
ചെറുകിട റബർ കർഷകർക്ക് സഹായകമായി റബർപാൽ സംഭരണകേന്ദ്രം വടക്കഞ്ചേരി ബസ് സ്റ്റാൻഡിൽ ആരംഭിച്ചു. കർഷകർ സംഭരിക്കുന്ന പാൽ അതാത് ദിവസം കേന്ദ്രത്തിൽ എത്തിച്ചാൽ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ പണം നൽകും. ഇതുമൂലം ചെറുകിട റബർ കർഷകർക്ക് ഷീറ്റ് അടിക്കലും ഉണക്കലും മറ്റു അനുബന്ധ ചെലവുകളും സമയനഷ്ടവും അധ്വാനവും ഒഴിവാക്കാമെന്ന് സംരംഭത്തിന് നേതൃത്വം നൽകുന്ന കെ.പി. എൽദോ പറഞ്ഞു
ക്ഷീരസംഘങ്ങളിൽ പശുവിൻ പാൽ അളക്കുന്നതുപോലെ എല്ലാദിവസവും പാൽ സംഭരിച്ച് ഉത്പന്നത്തിന്റെ പണമാക്കാം. പാൽ കൊടുക്കുന്ന ദിവസത്തെ വില എത്രയാണോ അത് കർഷകർക്ക് ലഭിക്കും. റബർ ബോർഡിൻ്റെ നിർദേശങ്ങൾ പാലിച്ച് ഏഷ്യൻ ലാറ്റക്‌സാണ് സംഭരണം നടത്തുന്നത്. ആവശ്യമുള്ള കർഷകർക്ക് 25, 50 ലിറ്ററിന്റെ ജാറുകളും നൽകും. തോട്ടങ്ങളിൽ നിന്നും പാൽ സംഭരിച്ച് കേന്ദ്ര ത്തിൽ എത്തിച്ചാൽ മതി. വലിയ തോട്ടങ്ങളാണെങ്കിൽ ബാരലുകൾ എത്തിച്ച് നേരിട്ട് സംഭരണം നടത്തുന്ന സംവിധാനവുമുണ്ട്. ഇതിന്റെ പണം അഞ്ച് ദിവസത്തിനുള്ളിൽ ബാങ്ക് അക്കൗണ്ടിലെത്തും. പുറമെ നിന്നുള്ളവർക്കും ഡിആർസി ടെസ്റ്റിംഗിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് സംരഭകർ പറഞ്ഞു.
സംഭരണകേന്ദ്രത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്റ് ലിസി സുരേഷ് നിർവഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കെ.എം. ജലീൽ, വ്യാപാരി സംരക്ഷണ സമിതി ചെയർമാൻ ബോബൻ ജോർജ് തുടങ്ങിയവരും പങ്കെടുത്തു.
