ദേശീയ പാതയിലെ ഓട്ടയടക്കൽ ഒരു മഴയിൽ ഒലിച്ചുപോയി ; വാഹനങ്ങൾ കുഴിയിൽ പെട്ട് നിരവധി അപകടങ്ങൾ

Share this News




വടക്കഞ്ചേരി ദേശീയ പാതയിലെ ഓട്ടയടക്കൽ ഒരു മഴയിൽ ഒലിച്ചുപോയി. വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിൽ
അടച്ച കുഴികൾ വീണ്ടും തെളിഞ്ഞു വാഹനങ്ങൾ കുഴിയിൽ പെട്ട് നിരവധി അപകടങ്ങളുണ്ടായി. ആറുവരിപ്പാതയിൽ കരാർ കമ്പനി താത്കാലികമായി അടച്ച കുഴികളാണ് വീണ്ടും തെളിഞ്ഞത്.പഴയതിലും വലിയ കുഴികൾ രൂപപ്പെട്ടതോടെ ദേശീയപാത വഴിയുള്ള യാത്ര ദുഷ്ക്കരമായി.
ഇന്നലേയും മിനിഞ്ഞാന്നും പന്തലാംപാടത്തും കൊമ്പഴയിലും കുതിരാനിലും വാഹനങ്ങൾ കുഴിയിൽ പെട്ട് അപകടമുണ്ടായി. കൊമ്പഴയിൽ കാറിന്റെ ടയർ പഞ്ചറായി. ആറുവരി പാതയിൽ പാതാളക്കുഴികൾ രൂപപ്പെട്ടതോടെ വേഗതയിൽ യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് യാത്രക്കാർ.
വൻ തുക ടോൾ നൽകി കടന്നു പോകുന്ന റോഡിന്റെ അവസ്‌ഥയാണിത്. കഴിഞ്ഞ ദിവസം ദേശീയപാത ശങ്കരംകണ്ണൻതോട്ടിൽ റോഡിലെ കുഴിയിൽ പെട്ട് നിയന്ത്രണം തെറ്റി ബൈക്ക് മറിഞ്ഞ് യുവാവിന് ഗുരുതരമായി
പരുക്കേറ്റിരുന്നു. ആറുവരി പാതയിൽ വടക്കഞ്ചേരി മുതൽ മണ്ണുത്തി വരെ ചെറുതും വലുതുമായ നൂറുകണക്കിന് കുഴികൾ രൂപപ്പെട്ടത് വീണ്ടും തെളിഞ്ഞു വന്നു.അപകടങ്ങൾ നിത്യ സംഭവമായിട്ടും ദേശീയപാത അതോറിറ്റിയോ നിർമാണ കമ്പനിയോ തിരിഞ്ഞു നോക്കുന്നില്ല. റെഡി മിക്സ് വെച്ച് അടച്ച കുഴികളും റോഡ് കുത്തിപ്പൊളിച്ച് നടത്തിയ ടാറിങ്ങും വിണ്ടുകീറി കുഴികളായിക്കഴിഞ്ഞു. കുഴിയിൽ പെട്ട് വാഹനങ്ങളുടെ ആക്‌സിൽ  ഒടിയുന്നതായും ടയറുകൾ പൊട്ടുന്നതായും ഡ്രൈവർമാർ പറഞ്ഞു. റോഡ് നന്നാക്കാൻ തയാറല്ലെങ്കിൽ പന്നിയങ്കരയിലെ ടോൾ പിരിവ് നിർത്തിവയ്ക്കണമെന്ന് സംയുക്ത സമരസമിതി ആവശ്യപ്പെട്ടു.
വടക്കഞ്ചേരി, തേനിടുക്ക്, പന്നിയങ്കര, ചുവട്ടുപാടം, ശങ്കരം കണ്ണൻതോട്, മേരിഗിരി, പന്തലാംപാടം, വാണിയമ്പാറ, കൊമ്പഴ, കുതിരാൻ, വഴുക്കുംപാറ, ചുവന്നമണ്ണ്, പട്ടിക്കാട്, മുടിക്കോട് ഭാഗങ്ങളിൽ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. വടക്കഞ്ചേരി മേൽപാലവും കുതിരാൻ മേൽപാലവും സുരക്ഷിതമല്ലെന്ന് പ്രദേശത്തുകാർ പറഞ്ഞു.
വാഹനങ്ങൾ പാലത്തിലൂടെ പോകുമ്പോൾ ഇരുഭാഗങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ജോയിന്റ് ഭാഗത്ത് വൻ ശബ്ദത്തിൽ വാഹനങ്ങൾ ചാടിയാണ് പോകുന്നത്. പാലങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്ന ഭാഗങ്ങളുമുണ്ട്. ദേശീയപാതയോരത്തെ വീടുകളിൽ വെള്ളം കയറുന്നതായും പരാതിയുണ്ട്. തേനിടുക്ക് മുതൽ കൊമ്പഴ വരെ ദേശീയപാതയ്ക്കായി മണ്ണ് എടുത്ത സ്‌ഥലങ്ങളിൽ സംരക്ഷണ ഭിത്തി കെട്ടി നൽകുമെന്ന് ദേശീയപാത അതോറിറ്റി പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. ഇരുപതോളം വീടുകൾ അപകടവസ്ഥയിലാണ്

ദേശീയപാതയിൽ
നിർമാണ പ്രവൃത്തികൾ തീരുന്നതു വരെ വാഹനങ്ങളുടെ ടോൾ ഒഴിവാക്കണമെന്ന് ഫോറം ഫോർ കൺസ്യൂമർ ജസ്റ്റിസ് യോഗം ആവശ്യപ്പെട്ടു. ഗതാഗത കുരുക്കിൽ മണിക്കൂറുകൾ
വൈകിയാണ് വാഹനങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നത്.

കുരുക്ക് ഒഴിവാക്കാൻ കരാറുകാരുടെ ചെലവിൽ അതത് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഹോം ഗാർഡുകളെ ഡ്യൂട്ടിക്ക് നിയോഗി ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News
error: Content is protected !!