
✍️സന്തോഷ് കുന്നത്ത്
കിഴക്കഞ്ചേരി പഞ്ചായത്തിലെ
പനംകുറ്റിയിൽ സൗരോർജവേലിയെല്ലാം പ്രവർത്തനക്ഷമമെന്ന് കർഷകരോട് നുണ പറഞ്ഞു വനപാലകർ.
പ്രവർത്തനരഹിതമായിരുന്ന വനാതിർത്തിയിലെ സൗരോർജവേലിയെല്ലാം അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കിയെന്നും ആനശല്യത്തിനു പരിഹാരമായെന്നുമായിരുന്നു രണ്ടുദിവസംമുമ്പ് വനപാലകർ പനംകുറ്റിയിലെ കർഷകരുടെ വീടുകളിലെത്തി പറഞ്ഞത്. ഇതു വിശ്വസിച്ച് ആശ്വസിച്ചിരുന്നപ്പോഴാണ് കഴിഞ്ഞരാത്രികളിലെല്ലാം ആനയിറങ്ങി വ്യാപകമായി വിളകള്‍ നശിപ്പിക്കുന്ന സ്ഥിതിതുടർന്നത്.
വനപാലകർ ഉറപ്പുപറഞ്ഞതിനു പിന്നാലെ വീണ്ടും ആനയെത്തിയതോടെ കർഷകർക്കു സംശയമായി.ഇതേ തുടർന്ന് എഴുപത്തഞ്ചുവയസുകാരനായ ചെറുനിലം ജോണിയുടെ നേതൃത്വത്തില്‍ ലൈനില്‍ വൈദ്യുതിയുണ്ടോ എന്നറിയാനുള്ള ടെസ്റ്ററും മറ്റു സംവിധാനങ്ങളുമായി വനാതിർത്തിയിലൂടെ കർഷകർ പരിശോധന നടത്തി. ‘എല്ലാം ശരിയാക്കിയിട്ടുണ്ട്’ എന്നു വനപാലകർപറഞ്ഞ വനാതിർത്തിയിലായിരുന്നു ആദ്യം പരിശോധന നടത്തിയത്. അപ്പോഴാണ് അറിയുന്നത് വനപാലകർ സ്ഥലത്ത് എത്തിയിട്ടുപോലുമില്ലെന്നും പറഞ്ഞതെല്ലാം നുണകളായിരുന്നെന്നും.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പനംകുറ്റിയിൽ കാട്ടാനയിറങ്ങി വ്യാപകമായി വിളകൾ നശിപ്പിച്ചു. പനംകുറ്റി ചെറുനിലം ജോണിയുടെ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാന രണ്ട് പ്ലാവുകൾ കുത്തി മറിച്ചിട്ടു. പറമ്പിലെ വാഴയും കമുകും ജാതിയും തെങ്ങും നശിപ്പിച്ചു. കഴിഞ്ഞ ഒരു മാസമായി കാട്ടാന ജനവാസ മേഖലയിൽ എത്തി വിളകൾ നശിപ്പിച്ചിട്ടും പഞ്ചായത്തും വനംവകുപ്പും നടപടി സ്വീകരിക്കുന്നില്ലെന്ന പരാതി ശക്തമാണ്. കഴിഞ്ഞ ദിവസങ്ങളിൽ കെ.ജി. പ്രദീപ്, പെരുമ്പിള്ളി ജയിംസ്, കാവനാക്കുടി കൊച്ചുകുഞ്ഞ് എന്നിവരുടെ പറമ്പിലെ വിളകളും കാട്ടാന നശിപ്പിച്ചു. രാത്രി കർഷകർ പടക്കം പൊട്ടിച്ച് ആനയെ ഓടിക്കുന്നുണ്ടെങ്കിലും പിറ്റേ ദിവസവും എത്തുന്നതായി കർഷകർ പറയുന്നു.
കുലവന്ന വാഴ തള്ളിയിട്ട് അതിലെ പിണ്ടി മാത്രമാണ് മുൻപ് ആന തിന്നിരുന്നത്. എന്നാൽ ഇപ്പോൾ വാഴക്കുലകളും തിന്നുന്നു. ഒറ്റയാനാണ് കൃഷിയിടങ്ങളിൽ കറങ്ങുന്നത്. വിവരമറിഞ്ഞ് വനപാലകർ സ്‌ഥലത്ത് എത്തിയെങ്കിലും ആനയെ കാടുകയറ്റാൻ നടപടിയൊന്നും എടുത്തിട്ടില്ലെന്നാണ് കർഷകരുടെ പരാതി.
രാത്രിയായാൽ വീടിനു പുറത്തിറങ്ങാൻ ജനങ്ങൾ ഭയപ്പെടുകയാണ്. വനം വകുപ്പ് ശരിയാക്കി എന്ന് പറഞ്ഞ സോളർ കമ്പിവേലി പ്രവർത്തിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. പാലക്കുഴി മുതൽ പോത്തുചാടി വരെയുള്ള പ്രദേശങ്ങളിൽ സോളർ ഫെൻസിങ് പല ഭാഗത്തും തകർന്നുകിടക്കുകയാണ്. വന്യമൃഗങ്ങൾ കാടിറങ്ങുന്നതു കണ്ടത്താൻ ചിലയിടങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചെങ്കിലും ഇവയും പ്രവർത്തിക്കുന്നില്ല. ദ്രുതകർമ സേനകളുടെ (ആർ ആർടി) രൂപീകരണവും നടന്നിട്ടില്ല.
ഫെൻസിങ് പുനഃസ്ഥാപിക്കാൻ വൈകിയാല്‍ വനപാലകരുടെ കബളിപ്പിക്കലിനെതിരേ ബന്ധപ്പെട്ടവർക്കെല്ലാം പരാതി നല്‍കാനാണ് കർഷകരുടെ തീരുമാനം.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D
