ഈ മാമ്പഴക്കാലം ‘മുതലമടക്ക്’ ഇരട്ടി നേട്ടം; 600 കോടിയോളം രൂപയുടെ റെക്കോര്‍ഡ് വിറ്റുവരവ്

Share this News





ഇത്തവണത്തെ മാമ്പഴക്കാലം മുതലമടക്ക് ഇരട്ടി മധുരമേകും. ഡിസംബർ അവസാനം ആരംഭിച്ച്‌ മേയ് വരെ നീളുന്ന മാമ്പഴ സീസണില്‍ 600 കോടിയോളം രൂപയുടെ റെക്കോർഡ് വിറ്റുവരവാണ്‌ ഇക്കുറി ലഭിച്ചത്.

മുതലമട മാങ്ങയ്ക്കു സീസണില്‍ മികച്ച വില ലഭിച്ചതും കീടബാധ കുറവായതിനാല്‍ 60 ശതമാനത്തിലേറെ ഉല്‍പാദനമുണ്ടായതും നേട്ടത്തിനു കാരണമായി. മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്, കൊല്‍ക്കത്ത, ബെംഗളൂരു എന്നീ പ്രധാന വിപണികള്‍ക്കൊപ്പം ഗള്‍ഫ് രാജ്യങ്ങളിലും ഇത്തവണ മുതലമട മാങ്ങയ്ക്കു മികച്ച വില ലഭിച്ചു. സീസണ്‍ പകുതിയായപ്പോ‌ള്‍ ഗള്‍ഫ് രാജ്യങ്ങളിലെ മാളുകളില്‍ മുതലമട അല്‍ഫോൻസ മാങ്ങയുടെ വില കിലോഗ്രാമിന് 1350 രൂപ വരെയെത്തിയിരുന്നു.

മാമ്പഴക്കാലത്തെ സംഭരണത്തിനും വിപണനത്തിനുമായി ഇരുനൂറിലധികം സംഭരണ – വിപണന കേന്ദ്രങ്ങള്‍ പ്രവർത്തിക്കുന്നുണ്ട്. ഇതില്‍ 6 കേന്ദ്രങ്ങളില്‍ 50 – 60 കോടി രൂപയുടെ വിറ്റുവരവ് ഇത്തവണയുണ്ടായി. 15 മുതല്‍ 25 കോടി രൂപയുടെ വരെ കച്ചവടം നടത്തിയ 15 വിപണന കേന്ദ്രങ്ങളുണ്ട്. മുപ്പതോളം കേന്ദ്രങ്ങള്‍ 3 കോടി രൂപ വരെയുള്ള കച്ചവടം നടത്തി. മുതലമട പഞ്ചായത്തില്‍ 6000 ഹെക്ടറിലാണ് മാവ് കൃഷി വ്യാപിച്ചു കിടക്കുന്നത്. രണ്ടായിരത്തിലധികം മാവ് കർഷകരും 250ലധികം മാങ്ങ കയറ്റുമതി സംഭരണ കേന്ദ്രങ്ങളുമാണ് മുതലമടയില്‍ ഉള്ളത്. രാജ്യത്ത് ആദ്യം വിളയുന്നതിന്റെ പെരുമയുള്ള മുതലമട മാമ്പഴത്തിനു കോടിക്കണക്കിന് രൂപയാണ് പ്രതിവർഷ വിറ്റുവരവ്.

പഞ്ചായത്തിന്റെ തുടക്കം മുതല്‍ തമിഴ്നാട് അതിർത്തി പ്രദേശങ്ങള്‍ വരെയുള്ള റോഡുകള്‍ക്ക് ഇരുവശവും മാവിൻതോട്ടങ്ങള്‍ ഭാഗികമായി കാണപ്പെടുന്നുണ്ട്. വാളയാർ മുതല്‍ ചെമ്മണാംപതി വരെയുള്ള മാവിൻതോട്ടങ്ങളില്‍ അല്‍ഫോൻസ (ആപ്പൂസ്), ബങ്കനപ്പള്ളി, ശെന്തൂരം, കാലാപാടി, ഹിമാപസന്ത്, ദോത്താപുരി (കിളിമൂക്ക്), മൂവാണ്ടൻ, മല്‍ഗോവ, ശർക്കരക്കുട്ടി, പ്രിയൂർ, നീലം, ഗുധാദത്ത്, മല്ലിക എന്നിവയുള്‍പ്പെടെയുള്ള മാവുകളുണ്ട്. കാലാവസ്ഥാ വ്യതിയാനവും കീടങ്ങളുടെ ആക്രമണവും മിത്ര കീടങ്ങളുടെ നാശവും വിപണിയിലെ വിലയിടിവും മുഴുവൻ മാവ് കർഷകരെയും പ്രതിസന്ധിയിലാക്കിയിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News
error: Content is protected !!