

ഒരു വർഷത്തിലേറെയുള്ള കാത്തിരിപ്പിനൊടുവിൽ കുതിരാൻ വലതുതുരങ്കത്തിലെ റോഡിലുണ്ടായിരുന്ന നീരൊഴുക്ക് പരിഹരിച്ചു. റോഡിനടിയിൽനിന്നുള്ള ഉറവയിൽനിന്നാണു വെള്ളം പുറത്തേക്കൊഴുകിയിരുന്നത്. ഇതു പെട്ടെന്നു ശ്രദ്ധയിൽപ്പെടാത്തതിനാൽ ഇരുചക്രവാഹനയാത്രിക്കാർക്കു ഭീഷണിയായിരുന്നു. ഉറവ വരുന്ന ഭാഗത്ത് ചെളി രൂപപ്പെട്ടതോടെ വാഹനം തെന്നുന്ന സ്ഥിതിയായിരുന്നു.
തൃശ്ശൂർ ഭാഗത്തുനിന്നു വരുമ്പോൾ ഇടത്തേ ട്രാക്കിലായിരുന്നു നീരൊഴുക്ക്. വെള്ളം ഒഴിവാക്കാനായി വാഹനം പെട്ടെന്ന് അടുത്ത ട്രാക്കിലേക്കു വെട്ടിക്കുന്നതും അപകടഭീഷണി ഉയർത്തിയിരുന്നു. ഉറവ വന്നിരുന്ന ഭാഗം വെട്ടിപ്പൊളിച്ച് അടിയിലൂടെ പൈപ്പിട്ട് വെള്ളം ചാലിലേക്കു വിട്ടാണു പ്രശ്നം പരിഹരിച്ചത്.
ജോലി പൂർത്തിയായെങ്കിലും പൈപ്പിട്ട ഭാഗത്ത് കോൺക്രീറ്റ് ഉറയ്ക്കുന്നതിനായി ഒറ്റവരിയായാണു ഗതാഗതം ക്രമീകരിച്ചിട്ടുള്ളത്. ഒരാഴ്ചയ്ക്കുള്ളിൽ ഗതാഗതനിയന്ത്രണം ഒഴിവാക്കുമെന്നു കരാർ കമ്പനി അധികൃതർ അറിയിച്ചു.
2023 ഡിസംബറിലാണ് റോഡിൽ വെള്ളം തങ്ങിനിൽക്കുന്നതു കണ്ടത്. വശങ്ങളിലെ പാറയിൽനിന്ന് ഒഴുകിയിറങ്ങുന്നതെന്നായിരുന്നു ആദ്യ നിഗമനം. വിശദപരിശോധനയിലാണ് റോഡിനടിയിൽനിന്നുള്ള ഉറവയാണെന്നു കണ്ടെത്തിയത്. തുരങ്കത്തിനുള്ളിൽ പാറകൾക്കിടയിലുള്ള വിള്ളലുകൾവഴി ഒഴുകിയിറങ്ങുന്നതു തുടരുന്നുണ്ട്. ഇത് പൈപ്പ് വഴി ചാലിലേക്ക് ഒഴുക്കുകയാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt
