മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയില്‍ വീണ്ടും കുഴിയടയ്ക്കല്‍.
മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയില്‍ കുഴിയടയ്ക്കല്‍ തുടങ്ങി. കോണ്‍ക്രീറ്റ് ചെയ്താണ് ഓട്ടയടയ്ക്കല്‍ നടക്കുന്നത്. പൊതുമരാമത്ത് വിഭാഗം ആലത്തൂര്‍ ഡിവിഷന്‍റെ കീഴില്‍ വരുന്ന നെന്മാറ കോളജ് വരെയാണ് താത്കാലികമായുള്ള അറ്റകുറ്റപണി നടത്തുന്നത്.
നെന്മാറ വഴിയുള്ള വടക്കഞ്ചേരി-മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാത ദേശീയപാത നിലവാരത്തിലേക്ക് ഉയര്‍ത്തും എന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ നാലഞ്ച് വര്‍ഷമായി റോഡില്‍ പാച്ച് വര്‍ക്ക് മാത്രമാണ് നടക്കുന്നത്.
ഇതുമൂലം കുഴി പെരുകി ഇടയ്ക്കിടെ ഓട്ടയടയ്ക്കല്‍ ചടങ്ങും നടത്തേണ്ട സ്ഥിതിയാണ്.
കേന്ദ്രസര്‍ക്കാരിന്‍റെ ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡ് വികസനം ഉടൻ ഉണ്ടാകും എന്ന പ്രഖ്യാപനമാണ് പിന്നീട് റോഡിന്‍റെ റീ ടാറിംഗ് ഇല്ലാതാക്കിയത്. 15 വര്‍ഷം മുമ്പാണ് മംഗലം-ഗോവിന്ദാപുരം പാതയെ സംസ്ഥാനപാതയായി ഉയര്‍ത്തിയത്. ഇതിനിടെ അഞ്ച് വര്‍ഷം മുമ്പ് പാതയില്‍ നിന്നും പതിനഞ്ചും, ഇരുപതും മീറ്റര്‍ പുറകോട്ട് നീങ്ങി വീട്ടുമുറ്റത്തും മറ്റും മാര്‍ക്ക് ചെയ്യുന്ന നടപടിയുണ്ടായി.
ഇത് റോഡിനായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങളാണെന്നും വൈകാതെ ഏറ്റെടുക്കല്‍ ഉണ്ടാകും എന്നൊക്കെയാണ് പറഞ്ഞിരുന്നത്. ഇതേ തുടര്‍ന്ന് പ്രദേശത്തെ ഭൂമിയുടെ ക്രയവിക്രയങ്ങളെല്ലാം നിലച്ചു. റോഡിനായി എത്ര ഭൂമി ഏറ്റെടുക്കുമെന്നോ ആരുടെയെല്ലാം ഭൂമിയും വീടും പോകുമെന്നോ അറിയാതെ വലിയ ആശങ്ക ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്