ഞായറാഴ്ച ബസ് സര്‍വീസ് ഉണ്ടാകുമെന്ന് നോട്ടീസ് പ്രദര്‍ശിപ്പിച്ച്‌ സ്വകാര്യ ബസുകൾ

Share this News

✍️സന്തോഷ്‌ കുന്നത്ത്


ഇന്ധനവില വർധനവിൽ ശ്വാസം മുട്ടുന്ന ഗ്രാമീണ മേഖലയിലെ സ്വകാര്യ ബസ്സുകൾ യാത്രക്കാരുടെ എണ്ണക്കുറവിൽ വലിയ പ്രതിസന്ധി നേരിടുകയാണ്.
കാലം മാറിയപ്പോൾ നാട്ടിൻപുറങ്ങളിലും ഉള്‍ഗ്രാമങ്ങളില്‍ പോലും സ്വന്തമായി വാഹനമുള്ളവരുടെ എണ്ണം വർധിച്ചതോടെ ബസുകള്‍ ട്രിപ്പുകള്‍ വെട്ടിക്കുറച്ചാണ് ഇപ്പോള്‍ സർവീസ് നടത്തുന്നത്.

ഉള്‍നാടുകളിലെ പലയിടത്തേക്കും ഞായറാഴ്ചകളില്‍ സർവീസ് ഇല്ലാത്ത സ്ഥിതിയാണ്. യാത്രക്കാരെ കിട്ടുമെന്ന് ഉറപ്പുള്ള ദിവസങ്ങളില്‍ ബസുകളില്‍ സ്റ്റിക്കർ ഒട്ടിച്ചുവച്ചാണ് ബസുകള്‍ ഓടുന്നത്. നാട്ടുകാർ ബസ്സില്ല എന്ന് കരുതി യാത്ര ഒഴിവാക്കാതിരിക്കാനുള്ള മുൻകരുതൽ കൂടിയാണിത്.

വടക്കഞ്ചേരി – മുടപ്പല്ലൂർ വഴി പോകുന്ന സ്വകാര്യ ബസില്‍ കോണിപ്പടിയില്‍ ഒട്ടിച്ചു വച്ചിട്ടുള്ള സ്റ്റിക്കറാണിത്. എല്ലാ ഞായറാഴ്ചകളിലും ബസ് സർവീസ് ഉണ്ടാകുമെന്നാണ് യാത്രക്കാർക്കുള്ള ഈ അറിയിപ്പ്. സ്വന്തമായി മറ്റു വാഹനങ്ങളില്ലാത്തവർക്ക് ബസുകള്‍ തന്നെയാണ് ഇപ്പോഴും ആശ്രയം. അതല്ലെങ്കില്‍ വലിയ വാടകയ്ക്ക് വാഹനം വിളിക്കണം. മുമ്പൊന്നും ബസുകളില്‍ ഇങ്ങനെ സ്റ്റിക്കർ ഒട്ടിച്ച്‌ യാത്രക്കാരെ അറിയിക്കേണ്ട ഗതികേട് ബസുകാർക്ക് ഉണ്ടാകാറില്ല. ഒഴിവുദിവസങ്ങളിലും വേനലവധി കാലത്തുമെല്ലാം യാത്രക്കാർ തിങ്ങിനിറഞ്ഞാണ് ബസുകള്‍ പോയിരുന്നത്. കാലം മാറിയതോടെ അമ്പതും അറുപതും
യാത്രക്കാരെ കൊണ്ടുപോയിരുന്ന ഒരു ബസിനു പകരം അത്ര തന്നെ കാറുകളും ഇരുചക്ര വാഹനങ്ങളുമായി.

ഒരു വീട്ടില്‍നിന്നുതന്നെ ഒന്നോ രണ്ടോ യാത്രക്കാരുമായി രണ്ടും മൂന്നും കാറുകള്‍ ഒരേ സ്ഥലത്തേക്ക് തന്നെ പോകുന്നു. ഇതിനാല്‍ റോഡില്‍ വാഹനകുരുക്കും കൂടി. എത്തേണ്ടിടത്ത് യഥാസമയം എത്തിച്ചേരാൻ കഴിയാത്ത സ്ഥിതിയാണിപ്പോള്‍. ബസ്ചാർജ് ഇനിയും കൂട്ടിയാല്‍ ഉള്ള യാത്രക്കാരുപോലും ഇല്ലാതാകുമെന്നാണ് യാത്രക്കാർ പറയുന്നത്. ഓട്ടോറിക്ഷ നിരക്ക് കൂട്ടുമ്പോഴും ഇതുതന്നെയാണ് സംഭവിക്കുക. സ്ത്രീകള്‍ മാത്രമുള്ള വീടുകളാണെങ്കില്‍ പോലും ഇരുചക്ര വാഹനമെങ്കിലും വാങ്ങി അത്യാവശ്യങ്ങള്‍ക്ക് പോകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറി.

മലയോരങ്ങളിലേക്കുള്ള കെഎസ്‌ആർടിസി ബസുകള്‍ ഞായറാഴ്ചകളില്‍ സർവീസ് നടത്തുന്നത് അപൂർവകാഴ്ചയാണിപ്പോള്‍. പലകാരണങ്ങള്‍ പറഞ്ഞാണ് കെഎസ്‌ആർടിസി ബസുകള്‍ ഞായറാഴ്ചകളില്‍ ഓട്ടം നിർത്തിവയ്ക്കുന്നത്.
.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News
error: Content is protected !!