എഴുപത്തിയേഴാമത്തെ വയസില്‍ കരാട്ടെയില്‍ ബ്ലാക്ക്ബെല്‍റ്റ് നേട്ടവുമായി മംഗലംഡാം സ്വദേശി ജോസ്

Share this News

മംഗലംഡാം  മാരത്തണിലും യോഗയിലും മിന്നുംപ്രകടനം നടത്തുന്ന മംഗലംഡാം പറശേരി സ്വദേശി കിഴക്കേക്കര ജോസ് തന്‍റെ എഴുപത്തിയേഴാമത്തെ വയസില്‍ കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടി മറ്റൊരു അപൂർവനേട്ടത്തിനുകൂടി ഉടമയായി. കഴിഞ്ഞദിവസം ജപ്പാൻ കരാട്ടെ അസോസിയേഷൻ ഇന്ത്യ പാലക്കാട്ടു സംഘടിപ്പിച്ച ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിന്‍റെ ഉദ്ഘാടന പരിപാടിയിലാണ് ജോസ് കിഴക്കേക്കരയ്ക്ക് ബ്ലാക്ക് ബെല്‍റ്റ് ലഭിച്ചത്.

ജെഎസ്കെഎ ഇന്ത്യ ചീഫ് ഇൻസ്ട്രക്ടർ പി.കെ. ഗോപാലകൃഷ്ണനില്‍ നിന്നാണ് ബ്ലാക്ക് ബെല്‍റ്റ് സ്വീകരിച്ചത്. വള്ളിയോട് സെന്‍റ് ജോസഫ് ആശുപത്രിയിലെ അസിസ്റ്റഡ് ലിവിംഗ് സെന്‍റർ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ പിയ എംഎസ്ജെ യായിരുന്നു മുഖ്യാതിഥി.

സിസ്റ്റർ സെൻഷിൻ എംഎസ്ജെ പ്രത്യേക ക്ഷണിതാവായി പങ്കെടുത്ത പരിപാടിയില്‍ ജെഎസ്കെഎ ഇന്ത്യ പ്രസിഡൻ്റ് സെൻസായ് കെ. എഫ്. ആല്‍ഫ്രഡ് (സണ്ണി), ജനറല്‍ സെക്രട്ടറി സെൻസായ് ഷാജി ജോർജ്, റഫ്രി കമ്മീഷൻ ചെയർമാൻ സെൻസായ് വിനോദ് മാത്യു, കമ്മീഷൻ സെക്രട്ടറി റഫ്രി സെൻസായ് ഷാജലി തുടങ്ങിയവർ പങ്കെടുത്തു. എഴുത്തിയേഴാമത്തെ വയസില്‍ കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് കിട്ടുന്നത് അപൂർവമാണെന്ന് ജെഎസ്കെഎ ഇന്ത്യ പ്രസിഡന്‍റ് കെ.എഫ്. ആല്‍ഫ്രഡ് പറഞ്ഞു. ഇത്രയും പ്രായത്തില്‍ ബ്ലാക്ക് ബെല്‍റ്റ് കിട്ടുന്ന ജില്ലയിലെ ആദ്യകരാട്ടെക്കാരനാണ്.

ഈ പ്രായത്തില്‍ ബ്ലാക്ക് ബെല്‍റ്റ് കിട്ടുന്നവർ കേരളത്തിലും അപൂർവമാണെന്നു 40 വർഷം മുൻപ് ബ്ലാക്ക് ബെല്‍റ്റ് നേടിയിട്ടുള്ള ജില്ലയിലെ ആദ്യ ബ്ലാക്ക് ബെല്‍റ്റുകാരനായ അറുപത്തിയെട്ടുകാരൻ വടക്കഞ്ചേരി ജോസ്ഗിരി സ്വദേശിയായ ആല്‍ഫ്രഡ് പറഞ്ഞു. മംഗലംഡാമിലെ പ്ലാന്‍ററായിരുന്ന ജോസ് കിഴക്കേക്കര 40 വർഷം മുമ്ബ് കരാട്ടയിലെ ബ്രൗണ്‍ ബെല്‍റ്റ് നേടിയിരുന്നു. പിന്നീട് മക്കളുടെ ജോലിയും മറ്റുമായി ബന്ധപ്പെട്ട് വിദേശയാത്രകളില്‍ വർഷങ്ങള്‍ ഏറെ കടന്നുപോയി. അപ്പോഴും കരാട്ടയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടണമെന്ന അതിയായ മോഹം ജോസേട്ടന്‍റെ മനസിലുണ്ടായിരുന്നു. ഇതിനായി തീവ്ര പരിശീലനത്തിനൊപ്പം ഭക്ഷണത്തിലും നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. 21 കിലോമീറ്ററും 200 മീറ്ററും ദൂരംവരുന്ന ഹാഫ് മാരത്തണാണ് ജോസ് കിഴക്കേക്കരയുടെ ഇഷ്ട ഇനം.


കോവിഡിനുശേഷം ഇടുക്കി ഡാമില്‍ ജില്ലാ ഭരണകൂടം സംഘടിപ്പിച്ച ഹാഫ് മാരത്തണിലും കാനഡ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലെ വിഖ്യാത മാരത്തണുകളിലും മുന്നിലെത്തി ജോസ് കിഴക്കേക്കര പുരസ്കാരങ്ങള്‍ നേടിയിട്ടണ്ട്. യോഗ മാസ്റ്റർ, ഷട്ടില്‍ ബാഡ്മിന്‍റണ്‍ കോച്ച്‌ എന്നീ നിലകളിലെ മികവുകളിലും എഴുപത്തിയേഴുകാരൻ ഇന്നുമുണ്ട്. കരാട്ടെ, യോഗ, മാരത്തണ്‍ എന്നിവയില്‍ ദിവസവും അഞ്ചുമണിക്കൂർ പരിശീലനം ഇപ്പോഴും മുടക്കമില്ലാതെ തുടരുന്നു.

ദിവസവുമുള്ള അഞ്ചു കിലോമീറ്റർ ഓട്ടത്തിനും പ്രായം തടസമായിട്ടില്ല. മൂന്നുനേരമായാണ് പരിശീലനമുറകളെല്ലാം ചെയ്യുന്നത്. പഴവർഗങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവയാണ് ഭക്ഷണങ്ങളില്‍ കൂടുതലും.


ഉച്ചയ്ക്കുമാത്രമേ അരിഭക്ഷണം കഴിക്കു. വറുത്തതിനും പൊരിച്ചതിനും ബേക്കറി സാധനങ്ങള്‍ക്കും വിലക്കുണ്ട്. വർധിച്ചുവരുന്ന ജീവിതശൈലിരോഗങ്ങള്‍ തടയുന്നതിനും മനോധൈര്യത്തിനും കരാട്ടെ, യോഗ പരിശീലനങ്ങള്‍ ഏറെ ഗുണകരമായിട്ടുണ്ടെന്നു ജോസ് കിഴക്കേക്കര പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HTU5rPnaMWG9YncrKipPRr


Share this News
error: Content is protected !!