മൂര്‍ത്തിക്കുന്നിലെ ആദിവാസികുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കല്‍ അനിശ്ചിതത്വത്തിൽ

Share this News



മംഗലംഡാം  ; വീടിനും കൃഷിഭൂമിക്കുമായി ഒമ്ബതുവർഷത്തിലേറെയായി ഭൂസമരം നടത്തുന്ന കടപ്പാറ മൂർത്തിക്കുന്നിലെ 25 കുടുംബങ്ങളില്‍ 14 കുടുംബങ്ങളെ മേലാർക്കോട്ടേക്കു മാറ്റാനുള്ള നടപടികള്‍ നാലുവർഷമായിട്ടും അനിശ്ചിതത്വത്തില്‍മേലാർകോട് പഞ്ചായത്തിലെ പഴുതറ കല്ലങ്കാട്ടേക്കാണ് 14 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ കളക്ടറുടെ ഇടപെടലില്‍ പട്ടികവർഗ വികസന വകുപ്പ് നാലുവർഷം മുമ്ബ് തീരുമാനിച്ചത്.

ഓരോ കുടുംബത്തിനും ഓരോ ഏക്കർവീതം ഭൂമി നല്‍കാനായിരുന്നു തീരുമാനം. ഊരുമൂപ്പനായിരുന്ന വേലായുധൻ ഉള്‍പ്പെടെയുള്ള കുടുംബങ്ങളാണ് മേലാർക്കോട്ടേക്ക് പോകാൻ സന്നദ്ധത അറിയിച്ചിരുന്നത്.

ഇതുപ്രകാരം 14 കുടുംബങ്ങള്‍ക്ക് വീട് നിർമാണത്തിന്‍റെ ഭാഗമായി തറക്കെട്ടാൻ 90,000 രൂപ വീതം ലഭിച്ചതായി മൂപ്പൻ വേലായുധൻ പറഞ്ഞു. എന്നാല്‍ ഈ പണമൊന്നും ഇപ്പോള്‍ പല കുടുംബങ്ങളുടെയും കൈവശമില്ല. ഒന്നോ രണ്ടോ കുടുംബങ്ങള്‍ മാത്രമാണ് തറകെട്ടാൻ നല്‍കിയ പണം സൂക്ഷിച്ചിട്ടുള്ളത്. എന്നാല്‍ തറകെട്ടുന്ന സ്ഥലത്തേക്ക് കല്ലും മറ്റു സാധനങ്ങളും കൊണ്ടുപോകുന്നതിനുള്ള വഴിയില്ലെന്ന് ഈ വീട്ടുകാർ പറയുന്നു.

ഇറിഗേഷൻ സ്ഥലത്ത് നില്‍ക്കുന്ന മരങ്ങളാണ് വാഹനം കടത്തിക്കൊണ്ടു പോകാൻ തടസമായിട്ടുള്ളത്. ഏഴ് മരങ്ങളാണ് തടസമായുള്ളത്. ഈ മരങ്ങള്‍ മുറിച്ചു മാറ്റണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത് . ഇതിനു ഇറിഗേഷൻവകുപ്പിന്‍റെ അനുമതി വേണം. തങ്ങളുടെ രക്ഷക്ക് വരേണ്ട പട്ടികവർഗ വകുപ്പും ഒന്നും ചെയ്യുന്നില്ലെന്നാണു പരാതി.

മേലാർക്കോട് ഇവർക്ക് അനുവദിച്ച ഭൂമി വനപ്രദേശമല്ലാത്തതിനാല്‍ വന വിഭവങ്ങള്‍ ശേഖരിച്ച്‌ ഉപജീവനം നടത്തുന്ന ആദിവാസികളായ ഇവർക്ക് മേലാർക്കോട് വീട് ഒരുക്കിയാലും ഉപജീവന മാർഗത്തിനായി കടപ്പാറയിലോ മറ്റു വനപ്രദേശങ്ങളിലോ പോകേണ്ടിവരും.

കൂട്ടായ്മ തകർത്ത് ഭൂസമരം പൊളിക്കാനുള്ള ഗൂഢനീക്കവും മേലാർക്കോട് സ്ഥലം കണ്ടെത്തിയതിനു പിന്നിലുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇത് ശരിവക്കുന്നതാണ് ഇപ്പോഴത്തെ ഇവരുടെ ദുരവസ്ഥ. 11 കുടുംബങ്ങളാണ് ഇപ്പോള്‍ ഭൂസമരവുമായി കടപ്പാറ മൂർത്തിക്കുന്നിലുള്ളത്.

മേലാർക്കോട്ടേക്ക് മാറാൻ സന്നദ്ധത അറിയിച്ച കുടുംബങ്ങളുടെ കടപ്പാറയിലെ ആനുകൂല്യങ്ങളും ഇപ്പോള്‍ ഇല്ലാതാക്കി. തൊഴിലുറപ്പു ജോലിയില്‍ നിന്നു വരെ ഇവരെ ഒഴിവാക്കിയതോടെ നിത്യ ചെലവുകള്‍ക്കും ചികിത്സക്കും പണമില്ലാതെ വലിയ കഷ്ടപ്പാടുകളിലാണ് കുടുംബങ്ങളുള്ളത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/DWomPanDgTf0kjuLMNF7Ol


Share this News
error: Content is protected !!