മാനത്തു മഴമേഘങ്ങൾ ഉരുണ്ടുകൂടിയാൽ; മംഗലം, കരിപ്പാലി പുഴകള്‍ സംഗമിക്കുന്ന ആര്യൻകടവുകാര്‍ക്കു ആധിയേറും

Share this News

വടക്കഞ്ചേരി അസാധാരണമാംവിധം മാനത്തു മഴമേഘങ്ങള്‍ ഉരുണ്ടുകൂടിയാല്‍ ആര്യൻകടവുകാർക്കു ആധിയേറും. ഇടവേളയ്ക്കുശേഷം രണ്ടുദിവസമായി പ്രദേശത്തു മഴ ശക്തമായിട്ടുണ്ട്. 
.മംഗലംഡാമില്‍നിന്നുള്ള പുഴയും കരിപ്പാലിപുഴയും സംഗമിക്കുന്ന പ്രദേശമാണ് വടക്കഞ്ചേരി പഞ്ചായത്തിലെ പതിനൊന്നാം വാർഡായ ആര്യൻകടവ്. ഏതുസമയവും ഇവിടെ വെള്ളംപൊങ്ങി വലിയനഷ്ടങ്ങളുണ്ടാകാം.

കൂടുതല്‍സമയം വെള്ളംനില്‍ക്കാതെ വെള്ളംഒഴുകിപ്പോകും എന്നതു മാത്രമാണ് ആശ്വാസം. അതിവർഷമുണ്ടായ 2007ലും 2018, 2019 വർഷങ്ങളിലും ഇക്കഴിഞ്ഞ ജൂലൈ 29നു അർധരാത്രിയിലും പ്രദേശമാകെ മുങ്ങി. വെള്ളംപൊങ്ങിയാല്‍ ഇവിടെ മുങ്ങുക ഒന്നുംരണ്ടും വീടുകളല്ല. നൂറ്റിയൻപതോളം വീടുകള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കും.

വീടുകള്‍ക്കു മുകളിലൂടെ വെള്ളമൊഴുകും. വെള്ളപ്പൊക്കം അത്രയേറെ ഭയാനകമാകുന്ന കാഴ്ചകളാണ് ഇവിടെയുണ്ടാവുക. പഞ്ചായത്തിന്‍റെ മാലിന്യയാർഡും ഇവിടെയാണ്.

വെള്ളംപൊങ്ങിയാല്‍ ഇവിടെനിന്നുള്ള മാലിന്യങ്ങളും വീടുകളിലെത്തും. ജൂലൈ 29ന് അർധരാത്രിക്കു ശേഷമുണ്ടായതു മിന്നല്‍പ്രളയമായിരുന്നു. മുന്നറിയിപ്പുകളില്ലാതെ മംഗലംഡാമിന്‍റെ ഷട്ടറുകള്‍ നാലടിയോളം ഉയർത്തിയതും ആലത്തൂർ വീഴുമലയിലെ ഉരുള്‍പൊട്ടലുംമൂലം പൊടുന്നനെയാണു രണ്ടുപുഴകളിലും വെള്ളംപൊങ്ങിയത്. മംഗലംഡാമില്‍നിന്നുള്ള വെള്ളത്തിനുപുറമെ പാലക്കുഴി തിണ്ടില്ലം വെള്ളച്ചാട്ടത്തില്‍നിന്നുള്ള വെള്ളവും മറ്റു ചെറുതോടുകളില്‍നിന്നുള്ള വെള്ളവുമായാണ് മംഗലംപുഴ ആര്യൻകടവിലെത്തുക.

ഒലിപ്പാറയില്‍ നിന്നുവരുന്ന കരിപ്പാലിപുഴയും ഏറെ രൗദ്രഭാവത്തിലായിരുന്നു അന്നുരാത്രിയെന്നും വീട്ടുകാർ പറയുന്നു. ജൂലൈ 29ന് അർധരാത്രിക്കു ശേഷമാണ് പൊടുന്നനെ വെള്ളം പൊങ്ങിയത്. ഈ സമയം പലരും വീടുകളില്‍ ഉറക്കത്തിലായിരുന്നു.
ജനല്‍ ചില്ലുകള്‍തകർത്ത് വെള്ളം അകത്തേക്കു ഇരച്ചുകയറുമ്പോഴാണ് അപകടസ്ഥിതിയറിഞ്ഞ് വീട്ടുകാർ ഉയർന്ന പ്രദേശങ്ങളിലേക്കു ഓടിരക്ഷപ്പെട്ടത്.

വെള്ളം പൂർണമായും മുങ്ങാതിരുന്ന വീടുകളുടെ ടെറസിനു പുറത്താണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവർ രാത്രി കഴിച്ചുകൂട്ടിയതെന്നു പുഴയുടെ ഏറ്റവുമടുത്ത് വീടുള്ള ഉഷ ശ്രീനിവാസൻ പറഞ്ഞു.

വെള്ളംമുങ്ങിയ വീടുകള്‍ വൃത്തിയാക്കി പിന്നീടുള്ള താമസവും ഏറെ ദുഷ്കരമാണ്. മുറിക്കുള്ളിലെല്ലാം ചെളി നിറയും. എല്ലാ മാലിന്യങ്ങളും കുമിഞ്ഞുകൂടും.

വീട്ടുസാധനങ്ങളെല്ലാം ചെളിയില്‍ മുങ്ങിനശിക്കും. മലവെള്ള പാച്ചിലിനൊപ്പം ഒഴുകിയെത്തുന്ന ഉഗ്രവിഷ സർപ്പങ്ങളാണ് ഏറെ പേടിപ്പെടുത്തുന്നത്. വീടുകളില്‍നിന്നും വെള്ളം ഇറങ്ങിയാലും വീടിനുള്ളില്‍ പലയിടത്തും പാമ്പുകളുണ്ടാകും.

കിണറുകളില്‍ ചെളിനിറഞ്ഞു വെള്ളം ഉപയോഗിക്കാൻ കഴിയില്ല. ഇതിനാല്‍ കുറെക്കാലം കുടിവെള്ളംവരെ കാശുകൊടുത്തു വാങ്ങണം. ആദ്യംമുതല്‍ തുടങ്ങണം പിന്നെയെല്ലാം. വെള്ളംമുങ്ങിയ പ്രദേശം കാണാൻ വരുന്നവർക്കു പക്ഷെ, ഇവിടുത്തെ ഭീകരത പെട്ടെന്നു മനസിലാകില്ല.
രണ്ടുദിവസം മഴ പെയ്തില്ലെങ്കില്‍ പുഴകള്‍ സാധാരണ നിലയിലേക്ക് ചുരുങ്ങും. ഈ പുഴകളാണോ 20 അടിയോളം ഉയരത്തില്‍ പൊങ്ങിയതെന്നു സംശയിച്ചു പോകും.

മംഗലം ഡാമിന്‍റെ ഷട്ടറുകള്‍ പെട്ടെന്ന് കൂടുതല്‍ ഉയർത്തേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണമെന്നതാണു പ്രളയം ഒഴിവാക്കാനുള്ള പോംവഴിയെന്ന് ചൂണ്ടിക്കാട്ടുന്നു. നിശ്ചിത ജലനിരപ്പ് ആകുമ്പോള്‍ ഡാമിലെ വെള്ളം തുറന്നു വിടണം.

ജലനിരപ്പ് പരമാവധിയിലെത്തുന്നതിനു വളരെ മുന്നേതന്നെ വെള്ളം കൂടുതലായി ഒഴുക്കിക്കളഞ്ഞ് വൃഷ്ടിപ്രദേശത്തുണ്ടാകുന്ന ഉരുള്‍പൊട്ടുലുകളിലെ വെള്ളംകൂടി ഉള്‍ക്കൊള്ളാവുന്നവിധം ഡാമിലെ ജലനിരപ്പ് ക്രമീകരിച്ചു നിർത്തണമെന്നാണ് വിദഗ്ധാഭിപ്രായം.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HTU5rPnaMWG9YncrKipPRr


Share this News
error: Content is protected !!