കാലാവസ്ഥാമാറ്റം മൂലം നെല്‍പ്പാടങ്ങളില്‍ കളകള്‍ പെരുകുന്നതായി കർഷകർ.
കളയും നീരൂറ്റിക്കുടിക്കുന്ന പ്രാണികളും നെല്‍പ്പാടങ്ങളില്‍ പെരുകുന്നു
കാലാവസ്ഥാമാറ്റം മൂലമാണ് നെല്‍പ്പാടങ്ങളില്‍ കളകള്‍ പെരുകുന്നതെന്ന് കർഷകർ പറയുന്നു . ചേറ്റുവിത നടത്തിയ നെല്‍പ്പാടങ്ങളിലാണ് കളകള്‍ കൂടുതല്‍ മുളച്ചിരിക്കുന്നത്.
കാലാവസ്ഥാമാറ്റം മൂലം കൃത്യമായി വെള്ളം കെട്ടിനിർത്താൻ കഴിയാത്തതും മഴമൂലം ശരിയായ രീതിയില്‍ നെല്ല് മുളയ്ക്കാത്ത നെല്‍പ്പാടങ്ങളിലുമാണ് കളകള്‍ രൂപപ്പെട്ടത്. രണ്ടാംവിള ഞാറു നടീല്‍ നടത്തിയ പാടങ്ങളിലും വിവിധതരം കളകള്‍ മുളച്ചു വരുന്നതായി കണ്ണമ്പ്ര മേഖലയിലെ കർഷകർ പറയുന്നു.
ശരിയായ അനുപാതത്തില്‍ നെല്‍പ്പാടങ്ങളില്‍ വെള്ളം നിർത്താൻ കഴിയാത്തതാണ് കള കൂടുതല്‍ മുളച്ചുപൊന്താൻ ഇടയാക്കിയത്. ദ്രവരൂപത്തിലും പൊടി രൂപത്തിലും ഉള്ള കളനാശിനികളാണ് കർഷകർ നെല്‍ചെടികള്‍ക്കിടയില്‍ തളിച്ച് കള നിയന്ത്രിക്കാൻ ശ്രമിക്കുന്നത്.
വെള്ളം കുറഞ്ഞ നെല്‍പ്പാടങ്ങളില്‍ മുളച്ച് പൊന്തിതുടങ്ങിയതും മുളച്ചു വരുന്നതുമായ നെല്‍പ്പാടങ്ങളിലെ നെല്ലിന്‍റെ ജനിതകഘടന ഇല്ലാത്ത കളകളെ ഇത്തരം കളനാശിനികള്‍ ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയുന്നുണ്ട്. പൊടി രൂപത്തിലുള്ള കളനാശിനി 8 ഗ്രാമിന് 150 രൂപയും ദ്രാവക രൂപത്തിലുള്ള കളനാശിനി 10 മില്ലി 250 രൂപയുമാണ് വില. പവർ സ്പ്രയറുകളും കുറ്റി പമ്പുകളും ഉപയോഗിച്ചാണ് വെള്ളം കുറഞ്ഞ നെല്‍പ്പാടങ്ങളില്‍ കളനാശിനി പ്രയോഗം നടത്തുന്നത്.
കളനാശിനി പ്രയോഗത്തിനുശേഷം ശേഷിക്കുന്ന കളകള്‍ മാത്രം പറിച്ചു നീക്കിയാല്‍ മതിയെന്നതിനാല്‍ കളനാശിനി പ്രയോഗത്തിലൂടെ കർഷകർക്ക് കൂലി ചെലവുകളും
ലാഭിക്കാനാകുമെന്ന് മേഖലയിലെ കർഷകർ ചൂണ്ടിക്കാണിക്കുന്നു. ചെലവ് കുറയ്ക്കുന്നതിനായി ചില കർഷകർ കളനാശിനികള്‍ക്കൊപ്പം നീരൂറ്റി കുടിക്കുന്ന ചെറുപ്രാണികള്‍ക്കും പുഴുക്കേടിനും ഉള്ള കീടനാശിനിയും തളിക്കുന്നുണ്ട്.
.
ഫോട്ടോ :
കർഷകർ നെല്‍പ്പാടങ്ങളില്‍ കളനാശിനി പ്രയോഗം നടത്താനുള്ള ഒരുക്കത്തിൽ
.