

വടക്കഞ്ചേരി ; പതിറ്റാണ്ടുകൾക്ക് മുൻപ് ഒരു നാടിന്റെ അടയാളവുമായിരുന്ന കുളം പിന്നീട് കളയും പായലും കയറി ഉപേക്ഷിക്കപ്പെട്ടെങ്കിലും കുളത്തിന്റെ പേരിൽ ‘കൊട്ടേക്കുളം’ എന്നു തന്നെ ആ നാട് അറിയപ്പെട്ടു. ചെറിയ ഗ്രാമത്തിന്റെ ഒത്ത നടുവിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള കുളത്തിന് ഇപ്പോൾ പുതു ജീവൻ വയ്ക്കുകയാണ്. വാർഡ് അംഗം പി എം റോയ് മാസ്റ്ററുടെ മാസങ്ങളായുള്ള ശ്രമത്തിനൊടുവിൽ വിവിതോദ്ദേശ്യ കുളം നവീകരണ പദ്ധതി ജലസേചന വകുപ്പ് തത്വത്തിൽ അംഗീകരിച്ചു.
ബുധനാഴ്ച്ച ചിറ്റൂർ മൈനർ ഇറിഗേഷൻ വകുപ്പിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഡി എസ് സുജിത്ത്, അസിസ്റ്റന്റ് എഞ്ചിനീയർ കിരൺ ബി രാജ്, ഓവർസിയർ എൻ സന്തോഷ്‌കുമാർ എന്നിവരടങ്ങിയ സംഘം കൊട്ടേക്കുളത്തെത്തി പ്രാഥമിക പഠനം നടത്തി.
ഒരേക്കർ വിസ്തീർണ്ണമുള്ള കുളത്തിന്റെ മുക്കാൽ ഏക്കർ ജല സമൃദ്ധിയാണ്. ബാക്കിയുള്ള 46 മീറ്റർ നീളവും 6 മീറ്റർ വീതിയുമുള്ള ഭാഗത്ത് നിലവിൽ കെട്ടിടമില്ലാത്ത വായനശാലക്ക് കെട്ടിടം, മുകളിൽ കോൺഫറൻസ് ഹാൾ, സോളാർ പ്ലാന്റ് എന്നിവയും, ഇതിനോട് ചേർന്ന് ഓപ്പൺ ജിം, ഗാർഡൻ, വിശ്രമ ബഞ്ചുകൾ, ഔഷധ തോട്ടം, ടോയ്ലറ്റ് എന്നിവയും, കുളം ശുദ്ധമാക്കി സ്വിമ്മിംഗ് പൂൾ ഒരുക്കും. നെൽ കൃഷി ധാരാളമുള്ള അടുത്ത പ്രദേശങ്ങളിൽ ജലസേചന സൗകര്യവും ഈ കുളം നവീകരണത്തിലൂടെ സാധ്യമാകുമെന്ന് വാർഡ് മെമ്പർ റോയ് മാസ്റ്റർ വിശദീകരിച്ചു.
കുളത്തിന്റെ വിസ്തൃതിയിൽ കുറവ് വരാതെ തന്നെ ഈ പ്രൊജക്റ്റ് നടപ്പിലാക്കാവുന്നതാണെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഡി എസ് സുജിത്ത് പറഞ്ഞു. 20 അടി വീതിയിൽ ഇന്റാർലോക്ക് ഇട്ട് മോടിയാക്കാൻ കഴിയും. എത്രയും വേഗത്തിൽ തന്നെ പ്രാഥമിക റിപ്പോർട്ടും എസ്റ്റിമേറ്റും വകുപ്പിന് നൽകുമെന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പറഞ്ഞു.
കുളം നവീകരണത്തിന് പഞ്ചായത്തിന്റെ പൂർണ്ണ പിന്തുണ ഉണ്ടെന്നും എം എൽ എ ഫണ്ട്, നബാർഡ് ഫണ്ട് എന്നിവ ലഭ്യമാക്കാനുള്ള ശ്രമത്തിലാണെന്നും റോയ് മാസ്റ്റർ പറഞ്ഞു. ഇതിനായി ഒരു കോടി രൂപയുടെ പ്ലാനും എസ്‌റ്റിമേറ്റും തയ്യാറാക്കി ജലസേചന വകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. പദ്ധതി പൂർത്തിയാവുന്നതോടെ കൊട്ടേക്കുളത്തിന്റെ മുഖഛായ തന്നെ മാറുമെന്നും റോയ് മാസ്റ്റർ പറയുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/HDI7U8yp7Ft7thm1bAOyxF
