വാൽകുളമ്പ് – പനംകുറ്റി- പന്തലാംപാടം മലയോരപാതയോട് അവഗണന

Share this News



കിഴക്കഞ്ചേരി പഞ്ചായത്തിലെ കോരഞ്ചിറയില്‍ നിന്നു തുടങ്ങി വാല്‍കുളമ്ബ് – പനംകുറ്റി വഴി മേരിഗിരി പന്തലാം പാടത്തേക്കുള്ള മലയോരപാത ഗതാഗതയോഗ്യമാക്കാൻ ഭരണ നേതൃത്വങ്ങള്‍ക്കും ഭരണപാർട്ടികള്‍ക്കും മടിയെന്ന് ആക്ഷേപം.

യാത്രക്ക് പറ്റാത്ത വിധം റോഡ് പൊട്ടി തകർന്നിട്ടും നന്നാക്കുന്നില്ലെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. റോഡ് റിപ്പയർ ചെയ്യാൻ മതിയായ തുക അനുവദിച്ചതായി രണ്ട് വർഷം മുമ്ബാണ് ജനപ്രതിനിധികള്‍ അറിയിച്ചത്.

ഇതു സംബന്ധിച്ച്‌ പത്രങ്ങള്‍ക്ക് വാർത്ത നല്‍കുകയും ഫ്ളക്സ് ബോർഡുകള്‍ ഉയരുകയും ചെയ്തു. രണ്ട് വർഷത്തോളമായിട്ടും റോഡ് നന്നാക്കിയിട്ടില്ല. കാലവർഷം ആരംഭിക്കാൻ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കേ മലയോരവാസികള്‍ക്ക് ഇനിയും യാത്രാദുരിതം സമ്മാനിക്കുകയാണ് ഭരണക്കാർ. മഴ ശക്തിപ്പെടുന്നതോടെ റോഡിലൂടെയുള്ള യാത്ര കഠിനതരമാകും.

കുഴികളില്‍പ്പെട്ട് വാഹനം കേടായി കിടക്കും. പാതയില്‍ പല ഭാഗത്തും ടാറിംഗ് പോലും കാണാത്ത വിധമാണ് തകർന്നു കിടക്കുന്നത്. ലവണപ്പാടം ഭാഗത്ത് മണ്ണെടുപ്പ് നടക്കുന്നതിനാല്‍ മണ്ണ് ഒലിച്ചിറങ്ങി റോഡില്‍ ചെളിയും നിറയുന്നുണ്ട്. റോഡ് വികസനവും രാഷ്ട്രീയനിറം നോക്കിയാകുന്നതാണ് മലയോരപാതയെ ഇങ്ങനെ അവഗണിക്കുന്നതെന്നാണ് ആക്ഷേപം.

വലിയ കുഴികള്‍ നാട്ടുകാർ തന്നെ മൂടിയാണ് അത്യാവശ്യങ്ങള്‍ക്ക് വാഹനങ്ങള്‍ പോകുന്നത്. മഴക്കാലമായാല്‍ സ്ഥിതി മാറും. പാലക്കുഴി, കണിച്ചിപരുത, വാല്‍കുളമ്ബ്, ആരോഗ്യപുരം, മംഗലംഡാം തുടങ്ങിയ മലയോരവാസികള്‍ക്ക് തൃശൂർ ഭാഗത്തേക്ക് പോകാനുള്ള ഏറ്റവും എളുപ്പമാർഗമാണ് ഈ പാത. എന്നാല്‍ റോഡ് നിർമിച്ച്‌ പിന്നീട് എട്ട് വർഷത്തോളമായി നല്ല രീതിയിലുള്ള റീടാറിംഗ് പോലും നടത്തിയിട്ടില്ല.

കിഴക്കഞ്ചേരി, കണ്ണമ്ബ്ര എന്നീ രണ്ട് പഞ്ചായത്തുകളിലായാണ് പത്തിലേറെ കിലോമീറ്റർ ദൂരം വരുന്ന റോഡുള്ളത്. ഇതില്‍ കിഴക്കഞ്ചേരി പഞ്ചായത്തില്‍പ്പെടുന്ന റോഡാണ് കൂടുതല്‍ തകർന്നു കിടക്കുന്നത്. പോത്തുചാടി ഉള്‍പ്പെടുന്ന കണ്ണമ്ബ്ര പഞ്ചായത്തിലെ കുറെ ഭാഗങ്ങള്‍ ടാർ കാണുംവിധം ഗതാഗത യോഗ്യമായുണ്ട്.

എന്നാല്‍ താമരപ്പിള്ളി മുതല്‍ റോഡ് പൂർണമായും തകർന്ന നിലയിലാണ്. പീച്ചി വന്യമൃഗ സംരക്ഷണ കേന്ദ്രത്തോട് ചേർന്ന് കിടക്കുന്ന പാതയായതിനാല്‍ ആന ഉള്‍പ്പെടെയുള്ള വന്യ മൃഗങ്ങള്‍ വിഹരിക്കുന്ന പ്രദേശമാണിത്.

രാത്രി കാലങ്ങളില്‍ ആനയോ മറ്റു മൃഗങ്ങളോ മുന്നില്‍ പെട്ടാല്‍ റോഡിന്‍റെ ശോച്യാവസ്ഥ മൂലം വാഹനം പെട്ടെന്ന് പിറകോട്ട് എടുക്കാനോ മുന്നോട്ടു എടുക്കാനോ കഴിയില്ല. രാഷ്ടീയം നോക്കാതെ വികസനം നടപ്പിലാക്കുമെന്ന് പ്രസംഗിക്കുന്നതിനൊപ്പം അത് നടപ്പിലാക്കാൻ കൂടി ഭരണക്കാരും ജനപ്രതിനിധി തയ്യാറാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News
error: Content is protected !!