ഓണ വിപണിയിൽ റെഡിമെയ്ഡ് മാതേവരുടെ വില്പനയും തകൃതി. മുൻകാലങ്ങളിൽ വീടുകളിൽ തന്നെ മണ്ണുകൊണ്ട് മാതേവരെ നിർമ്മിച്ചിരുന്നു. ഓണസദ്യ വരെ റെഡിമെയ്ഡ് ആയി മാറിയതോടെ മാതേവരും വിപണിയിൽ കിട്ടുന്ന സാധനമായി മാറി. മണ്ണ് കൊണ്ട് നിർമ്മിച്ച 7 മാതേവർ ഉൾപ്പെടുന്ന ഒരു കൂട്ടത്തിന് 190 രൂപക്കാണ് വിപണിയിൽ വിൽക്കുന്നത്. ഏറ്റവും ഉയരം കൂടിയ ഒരെണ്ണവും തൊട്ടു താഴെ ഉയരമുള്ള രണ്ടെണ്ണം ഇരുവശത്തുമായും അതിനു താഴെ നാലെണ്ണം എന്ന അളവിലാണ് മാതേവരെ മണ്ണുകൊണ്ട് ഉണ്ടാക്കി വിൽക്കുന്നത്. ഓണം കഴിഞ്ഞാൽ മഴയിൽ അലിഞ്ഞു പോണം എന്നതിനാൽ ചുട്ടെടുക്കാതെ ഉണക്കിയെടുത്ത രീതിയിലാണ് മാതേവർ നിർമ്മിച്ചിരിക്കുന്നത്. മരത്തിൽ ഉണ്ടാക്കി വിൽപ്പന നടത്തുന്നുണ്ടെങ്കിലും മണ്ണിൽ നിർമ്മിച്ച ആവശ്യക്കാർ കൂടുതലുള്ളത്. തുളസി, ചെമ്പരത്തി, കൃഷ്ണകിരീടം തുടങ്ങി പൂക്കൾ കുത്തി നിർത്താൻ നിരവധി ദ്വാരങ്ങളും മാതേവരിൽ നൽകിയിട്ടുണ്ട്. കളിമണ്ണുകൊണ്ട് ഉണ്ടാക്കിയ മാതേവർ പ്രതിമകൾ ആകർഷിക്കാനായി ചുവന്ന കളറും ചിലതിൽ ഇഷ്ടിക പൊടിയും പുറമേ തേച്ചിട്ടുണ്ട്. പല സ്ഥലങ്ങളിലും പൂരാടം മുതൽ തിരുവോണ നാൾ വരെ വിവിധ എണ്ണങ്ങളായി വർദ്ധിപ്പിച്ചാണ് വീടിന്റെ പടിമുതൽ മുറ്റം വരെ വിവിധ ഇടങ്ങളിലായി പ്രതിഷ്ഠിക്കുന്നത്. അരിമാവിൽ കളം വരച്ച്, പീഡത്തിലും നിലത്തും ഒന്നിച്ചും പല സ്ഥലങ്ങളിലുമായി പ്രാദേശികമായി പല സങ്കല്പങ്ങൾക്കനുസരിച്ചാണ് വിവിധ സ്ഥലങ്ങളിൽ മാതേവരെ പ്രതിഷ്ഠിക്കുന്നത്. വിവിധ പ്രദേശങ്ങളിലെ കുംഭാര സമുദായക്കാരാണ് മുൻകാലങ്ങളിൽ തലകളിൽ ചുമന്ന വീടുകളിൽ എത്തിച്ചു വിറ്റിരുന്നത്. ഇപ്പോൾ ഇത്തരം വസ്തുക്കൾ വിൽക്കുന്ന കടകളിലും മാതേവർ കൂട്ടത്തോടെ പ്രദർശിപ്പിച്ചു വിൽപ്പന നടത്തുന്നുണ്ട്. നെന്മാറ വിത്തനശ്ശേരിയിലെ വ്യാപാരശാലയിലാണ് മേഖലയിൽ മാതേവർ കൂട്ടത്തോടെ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HTU5rPnaMWG9YncrKipPRr