ്ങളില്‍ ശ്രദ്ധിക്കണം. വേനല്‍ മഴയുണ്ട്.
ചാറ്റല്‍ മഴയാണ് ഏറെ അപകടകാരി. ഇവിടെ എത്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു എന്നു കണക്കുവയ്ക്കാൻപോലും കഴിയാത്ത വിധം അത്രയേറെ അപകടങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്.
വേനല്‍മഴ ഇല്ലാതിരുന്നതിനാല്‍ കഴിഞ്ഞ മാസങ്ങളില്‍ അപകടങ്ങളും കുറവായിരുന്നു. സ്വകാര്യബസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞായിരുന്നു വലിയ അപകടം.
ഇതേതുടർന്ന് അപകടപരമ്ബര തന്നെ ഇവിടെ അരങ്ങേറി.റോഡില്‍ മഴ വീണാല്‍ പാതയോരത്തെ വീട്ടുകാരും ഭീതിയിലാകും. നിയന്ത്രണം വിട്ട് വാഹനങ്ങള്‍ പാഞ്ഞ് വരുമോ എന്ന പേടിയിലാണ് വീട്ടുകാരെല്ലാം. വാഹനങ്ങള്‍ ഇടിച്ചു തകർത്ത് ഇവിടുത്തെ വൈദ്യുതി പോസ്റ്റുകളെല്ലാം പുതിയതാണിപ്പോള്‍. പത്ത് വൈദ്യുതി പോസ്റ്റെങ്കിലും മാറ്റിയിട്ടുണ്ടാകുമെന്നാണ് പറയുന്നത്. കരിപ്പാലി പാലത്തിനു സമീപം അപകട മുനമ്പാണ്.
ഇവിടുത്തെ ചെറിയ വളവാണ് മറ്റൊരു അപകട കുരുക്ക്. മുടപ്പല്ലൂർ ഉറക്കത്തിലുള്ള കരിപ്പാലി വർക്ക്ഷോപ്പ് വളവിലും അപകടങ്ങള്‍ ഉണ്ടാകുന്നുണ്ട്.
ഇവിടെ 250 മീറ്ററോളം ദൂരത്തിലാണ് അപകടങ്ങള്‍ എല്ലാം സംഭവിക്കുന്നത്.
ചെറിയ ചാറ്റല്‍ മഴ പെയ്താല്‍ മതി ആദ്യം വരുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടുമെന്ന് ഉറപ്പാണ്.
കരിപ്പാലി പാലത്തിനടുത്തെ വളവും വർക്ക്ഷോപ്പിനടുത്തെ വളവുമാണ് പ്രധാന വില്ലന്മാർ.
വേഗത കൂടുതലും വാഹനത്തിന്‍റെ ടയറുകള്‍ തേയ്മാനം ഉള്ളതുമാണെങ്കില്‍ വലിയ ദുരന്തം തന്നെ ഇവിടെ സംഭവിക്കും.
ഇതിനാല്‍ വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കണമെന്നാണ് അധികൃതർക്കും പറയാനുള്ളത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx