കരാറൊപ്പിട്ട് രണ്ടുമാസം പിന്നിടുമ്പോഴും വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിൽ വാണിയമ്പാറ അടിപ്പാത നിർമാണം തുടങ്ങാൻ വൈകുന്നു. വാളയാർ-ഇടപ്പള്ളി ദേശീയപാതയിൽ നിർമിക്കാൻ തീരുമാനിച്ച 11 അടിപ്പാതകളിൽ വലുതാണ് വാണിയമ്പാറയിലേത്.
രണ്ടുകിലോമീറ്ററോളമാണ് വാണിയമ്പാറയിൽ അടിപ്പാത നിർമാണത്തിൻ്റെ ഭാഗമായി മണ്ണിട്ടുയർത്തേണ്ടത്. 18 മാസംകൊണ്ട് ജോലികൾ പൂർത്തിയാക്കണമെന്നാണ് കരാറെങ്കിലും ഇതിനുള്ളിൽ തീരുമോ എന്നതിൽ ആശങ്കയുയർന്നിട്ടുണ്ട്. ഫെബ്രുവരി 29-ന് ഒപ്പിട്ട കരാർപ്രകാരം ഒരുമാസത്തിനുള്ളിൽ ജോലികൾ തുടങ്ങണമെന്നാണ് വ്യവസ്ഥ.
അതേസമയം, 11 അടിപ്പാതകളിലുൾപ്പെട്ട ആലത്തൂരിൽ ജോലികൾ തുടങ്ങിയിട്ടുണ്ട്. കണ്ണമ്പ്രയിൽ നിന്നുള്ള പാത വാണിയമ്പാറയിലാണ് ദേശീയപാതയിലേക്ക് പ്രവേശിക്കുന്നത്. ഒറ്റപ്പാലം-കണ്ണമ്പ്ര-തൃശ്ശൂർ റൂട്ടിലോടുന്ന ബസുകളും ഇതുവഴിയാണ് വരുന്നത്. റോഡ് പ്രവേശിക്കുന്ന ഭാഗത്ത് സർവീസ് റോഡോ മറ്റ് സുരക്ഷാക്രമീകരണങ്ങളോ ഇല്ല. ഇവിടെ നടന്ന വിവിധ അപകടങ്ങളിലായി ഒമ്പതുപേർ മരിച്ചിട്ടുണ്ട്. ഇതേത്തുടർന്നാണ് അടിപ്പാത നിർമിക്കാൻ തീരുമാനിച്ചത്.
വാളയാർ- ഇടപ്പള്ളി ദേശീയപാതയിൽ പലഭാഗങ്ങളായി തിരിച്ചാണ് അടിപ്പാതകളുടെ നിർമാണം നടക്കുന്നതെന്നതെന്നും വടക്കഞ്ചേരി- മണ്ണുത്തി ഭാഗത്ത് ഉടൻ ജോലികൾ തുടങ്ങുമെന്നും ദേശീയപാതാ അതോറിറ്റി അധികൃതർ പറഞ്ഞു.
മണ്ണെടുക്കുന്നതിനുള്ള പ്രതിസന്ധി അടിപ്പാതകളുടെ നിർമാണത്തെ ബാധിക്കുമോ എന്ന ആശങ്കയുയർന്നിട്ടുണ്ട്. അടിപ്പാത നിർമാണത്തിനായി റോഡുനിരപ്പുയർത്താൻ വൻതോതിൽ മണ്ണ് വേണം. സുപ്രീംകോടതി വിധിപ്രകാരം മണ്ണെടുക്കുന്നതിന് പാരിസ്ഥിതാകാനുമതി വേണം. വലിയതോതിലുള്ള മണ്ണെടുപ്പിന് പാരിസ്ഥിതികാനുമതി ലഭിക്കില്ല. സുപ്രീംകോടതി വിധിക്കെതിരേ ദേശീയപാതാ അതോറിറ്റി അപ്പീൽ നൽകിയിട്ടുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx