
✍️റിപ്പോർട്ട് : സന്തോഷ് കുന്നത്ത്
വടക്കഞ്ചേരി ;പടങ്ങിട്ടതോട് വറ്റിവരണ്ടു കിടക്കുമ്പോൾ തൊട്ടടുത്ത കുന്നിൻ മുകളിൽ അഞ്ചടിതാഴ്ച്ചയിലെ നീരുറവ അത്ഭുതമാകുന്നു.
നാടിന്‍റെ കുടിനീര്‍ഖനിയായി മംഗലം ഡാം ഓടംതോട് പടങ്ങിട്ടത്തോടിലെ പാറ്റാനി റെയിൻസ് മാണിയുടെ പറമ്പിലാണ് ഈ അത്ഭുത നീരുറവയുള്ളത് കുന്നിൻപുറത്തെ പറമ്പിലെ ഈ വെള്ളക്കുഴിയിൽ നിന്നും താഴേക്ക് നിരവധി വീട്ടുകാർ ഹോസിട്ട് വെള്ളം കൊണ്ടുപോകുന്നുണ്ട്. അരഏക്കറോളം വരുന്നതാണ് വെള്ളക്കുഴിയുള്ള പറമ്പ് . ഈ പ്രദേശത്ത് എവിടെ കഴിച്ചാലും മുഴുവൻ വെള്ളമാണ്. പടങ്ങിട്ടതോട് എന്ന സ്ഥലത്തെ ഈ ഉറവക്ക് പതിറ്റാണ്ടുകളേറെ പിന്നിടുമ്പോഴും ഇന്നും ജലനിരപ്പില്‍ യാതൊരു മാറ്റവുമില്ല. ഓരോ വർഷവും വെള്ളം കൂടുന്നതല്ലാതെ കുറയുന്നില്ല.
ഏകദേശം അഞ്ചടി താഴ്ചയേ കിണർപോലെയുള്ള ഈ ചെറിയ കുഴിക്കുള്ളൂ. എന്നാല്‍ ഏതുസമയവും വെള്ളം നിറഞ്ഞൊഴുകും.
അടിഭാഗം വിരിച്ച പാറയാണ്. എന്നുകരുതി വെള്ളം വറ്റിക്കാമെന്നുവിചാരിച്ചാല്‍ നടക്കില്ല. എത്രവെള്ളംമെടുത്താലും സെക്കന്‍റുകള്‍ക്കുള്ളില്‍ അതേനിരപ്പില്‍ വെള്ളം ഉയർന്നുവരും.
കുഴിക്കു ചുറ്റും ഉറവയാണ്. ഇത്രയും വെള്ളം എവിടെനിന്നുവരുന്നു എന്നാർക്കും അറിയില്ല.ചുറ്റുവട്ടത്ത് മുകളിലെ തോട്ടങ്ങളിലും താഴെയുള്ള തോട്ടങ്ങളിലും വെള്ളമില്ല. ഫ്രിഡ്ജില്‍വച്ച വെള്ളംപോലെ തണുപ്പാണ് നട്ടുച്ചയ്ക്കും കുഴിയിലെ വെള്ളത്തിന്. വേനലിലും മഴക്കാലത്തും ഒരേ ജലനിരപ്പാണെന്നു നാട്ടുകാർ പറഞ്ഞു. അരയടി താഴ്ത്തിയാല്‍ വെള്ളമാകും. ഇതിനാല്‍ തന്നെ പറമ്പില്‍ കിളച്ചുള്ള പണികളൊന്നും നടത്താനാവില്ല.
കവുങ്ങുകളാണ് പറമ്പില്‍നിറയെ. അടയ്ക്ക വീണ് താനെ മുളച്ച് പൊങ്ങും. പറമ്പില്‍ അമർത്തിചവിട്ടിയാല്‍ മതി കാല്‍ താഴ്ന്നുപോകും. ഇത്ര കടുത്ത വേനലിലും ഇതാണുസ്ഥിതി. പറമ്പിനകത്ത് കടന്നാല്‍ ഏതോ തണുപ്പു നാട്ടിലെത്തിയ പ്രതീതിയാകും.
പൊള്ളുന്ന ഉച്ചചൂടിലും ഇവിടെ തണുപ്പിന്‍റെ നനുത്ത സുഖമുണ്ട്. രാത്രിയായാല്‍ കാട്ടുപന്നികളുടെ കൂട്ടങ്ങളും തണുപ്പുതേടിയെത്തും. ഇവ വെള്ളത്തിലുംചെളിയിലും കിടന്നുരുണ്ട് പറമ്പ് മുഴുവൻ കുഴികളാണ്.
ഇതിലെല്ലാം വെള്ളവും നിറഞ്ഞുനില്‍ക്കുന്നു. ഇവിടെ ജലസമൃദ്ധിയാണെങ്കിലും തൊട്ടുതാഴെയുള്ള പടങ്ങിട്ടതോട് വറ്റിവരണ്ടു വറച്ചട്ടി പോലെയാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EIncIvk4T0iA18XHZbnAs4
