

മംഗലംഡാം; ഭാര്യയെ വെടിവെച്ച് കൊന്നശേഷം ഭർത്താവ് സ്വയം വെടിയുതിർത്ത് മരിച്ച സംഭവത്തിൽ ഉപയോഗിച്ചത് അനധികൃത നാടൻതോക്ക്. നീളം കൂടിയ ട്വൽവ് ബോർ തോക്കിന്റെ മാതൃകയിൽ അനധികൃതമായി നിർമിച്ച നാടൻതോക്കാണിതെന്ന് ജില്ലാ ആർമർ വിഭാഗം നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചു. ഇവർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയുധനിയമപ്രകാരം മംഗലംഡാം പോലീസ് കേസെടുത്തു.
തോക്കിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാവിലെയാണ് കോയമ്പത്തൂരിലെ വീട്ടിൽ ഭാര്യ സംഗീതയെ (47) വെടിവെച്ച് കൊന്നശേഷം ഭർത്താവ് കൃഷ്ണകുമാർ (52) വണ്ടാഴി ഏറാട്ടുകുളമ്പിലുള്ള കുടുംബവീട്ടിലെത്തി സ്വയം വെടിയുതിർത്ത് മരിച്ചത്. കൃഷ്ണകുമാർ സഞ്ചരിച്ച കാറിൽനിന്ന് മൂന്ന് തിരകൾ പോലീസ് കണ്ടെടുത്തിരുന്നു. ഇത് ട്വൽവ് ബോർ തോക്കിലുപയോഗിക്കുന്ന തിരയാണെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു. 50 സെന്റീമീറ്റർ നീളമാണ് തോക്കിനുള്ളത്. കുഴലിന് 31 സെന്റീമീറ്ററും.
കൃഷ്ണകുമാറിന്റെ അച്ഛൻ സുന്ദരന് ട്വൽവ് ബോർ തോക്കിന് ലൈസൻസുള്ളതാണ്. ഇതിൽ ഉപയോഗിക്കുന്നതിനായി വാങ്ങിവെച്ചിരുന്ന തിരയാണോ കൃഷ്ണകുമാർ എടുത്തതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. തോക്ക് ലൈസൻസുള്ളവർക്കുമാത്രമേ, ആർമറി സ്ഥാപനത്തിൽനിന്ന് തിരകൾ നൽകുകയുള്ളൂവെന്നതിനാൽ ആർമറി സ്ഥാപനം കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തും. നാടൻതോക്ക് നിർമിച്ചുനൽകുന്ന കേന്ദ്രങ്ങളെക്കുറിച്ചും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ജില്ലാ ആർമറർ എസ്.ഐ. വി. ശിവകുമാർ, സി.പി.ഒ. എ. അരുൺ എന്നിവരാണ് തോക്ക് പരിശോധിച്ചത്. വടക്കഞ്ചേരി പോലീസ് ഇൻസ്പെക്ടർ എസ്. അനീഷ്, എസ്.ഐ. കെ.എ. ഷാജു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം.
സംഗീതയുടെ മരണത്തിൽ കൊലപാതകത്തിന് കേസെടുത്ത കോയമ്പത്തൂർ സൂളൂർ പോലീസ് വണ്ടാഴിയിലെത്തി പ്രാഥമികാന്വേഷണം നടത്തി. സംഗീതയും കൃഷ്ണകുമാറും തമ്മിൽ കുറച്ചുകാലമായി കുടുംബപ്രശ്നങ്ങളെത്തുടർന്ന് തർക്കം നിലനിന്നിരുന്നെന്നും ഇതാകാം സംഭവത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസിന്റെ നിഗമനം