യാത്ര പോകാം നെല്ലിയാമ്പതിയിലേക്ക്…..

Share this News

യാത്ര പോകാം നെല്ലിയാമ്പതിയിലേക്ക്…..

കടുത്ത ചൂടില്‍ ചുട്ടുപൊള്ളുന്ന പാലക്കാടിന്റെ മണ്ണില്‍ നിന്നും തണുത്ത കാലാവസ്ഥയും, തേയില തോട്ടത്തിന്റെ സൗന്ദര്യവും, പ്രകൃതി ഭംഗിയുടെ മനസു നിറച്ച കാഴ്ച്ചകളും തേടി നെല്ലിയാമ്പതിയിലേക്ക് യാത്ര പോകാം. പശ്ചിമ ഘട്ട മലനിരകളുടെ ഭാഗമായ നെല്ലിയാമ്പതി ജൈവ വൈവിധ്യങ്ങളുടെ കലവറയാണ്. ഇടതൂര്‍ന്നു നില്‍ക്കുന്ന വന്‍മരങ്ങള്‍ക്കിടയിലൂടെ ചുരം പാതയിലൂടെ യാത്രയും, വ്യൂപോയിന്റുകളിലെ പാലക്കാടിന്റെ വിദൂര കാഴ്ച്ചകളും സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനാല്‍ നെല്ലിയാമ്പതി മിക്കവരുടെയും ഇഷ്ടകേന്ദ്രമായി മാറുന്നു. ജൂണ്‍ മാസം മുതല്‍ ജനുവരി വരെയാണ് നെല്ലിയാമ്പതിയിലെ കാഴ്ച്ചകള്‍ക്ക് കൂടുതല്‍ ഹരിതഭംഗി നല്‍കുന്നത്.
നെന്മാറയില്‍ നിന്ന് 10 കിലോമീറ്റര്‍ പിന്നിട്ട് മലയുടെ താഴ് വരയിലുള്ള പോത്തുണ്ടി അണക്കെട്ടും, ഉദ്യാനവും കടന്നാണ് നെല്ലിയാമ്പതിയിലേക്കുള്ള യാത്ര തുടരുന്നത്. നെല്ലിയാമ്പതിയുടെ കവാടമായ പോത്തുണ്ടിയില്‍ സഞ്ചാരികളെ വരവേല്‍ക്കുന്നത് കാട്ടുപോത്തിന്റെ ശില്‍പ്പമാണ്. വനം വകുപ്പിന്റെ ചെക്ക് പോസ്റ്റിലെ പരിശോധനകള്‍ക്ക് ശേഷമാണ് ചുരം പാതയിലൂടെയുള്ള യാത്ര ആരംഭിക്കുക. ചുരം പാതയിലെ കൊടുംവളവുകള്‍ കയറുമ്പോള്‍ തേക്ക് മരങ്ങള്‍ക്കിടയിലൂടെ പോത്തുണ്ടി അണക്കെട്ടിന്റെ കാഴ്ച്ചകള്‍ യാത്രയ്ക്ക് സൗന്ദര്യം കൂട്ടുന്നു. ചുരം യാത്രയില്‍ കുരങ്ങുകളും, സിംഹവാലന്‍ കുരങ്ങുകളും വഴിയരികില്‍ സഞ്ചാരികളെ സ്വാഗതം ചെയ്ത് കാത്തിരിപ്പുണ്ടാകും. പ്രളയത്തില്‍ തകര്‍ന്ന കുണ്ടറച്ചോലയില്‍ പുതുക്കി പണിത പാലവും കടന്ന് ഇലപൊഴിക്കുന്ന മരങ്ങള്‍ക്കിടയിലൂടെ കുളിരുമായി പുതിയ ലോകത്തേക്കുള്ള യാത്ര തുടങ്ങുകയാണ്.

14 ാം വ്യൂപോയിന്റ്.
ചുരം പാതയില്‍ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്ന ഇടമാണ് 14 ാം വ്യൂപോയിന്റ്. നെല്ലിയാമ്പതി മലനിരകളിലെ പച്ചപ്പും കുളിര്‍കാറ്റും, പോത്തുണ്ടി അണക്കെട്ടിന്റെ ദൂരകാഴ്ച്ചയും കാണാന്‍ കഴിയും. വലതുവശത്തായി കാണുന്ന കുന്നില്‍ മേഞ്ഞു നടക്കുന്ന കാട്ടുപോത്തിനെയും, ആനയെയും കാണാന്‍ കഴിയുമെന്നതാണ് ഇവിടെത്തെ പ്രത്യേകത. കഴിഞ്ഞ കുറെ നാളുകളായി നെല്ലിയാമ്പതി ചുരം പാതയില്‍ കാണുന്ന ആനകുടുംബത്തിന്റെ ഇഷ്ട സ്ഥലം കൂടിയാണ് ഇതിന് തൊട്ടുമുകളിലുള്ള മുളങ്കാടുകള്‍.
അയ്യപ്പന്‍ തിട്ട്
ചുരം പാതയിലൂടെ വീണ്ടും കയറിയാല്‍ അയ്യപ്പക്ഷേത്രം നില്‍ക്കുന്ന അയ്യപ്പന്‍തിട്ടിലെത്താം. പോത്തുണ്ടിയില്‍ നിന്ന് കയറിവന്ന ചുരം പാതയും, നെല്ലിയാമ്പതി മലനിരകളിലെ കാഴ്ച്ചകളും കാണാന്‍ ഈ വ്യൂപോയിന്റിലൂടെ ആസ്വദിക്കാം.
കേശവന്‍പാറ
ചുരം പാത കയറിയെത്തുന്നത് നെല്ലിയാമ്പതിയിലെ ആദ്യ കവലയായ കൈകാട്ടിയിലാണ്. ഇവിടെ നിന്ന് വലതു വശത്തേക്ക് തിരിഞ്ഞ യാത്ര തുടര്‍ന്നാല്‍ കേശവന്‍പാറയിലെത്താം. തേയില ഫാക്ടറിയ്ക്ക് മുന്‍വശത്തുകൂടെയുള്ള മണ്‍പാതയിലൂടെ നടന്നാല്‍ മനോഹര കാഴ്ച്ചകള്‍ നിറച്ച കേശവന്‍പാറ വ്യൂപോയിന്‍ിലെത്താം. ചെറിയ പാറ കടന്നുകയറിയാല്‍ പോത്തുണ്ടി അണക്കെട്ടിന്റെ കാഴ്ച്ചകളും, പാലക്കാടിന്റെ വിദൂര കാഴ്ച്ചയും കാണാന്‍ കഴിയും. ഇടതുവശത്തുള്ള കുന്നില്‍ വരയാടുകളെയും, കാട്ടുപോത്തുകളും ഉള്‍പ്പെടെയുള്ള മൃഗങ്ങളുടെ കാഴ്ച്ചയും സഞ്ചാരികള്‍ക്ക് കൗതുകം നിറയ്ക്കും
കാരപ്പാറ.
കേശവന്‍പാറയില്‍ നിന്ന് ഇറങ്ങി തേയില തോട്ടങ്ങള്‍ക്കിടയിലൂടെ യാത്ര തുടര്‍ന്നാല്‍ കാരപ്പാറയിലെത്താം. കൈകാട്ടിയില്‍ നിന്ന് ഉല്‍ഭവിച്ച് നൂറടിപ്പുഴയായി പിന്നീട് കാരപ്പാറപ്പുഴയായി ഒഴുകി വെള്ളച്ചാട്ടങ്ങളിലൂടെ തട്ടിയൊഴുകി ചാലക്കുടി പുഴയിലേക്ക് ഈ വെള്ളമെത്തുന്നത്. കാപ്പിത്തോട്ടങ്ങള്‍ക്കിടയിലെ വന്‍ മരങ്ങളിലെ പഴങ്ങള്‍ കഴിക്കാനായി വന്നിരിക്കുന്ന വേഴാമ്പലുകളെയും കണ്ട് പുഴയോരത്തുകൂടെയാണ് കാരപ്പാറയിലെത്തുക. കാരപ്പാറയില്‍ കോളനിക്കാര്‍ക്ക് സഞ്ചരിക്കാനായി നിര്‍മ്മിച്ച തൂക്ക് പാലവും, കാരപ്പാറപ്പുഴയുടെ കുത്തൊഴുക്കിന്റെ ശബ്ദവും സഞ്ചാരികള്‍ക്ക് പുതിയ കാഴ്ച്ചാനുഭവം നല്‍കും.
സര്‍ക്കാര്‍ ഓറഞ്ച് ഫാം
കാരപ്പാറയില്‍ നിന്ന് തിരിച്ച് കൈകാട്ടിയിലെത്തി വലതുവശത്തേക്ക് യാത്ര തുടര്‍ന്നാല്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച പുലയമ്പാറയിലെ സര്‍ക്കാര്‍ ഓറഞ്ച് ആന്റ് വെജിറ്റബിള്‍ ഫാമിലെത്തും. ഓറഞ്ചും, പച്ചക്കറിയും, പാഷന്‍ഫ്രൂട്ടും, ഉള്‍പ്പെടെ കൃഷിചെയ്യുന്ന ഫാമില്‍ വിവിധ സ്‌ക്വാഷ്, ജാം, ജെല്ലി എന്നിവ വില്‍പ്പന കൗണ്ടറിലൂടെ വാങ്ങാന്‍ കഴിയും.
സീതാര്‍കുണ്ട്.

നെല്ലിയാമ്പതിയുടെ അടയാളമായ നെല്ലിമരം സ്ഥിതിചെയ്യുന്നത് സീതാര്‍കുണ്ട് വ്യൂപോയിന്റിലാണ്. പുലയമ്പാറയില്‍ നിന്ന് സ്വകാര്യ തോയില തോട്ടങ്ങളിലൂടെ കടന്നുവേണം ഈ വ്യൂപോയിന്റിലെത്താന്‍. 3200 ലധികം അടി താഴ്ച്ചയുള്ള ഈ ഭാഗത്ത് അപകടമുണ്ടായതിനെ തുടര്‍ന്ന് സംരക്ഷണ വേലി ഒരുക്കിയിട്ടുണ്ട്. പാലക്കാടിന്റെ കിഴക്കന്‍ കാഴ്ച്ചകളും, മീന്‍ങ്കര, ചുള്ളിയാര്‍, വാളയാര്‍, അണക്കെട്ടുകളും, കൊല്ലങ്കോട് പട്ടണവും കാണാന്‍ കഴിയും.
മിന്നാംപാറ, മാട്ടുമല ട്രക്കിംങ്
വനം വകുപ്പിന്റെ അനുമതിയോടെ മിന്നാംപാറയിലേക്കും, കാരാശൂരിയിലേക്കുള്ള ട്രക്കിംങ് നടത്താം. പുലയമ്പാറയില്‍ നിന്ന് ജീപ്പിലുള്ള 14 കിലോമീറ്റര്‍ ഓഫ് റോഡ് യാത്രയാണ് പ്രത്യേകത. മണ്‍പാതകളും, പാറക്കല്ലുകളും ചാടിയിറങ്ങി കാട്ടുപോത്തും, ആനയും, മാനും, ഉള്‍പ്പെടെയുള്ള മൃഗങ്ങളെ നേരില്‍ കണ്ടും ഒരുപാട് സിനിമകള്‍ക്ക് ലൊക്കേഷന്‍ കൂടിയായ ഈ ഭാഗത്തേക്കുള്ള യാത്ര ഏതൊരു സഞ്ചാരിയുടെ സ്വപ്‌നമാണ്.
ശ്രദ്ധിക്കണം ഓരോ യാത്രികരും
നെല്ലിയാമ്പതി സഞ്ചാരികളുടെ മനം കുളിരണിയിപ്പിക്കുന്ന കാഴ്ച്ചകള്‍ സമ്മാനിക്കുന്ന ഇടമാണ്. മറ്റൊരു ആവാസ വ്യവസ്തയിലേക്കാണ് കടന്നുചെല്ലുന്നത്. പ്രതിദിനം നൂറിലധികം യാത്രികരെത്തുന്ന ഈ പ്രദേശത്ത് മിക്ക ഭാഗങ്ങളിലും പ്ലാസ്റ്റിക് കുപ്പികളും, മറ്റും വലിച്ചെറിയുന്നത് വന്യ മൃഗങ്ങള്‍ക്ക് ഭീഷണിയാകുന്നു. വനമേഖലകളില്‍ പാലിക്കേണ്ട നിയന്ത്രണങ്ങള്‍ പാലിക്കണം. വെളളച്ചാട്ടങ്ങളിലും, വനത്തിലും അതിക്രമിച്ചു കടക്കരുത്. പോത്തുണ്ടി ചെക്ക് പോസ്റ്റില്‍ നിന്ന് നെല്ലിയാമ്പതിയിലേക്ക് കാലത്ത് ഏഴു മണിമുതല്‍ വൈകീട്ട് അഞ്ചു മണിവരെയാണ് ഏകദിന യാത്രയ്ക്ക് പ്രവേശനം അനുവദിക്കുന്നത്. ഹരിതഭംഗി ആസ്വദിച്ച് പ്രകൃതിയുടെ മടിത്തട്ടിലൂടെയുള്ള പാവങ്ങളുടെ ഊട്ടിയായ നെല്ലിയാമ്പതി കണ്ട്  യാത്ര തിരിച്ചിറങ്ങുമ്പോള്‍ ഒരുപാട് സന്തോഷങ്ങളും, ഓര്‍മ്മകള്‍ സമ്മാനിക്കുന്ന ഒരുപാട് നല്ല ചിത്രങ്ങളും മനസ്സിലും, പകര്‍ത്തിയെടുത്ത ക്യാമറകളിലുമുണ്ടാകുമെന്ന് തീര്‍ച്ചയാണ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HTU5rPnaMWG9YncrKipPRr


Share this News
error: Content is protected !!