മുടപ്പല്ലൂർ ടൗണിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. വർഷങ്ങളായി ടൗണില്‍ വെള്ളക്കെട്ട് തുടരുകയാണ്. മാനത്ത് മഴമേഘങ്ങള്‍ ഉരുണ്ടുകൂടിയാല്‍ ടൗണിലെ കടകളെല്ലാം അടയ്ക്കേണ്ട സ്ഥിതിയാണിപ്പോള്‍.
കടകളില്‍ വെള്ളം കയറി ഓരോ മഴ സീസണിലും വലിയ നാശ നഷ്ടമാണ് കച്ചവടക്കാർക്കുണ്ടാകുന്നതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എ. പ്രകാശൻ പറഞ്ഞു.
ബന്ധപ്പെട്ട അധികാരികള്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണം. അതല്ലെങ്കില്‍ സമരപരിപാടികളല്ലാതെ മറ്റു മാർഗങ്ങള്‍ തങ്ങള്‍ക്കു മുന്നിലില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു. വെള്ളക്കെട്ട് സംബന്ധിച്ച് നിരവധി തവണ പരാതികളും കൂടിക്കാഴ്ചകളും നടത്തിയിട്ടും പ്രശ്ന പരിഹാരം നീളുകയാണ്.
വെള്ളം സുഗമമായി ഒഴുകിപ്പോകാൻ താഴേക്ക് വഴിയൊരുക്കണമെന്നത് മനസിലാക്കാൻ വലിയ അക്കാദമിക് യോഗ്യതയൊന്നും വേണ്ട.
എന്നാല്‍ പൊതുമരാമത്ത് വകുപ്പിലെ എൻജിനീയർമാരുടെ പടയെത്തി പലതവണ തിരിച്ചും മറിച്ചും പഠനം നടത്തിയാണ് വെള്ളക്കെട്ട് പരിഹരിക്കാൻ രണ്ട് ഘട്ടങ്ങളിലായി അരക്കോടി രൂപ ചെലവഴിച്ച് സംസ്ഥാന പാതക്ക് കുറുകെ കള്‍വർട്ടും ഡ്രെയിനേജും നിർമിച്ചത്.
എന്നാല്‍ നാട്ടിലും വിദേശ രാജ്യങ്ങളിലുമെല്ലാം വെള്ളം താഴേക്ക് മാത്രമെ ഒഴുകാറുള്ളു എന്ന തിരിച്ചറിവ് വിദഗ്ദ്ധ സംഘത്തിനുണ്ടായില്ല. വെള്ളം താഴേക്ക് ഉഴുക്കാൻ വലിയ പൈപ്പ് സ്ഥാപിക്കുകയോ ഡ്രെയിനേജ് താഴ്ത്തി നിർമിച്ച് സമീപത്തെ പുഴയുമായി ബന്ധിപ്പിക്കുകയോ ചെയ്തില്ല.
ഇതിനാല്‍ മഴപെയ്താല്‍ കള്‍വർട്ടും പരിസരവും വെള്ളത്തില്‍ മുങ്ങും. മംഗലം – ഗോവിന്ദാപുരം സംസ്ഥാനപാത കടന്നു പോകുന്ന മുടപ്പല്ലൂർ ടൗണിലെ വെള്ളക്കെട്ട് വാഹന യാത്രക്കാരും അപകടങ്ങളില്‍പ്പെടാൻ കാരണമാകുന്നുണ്ട്.
വലിയ വാഹനങ്ങള്‍ കടന്നു പോകുമ്ബോള്‍ ഓളം വെട്ടി കൂടുതല്‍ വെള്ളം കടകളില്‍ കയറും. നേരത്തെ പല പറമ്ബുകളിലൂടെയാണ് ടൗണിലെ വെള്ളം ഒഴുകിയിരുന്നത്. ഇവിടെയെല്ലാം മതിലുകളും കെട്ടിടങ്ങളും ഉയർന്നതോടെ വെള്ളത്തിന് പോകാനുള്ള വഴികളടഞ്ഞു.
വേനല്‍ മഴയില്‍ തന്നെ കടകളിലേക്ക് വെള്ളം കയറി വലിയ നാശനഷ്ടമാണ് ഉണ്ടാകുന്നത്. കടകള്‍ അടച്ചാലും ഷട്ടറുകള്‍ക്കിടയിലൂടെയും പലകകള്ക്കിടക്കും വെള്ളം കയറി സാധനങ്ങള്‍ നനഞ്ഞ് കുതിരും.
ചെളി കയറി എവിടേയും ചവിട്ടാൻ കഴിയില്ല. ഇനി തോരാത്ത മഴക്കാലം വരുന്നതോടെ മുടപ്പല്ലൂർ ടൗണ്‍ പൂർണമായും മുങ്ങുന്ന സ്ഥിതിയാകുമെന്ന് വ്യാപാരികള്‍ പറയുന്നു. ഡ്രെയിനേജിലെ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യല്‍ മഴയ്ക്കു മുമ്ബ് നടത്തിയിട്ടില്ല. വെള്ളക്കെട്ടിന്റെ ആഘാതം കൂട്ടാൻ ഇതും കാരണമായിട്ടുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx