കെ.എസ്.ഇ.ബി. സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിക്കായി 12000 കോടി രൂപ നീക്കിവെച്ചതായും സ്മാര്‍ട്ട് മീറ്റര്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും വൈദ്യുത വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി. ജില്ലയില്‍ വൈദ്യുത വാഹനങ്ങള്‍ക്കായി സ്ഥാപിച്ച നാല് അതിവേഗ ചാര്‍ജിങ് സ്റ്റേഷനുകളുടെയും 87 പോള്‍ മൗണ്ടഡ് ചാര്‍ജിങ് സ്റ്റേഷനുകളുടെയും ഉദ്ഘാടനം നെന്മാറ 110 കെ.വി. സബ്സ്റ്റേഷന് സമീപം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്മാര്‍ട്ട് മീറ്റര്‍ ശ്രദ്ധിച്ച് ഉപയോഗിക്കുകയാണെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ലാഭമാണ്. വൈദ്യുതിക്ക് ഏറ്റവും കൂടുതല്‍ ചാര്‍ജ്ജ് ഈടാക്കുന്ന പീക്ക് അവറുകളില്‍ അനാവശ്യ വൈദ്യുതി ഉപയോഗം കുറയ്ക്കുകയാണെങ്കില്‍ സ്മാര്‍ട്ട് മീറ്റര്‍ ലാഭകരമാകും. വൈദ്യുതി ഉല്‍പ്പാദന രംഗത്ത് കേരളം 173 മെഗാവാട്ട് വൈദ്യുതി ഉത്പാദനം വര്‍ധിപ്പിച്ച് 38 മെഗാവാട്ട് ലഭിക്കുന്ന നാല് പദ്ധതികള്‍ കമ്മീഷന്‍ ചെയ്തതായും മന്ത്രി പറഞ്ഞു. രാജ്യം മുഴുവന്‍ കല്‍ക്കരി ക്ഷാമം മൂലം വൈദ്യുതി ലഭ്യതയില്‍ കുറവ് പ്രതീക്ഷിക്കുന്ന സമയത്ത് കേരളത്തില്‍ വലിയ സാധ്യതകളുള്ള ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റുകളോടുള്ള എതിര്‍പ്പ് മാറ്റിവയ്ക്കാന്‍ സമൂഹം തയ്യാറാവണം. ഏറ്റവും കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള മാര്‍ഗ്ഗമാണ് ഹൈഡ്രോ ഇലക്ട്രിക്കല്‍ പദ്ധതികള്‍. വ്യവസായ ആവശ്യത്തിന് കേരളത്തില്‍ വൈദ്യുതി കുറഞ്ഞനിരക്കില്‍ നല്‍കിയാല്‍ കൂടുതല്‍ വ്യവസായികളെ ആകര്‍ഷിക്കാനും അതുവഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ഓരോ 50 കിലോമീറ്ററിലും ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സര്‍ക്കാര്‍ ലക്ഷ്യം
ഓരോ 50 കിലോമീറ്റര്‍ പരിധിയിലും ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ട്രാന്‍സ്പോര്‍ട്ട് വകുപ്പാണ് നെന്മാറയില്‍ സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനായി എട്ട് കോടി അനുവദിച്ചത്. ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് സ്വകാര്യ വ്യക്തികള്‍ മുന്നോട്ട് വരികയാണെങ്കില്‍ അവരെ പ്രോത്സാഹിപ്പിക്കും. ചാര്‍ജിങ് സ്റ്റേഷനുകളോട് അനുബന്ധിച്ച് ടേക്ക് എ ബ്രേക്ക് പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് ആലോചനയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മുടങ്ങിക്കിടന്ന കുരിയാര്‍കുറ്റി കാരപ്പാറ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് നടപടികള്‍ ആരംഭിച്ചു. മൂന്ന് കോടി രൂപ ചിലവില്‍ ഡി.പി.ആര്‍. തയ്യാറാക്കുന്നതിന് അനുമതി നല്‍കി കഴിഞ്ഞു.
ജലസേചനത്തിന് പുറമേ വൈദ്യുതി ഉത്പാദനം കൂടി ലക്ഷ്യമിടുകയാണ് കുരിയാര്‍കുറ്റി – കാരപ്പാറ പദ്ധതി
ജലസേചനത്തിന് പുറമേ വൈദ്യുതി ഉത്പാദനം കൂടി ലക്ഷ്യമിടുകയാണ് കുരിയാര്‍കുറ്റി കാരപ്പാറ പദ്ധതി. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ തൃശൂര്‍, മലപ്പുറം പാലക്കാട് ജില്ലകള്‍ക്ക് വലിയ ഗുണമുണ്ടാകും. കേരളത്തിന് ലഭിക്കുന്ന 3000 ടി.എം.സി ജലത്തില്‍ വെറും 300 ടി.എം.സി മാത്രമേ കേരളം ഉപയോഗിക്കുന്നുള്ളൂ. പാഴാക്കി കളയുന്ന ജലം കൂടി വൈദ്യുതി ഉല്‍പ്പാദനത്തിന് ഉപയോഗിക്കുകയാണെങ്കില്‍ കേരളത്തിന് വലിയ നേട്ടമാവും. വീടുകളില്‍ സോളാര്‍ വൈദ്യുതി പദ്ധതികള്‍ ഉപയോഗിക്കുകയാണെങ്കില്‍ കുടുംബ ചിലവില്‍ 17000 രൂപയുടെ വരെ കുറവുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കൃഷിക്കാരും മൈക്രോ ഇറിഗേഷന്‍ ഉള്‍പ്പടെ സോളാര്‍ പദ്ധതികള്‍ പ്രയോജനപ്പെടുത്തിയാല്‍ വരുമാനം വര്‍ധിപ്പിക്കാന്‍ ആവും. നാല് മുതല്‍ അഞ്ച് സെന്റ് വരെയുള്ള ചെറുകിട കര്‍ഷക തൊഴിലാളികളുടെ വീട്ടിലും സോളാര്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തി കൃഷിയിലൂടെ ഉള്‍പ്പെടെ വരുമാനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ എല്ലാ എം.എല്‍.എ.മാരുടെ മണ്ഡലങ്ങളിലും അഞ്ച് വീതം പോള്‍ മൗണ്ട് ചാര്‍ജിങ് സ്റ്റേഷനുകള്‍ അനുവദിക്കാനാണ് തീരുമാനം. കൂടുതല്‍ ആവശ്യമുള്ള മണ്ഡലങ്ങള്‍ക്ക് അത് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
കെ.ഡി. പ്രസേനന്‍ എം.എല്‍.എ. അധ്യക്ഷനായ പരിപാടിയില്‍ കെ.എസ.ഇ.ബി.എല്‍ ഡയറക്ടര്‍മാരായ വി.ആര്‍. ഹരി. ആര്‍.സുകു, മേലാര്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വത്സല, മേലാര്‍കോട് ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വിജയലക്ഷ്മി, മേലാര്‍കോട് പഞ്ചായത്തംഗം ഓമന മുരുകന്‍, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി. പ്രഭാകരന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.