ജലജീവന്‍ മിഷന്‍ പ്രവൃത്തികള്‍ക്കായി പൊളിച്ച ജില്ലയിലെ പി.ഡബ്ല്യു.ഡി റോഡുകളുടെ പുനഃസ്ഥാപന പ്രവൃത്തികള്‍ പി.ഡബ്ല്യു.ഡി, ജല അതോറിറ്റി വകുപ്പുകള്‍ സംയുക്തമായി പൂര്‍ത്തീകരിക്കാന്‍ ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്ര നിര്‍ദേശം നല്‍കി. ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദ്ദേശം. പ്രസ്തുത വിഷയത്തില്‍ മണ്ഡലാടിസ്ഥാനത്തില്‍ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ യോഗം ചേരും. എം.എല്‍.എമാരായ കെ.ബാബു, പി.മമ്മിക്കുട്ടി, അഡ്വ.കെ.പ്രേംകുമാര്‍, മുഹമ്മദ് മുഹ്‌സിന്‍ എന്നിവര്‍ ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് നിര്‍ദേശം.
പാതയോരങ്ങളിലും സ്‌ക്കൂള്‍ പരിസരങ്ങളിലും അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് തല ട്രീ കമ്മിറ്റി കൂടി അടിയന്തര നടപടി സ്വീകരിക്കാനും ജില്ലാ കലക്ടര്‍ ജില്ലാ വികസനസമിതി യോഗത്തില്‍നിര്‍ദേശം നല്‍കി. കാലതാമസം ഒഴിവാക്കാന്‍ എല്ലാ വകുപ്പുകളുടെയും ഏകോപനം ഉറപ്പാക്കാനും നിര്‍ദ്ദേശമുണ്ട്.
ഗെയ്ല്‍ ഗ്യാസ് ലൈന്‍ പദ്ധതി വഴി 2025 മാര്‍ച്ചോടെ ജില്ലയില്‍ 2000 ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ 250 പേര്‍ക്ക് കണക്ഷന്‍ നല്‍കി. തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റില്‍ ആരംഭിച്ച് മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കുന്ന തരത്തില്‍ ഷെഡ്യൂള്‍ തയ്യാറാക്കും.
നവകേരള സദസില്‍ ലഭിച്ച പരാതിപരിഹാരവുമായി ബന്ധപ്പെട്ട് പ്രത്യേക റിവ്യൂ നടത്തി. തിങ്കളാഴ്ചയോടെ പരാതികളില്‍ നടപടിയെടുത്ത് ക്ലോസ് ചെയ്യുന്നതിന് ജില്ല കലക്ടര്‍ നിര്‍ദേശം നല്‍കി.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി സപ്ലൈകോ പി.ആര്‍.എസ് തയ്യാറാക്കുന്ന മുറയ്ക്ക് ലീഡ് ബാങ്ക് മാനേജര്‍ക്ക് കൂടി പട്ടിക നല്‍കാന്‍ തീരുമാനമായി.പുറമ്പോക്ക് ഭൂമിയില്‍ നിലകൊള്ളുന്ന ക്ഷേത്രങ്ങള്‍ പ്രസ്തുത ഭൂമി പതിച്ച് കിട്ടാന്‍ സമര്‍പ്പിച്ച അപേക്ഷകള്‍ അനുതാപപൂര്‍വം പരിഗണക്കണമെന്നും വന്യജീവി ആക്രമണം പ്രതിരോധിക്കാന്‍ കാര്യക്ഷമമായ ഇടപെടല്‍ വേണമെന്നും കെ.ബാബു എം.എല്‍.എ ആവശ്യപ്പെട്ടു. നിലവില്‍ എം.എല്‍.എ ഫണ്ടില്‍ നിന്ന് ആര്‍.ആര്‍.ടിക്ക് ആവശ്യമായ വാഹനം നല്‍കിയിട്ടുണ്ട്. പുലിയെ കണ്ടതായി പറയുന്ന സ്ഥലങ്ങളില്‍ വനം വകുപ്പ് കൂടുകള്‍ സ്ഥാപിച്ചതായി ജില്ല കലക്ടര്‍ അറിയിച്ചു.
സിവില്‍ സ്റ്റേഷനിലെ വൈദ്യുത പ്രതിസന്ധി പരിഹരിക്കുന്നതിന് സബ് സ്റ്റേഷന്‍ ആരംഭിക്കുന്നതിനായി ജില്ലാ പഞ്ചായത്തിന് സമീപം സ്ഥലം കണ്ടെത്തി നല്‍കണമെന്നും കൃഷിഭവനുകളില്‍ അടിയന്തരമായി എ.ഡി.സി യോഗം ചേരണമെന്നും മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ്.വിനോദ് ബാബു ആവശ്യപ്പെട്ടു.
ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുളള കാലതാമസവും പ്രായോഗിക ബുദ്ധിമുട്ടുകളും ഒഴിവാക്കാന്‍ നടപടി വേണമെന്ന് പി.മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ഉപദേശം തേടിയിട്ടുണ്ടെന്നും ജില്ല കലക്ടര്‍ അറിയിച്ചു. പട്ടാമ്പി നിള മുതല്‍ ഐ.പി.ടി വരെയുള്ള റോഡ് പുനഃസ്ഥാപനം, പട്ടാമ്പി പാലത്തിന് സ്ഥലമേറ്റെടുക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ വാട്ടര്‍ അതോറിറ്റി, കെ.ആര്‍.എഫ്.ബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരോട് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട്് നല്‍കാന്‍ ജില്ല കലക്ടര്‍ ആവശ്യപ്പെട്ടു.
ആശുപത്രികളില്‍ പോസ്റ്റ് മോര്‍ട്ടം നടത്തുന്നത് സംബന്ധിച്ച് ഏകീകൃത തീരുമാനം വേണമെന്ന് അഡ്വ.കെ.പ്രേംകുമാര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. പോസ്റ്റ് മോര്‍ട്ടം ചെയ്യുന്ന സമയം, കാരണങ്ങള്‍ എന്നിവയിലെ അവ്യക്തത പല പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് വ്യക്തത വരുത്തുന്നതിന് ഡി.എം.ഒ യ്ക്കും പൊലീസിനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് ആരംഭിക്കുന്നതിന് വേണ്ട എല്ലാ ഒരുക്കങ്ങളുമായെന്നും തുറന്നു പ്രവര്‍ത്തിക്കുന്നതിന് ത്വരിത നടപടി വേണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. മലമ്പണ്ടാരം വിഭാഗത്തിന് ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത വിഷയത്തില്‍ വിദ്യാര്‍ഥികളുടെ ഉപരിപഠനത്തെ ബാധിക്കാത്ത തരത്തില്‍ അതിവേഗം നടപടി സ്വീകരിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. കിര്‍ത്താഡ്‌സ് വിജിലന്‍സ് ഡയറക്ടറുടെ മറുപടി ലഭിച്ചാലുടന്‍ തുടര്‍ നടപടി സ്വീകരിക്കുമെന്ന് എ.ഡി.എം. സി.ബിജു അറിയിച്ചു.
സംസ്ഥാനത്തെ മികച്ച ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റായി തെരഞ്ഞെടുത്ത പാലക്കാട് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിനെ
ജില്ല കലക്ടര്‍ അഭിനന്ദിച്ചു.
യോഗത്തില്‍ എം.എല്‍.എമാരായ പി.മമ്മിക്കുട്ടി, പി.മുഹമ്മദ് മുഹ്‌സിന്‍, അഡ്വ.കെ.പ്രേംകുമാര്‍, കെ.ബാബു, മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ്.വിനോദ് ബാബു, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സി.ബിജു, സബ് കലക്ടര്‍ ഡോ.എസ്.മോഹനപ്രിയ, ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍.കെ.ശ്രീലത, ജില്ലാതല ഉദ്യോഗസ്ഥര്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1