പനംകുറ്റി കരടിയളയില്‍ കുട്ടിയും രണ്ടു വലിയ ആനകളും ഉള്‍പ്പെടുന്ന കൂട്ടം തോട്ടത്തിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.മണ്ണാർകുടി ജോർജ് ജോസഫ്, മഞ്ഞാശേരി തങ്കപ്പൻ എന്നിവരുടെ തോട്ടങ്ങളിലാണ് കൂടുതലും വിളകള്‍ നശിപ്പിച്ചിട്ടുള്ളത്. പത്ത് വലിയ തെങ്ങുകള്‍, 20 ലേറെ തൈതെങ്ങുകള്‍, തൈകളും വലുതുമായി അമ്ബതോളം കവുങ്ങുകള്‍, വാഴത്തോട്ടങ്ങള്‍ തുടങ്ങിയവയാണ് നശിപ്പിച്ചിട്ടുള്ളത്.
ജോർജ് ജോസഫിന്‍റെ ആറ് ഏക്കറിലും തങ്കപ്പന്‍റെ രണ്ട് ഏക്കറിലുമുള്ള വിളകളെല്ലാം ഒടിച്ചിട്ടും ചവിട്ടിയും നശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ പുലർച്ചെയാണ് ആനകള്‍ ഇറങ്ങിയിട്ടുള്ളത്. വനാതിർത്തിയില്‍ അര കിലോമീറ്റർ ദൂരം സോളാർവേലി പ്രവർത്തനക്ഷമമല്ലാത്തതാണ് പീച്ചിക്കാട്ടില്‍ നിന്നും ആനകള്‍ ഇറങ്ങാൻ കാരണമാകുന്നതെന്ന് പ്രദേശവാസികളായ ചെറുനിലം ജോണി, ഷാജൻ എന്നിവർ പറഞ്ഞു.
മറ്റിടങ്ങളിലെല്ലാം സ്വകാര്യതോട്ടം ഉടമകള്‍ അവരുടെ തോട്ടം അതിർത്തികളില്‍ വൈദ്യുതിവേലി സംരക്ഷിക്കുന്നതിനാല്‍ ആനകള്‍ക്ക് കടന്നുവരാനാകില്ല. വനാതിർത്തിയിലുള്ള 25 ഏക്കർ എസ്റ്റേറ്റ് പരിചരണമില്ലാതെ കിടക്കുന്നതും പകല്‍സമയം ആനകള്‍ക്ക് തമ്ബടിക്കാൻ സൗകര്യമാകുന്നുണ്ട്. മനുഷ്യജീവനു ഭീഷണിയാകും വിധം ആനകള്‍ തോട്ടങ്ങളിലെത്തുമ്ബോഴും വനംവകുപ്പ് തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ഇവിടെ അടുത്ത് വനംവകുപ്പിന്‍റെ പോത്തുചാടിയിലുള്ള ഓഫീസില്‍ നേരിട്ട്പോയി നാട്ടുകാർ വിവരം പറഞ്ഞിട്ടും തോട്ടം പരിശോധിക്കുവാൻ പോലും വനപാലകർ എത്തിയില്ല. കാടുപിടിച്ചു കിടക്കുന്ന തോട്ടങ്ങളില്‍ തങ്ങുന്ന ആനകളെ കാട്ടിലേക്ക് തുരത്തി വനാതിർത്തിയിലെ വേലി പുനർനിർമിക്കണമെന്നാണ് കർഷകരുടെ ആവശ്യം. വനപാലകർ നിരുത്തരവാദ സമീപനം തുടർന്നാല്‍ ഉയർന്ന ഉദ്യോഗസ്ഥർക്കും മറ്റു വകുപ്പ് അധികാരികള്‍ക്കും പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/KaxkVnGzO807JiH65XjrDq