കാട്ടുപന്നി ശല്യത്തിൽ വലഞ്ഞു ; നെല്‍പ്പാടങ്ങളെ സാരിയുടുപ്പിച്ച്,നെറ്റ് കെട്ടി  സംരക്ഷിക്കാൻ പുതിയ തന്ത്രവുമായി കർഷകർ.

Share this News



വടക്കഞ്ചേരി;കാട്ടുപന്നി ശല്യത്തിൽ പൊറുതിമുട്ടിയ കർഷകർ നെൽകൃഷി സംരക്ഷിക്കാൻ പതിനെട്ടടവും പയറ്റുകയാണ്.നെല്‍പ്പാടങ്ങളെ സാരിയുടുപ്പിച്ചും നെറ്റ് കെട്ടിയും സംരക്ഷണം തീര്‍ക്കാൻ ശ്രമിക്കുകയാണ് ഒരുപറ്റം കര്‍ഷകര്‍.

    മുമ്പൊക്കെ വനാതിർത്തികളിലെ കരപ്പാടങ്ങളില്‍ മാത്രമാണ് പന്നിശല്യമുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ വനാതിർത്തി വിട്ട് ആളുകള്‍ തിങ്ങിപ്പാർക്കുന്ന ടൗണ്‍ പ്രദേശങ്ങളിലും കാട്ടുമൃഗശല്യം രൂക്ഷമായി.

   കൃഷിയെ രക്ഷിച്ചെടുക്കാൻ പെടാപ്പാടു പെടണം.  രണ്ടാംവിള കൃഷിക്കായി ഒരുക്കം നടക്കുന്ന നെല്‍പ്പാടങ്ങളിലെല്ലാം ഇപ്പോള്‍ പഴയ സാരികളും പ്ലാസ്റ്റിക് ചാക്കുകളും നെറ്റുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്

     വിത്ത് പാകി അതിനു ചുറ്റും സാരികള്‍ വലിച്ചുകെട്ടിയാണ് നെല്‍ച്ചെടികള്‍ക്ക് സംരക്ഷണം നല്‍കുന്നത്.രണ്ടാംവിള കൃഷിക്കായി വടക്കഞ്ചേരി ആയക്കാട് പാടം സാരിയുടുത്തും നെറ്റുകള്‍ കെട്ടിയും അണിഞ്ഞൊരുങ്ങിയിരിക്കുകയാണ്. കാട്ടുപന്നിയാണ് ഏറെ ശല്യക്കാർ. ഇവ കൂട്ടമായെത്തി ചെളിക്കണ്ടത്തില്‍ ഉരുണ്ട്കളിച്ചും കുത്തിമറിച്ചും മുളച്ചു വരുന്ന വിത്തെല്ലാം നശിപ്പിക്കും. മയിലുകളാണ് മറ്റൊരു ശല്യക്കാർ. പാകിയ നെല്ല് തിന്നുതീർത്താണ് ഇവ കർഷകരെ ബുദ്ധിമുട്ടിക്കുന്നത്. ദേശാടനകൊക്കുകളുടെ വലിയപടയും കർഷകരെ ദ്രോഹിക്കാൻ പാടങ്ങളില്‍ എത്തുന്നുണ്ട്.

      ഇത്തരത്തില്‍ ചുറ്റും തുണി കെട്ടിയാല്‍ പന്നി, മയില്‍ എന്നിവയുടെ ശല്യത്തിന് കുറവുണ്ടെന്നാണ് കർഷകർ പറയുന്നത്. ഓരോവർഷവും പന്നികള്‍ പെരുകി വലിയ കൂട്ടങ്ങളായി മാറുകയാണ്.

     പതിനഞ്ചും ഇരുപതും എണ്ണം വരുന്ന കൂട്ടങ്ങള്‍ രാത്രികാലങ്ങളില്‍ പാടങ്ങളിലെത്തി കൃഷി നശിപ്പിക്കും. പറമ്പുകളിലും വലിയ തോട്ടങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. കപ്പ ഉള്‍പ്പെടെ കിഴങ്ങുവർഗങ്ങളൊന്നും കൃഷി ചെയ്യാനാകാത്ത സ്ഥിതിയായി.

   നെല്‍കർഷകരുടെ കാര്യം മഹാകഷ്ടം തന്നെയാണ്. കൃഷിയിറക്കി അതില്‍ നിന്നും വിളവെടുക്കാനുള്ള ബുദ്ധിമുട്ടുകള്‍ പറഞ്ഞറിയിക്കാനാവില്ല.അത്രയേറെ നഷ്ടങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞതാണ് പാടത്ത് കൃഷിയിറക്കി പരിപാലിച്ച്‌ വളർത്തി കൊയ്ത് നെല്ല് വിറ്റ് വില കിട്ടുന്നതു വരെയുള്ള വിവിധ ഘട്ടങ്ങള്‍.

          ഇതെല്ലാം തരണംചെയ്ത് കൃഷി ചെയ്യുന്ന കർഷകരെ ഒടുവില്‍ പരിഹസിക്കുന്ന മട്ടിലാണ് സർക്കാർ നിലപാടുകളും. വിളവും വിപണനവുമെല്ലാം ലോട്ടറിപോലെയാണ്. കിട്ടിയാല്‍ കിട്ടി.
റോഡിനു കുറുകെ പന്നിക്കൂട്ടങ്ങള്‍ ഓടുമ്പോഴുണ്ടാകുന്ന അപകടങ്ങള്‍ക്കും കണക്കില്ല. അപകടങ്ങളിലെ മരണ നിരക്കുകളും ഉയരുകയാണ്. ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങള്‍ എന്നിവയാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്.

     പന്നി ശല്യത്തിന് പ്രായോഗിക പരിഹാരം അടിയന്തരമായി ഉണ്ടായില്ലെങ്കില്‍ നെല്‍കൃഷി ഉള്‍പ്പെടെ കൃഷികളെല്ലാം ഇല്ലാതാകുന്ന സാഹചര്യമുണ്ടാകുമെന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/FVTPfw1ymytDHezSaqnZYw


Share this News
error: Content is protected !!