നാല് ലക്ഷത്തിലേറെ പേര്‍ക്ക് ഭൂമി; റവന്യൂ വകുപ്പില്‍ വിപ്ലവകരമായ മാറ്റങ്ങളെന്ന് മന്ത്രി കെ. രാജന്‍

Share this News


ജില്ലയിൽ 10 സ്മാർട്ട്‌ വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ നിർമാണോദ്ഘാടനം ചെയ്തു

കേരളത്തില്‍ നാല് ലക്ഷത്തിലധികം ആളുകള്‍ക്ക് ഭൂമിയുടെ അവകാശം ലഭിച്ചത് റവന്യൂ വകുപ്പ് നടപ്പാക്കിയ വിപ്ലവകരമായ മാറ്റങ്ങളുടെ ഫലമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന ഡിജിറ്റല്‍ റീസര്‍വെ അതിവേഗത്തില്‍ പൂര്‍ത്തിയാക്കി എല്ലാവരുടെയും ഭൂമിക്ക് കൃത്യമായ രേഖ ഉറപ്പാക്കാന്‍ സര്‍ക്കാരിന് സാധിച്ചതായും മന്ത്രി പറഞ്ഞു. ജില്ലയിലെ 10 വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 4,90,056 പട്ടയങ്ങള്‍ വിതരണം ചെയ്തു. നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നാല് വര്‍ഷക്കാലയളവില്‍ മാത്രം 2,23,945 പട്ടയങ്ങളാണ് നല്‍കിയത്. ജൂണ്‍ 25 മുതല്‍ 28 വരെ കേരളത്തില്‍ നടക്കുന്ന ഡിജിറ്റല്‍ റീസര്‍വേയുടെ ഭാഗമായുള്ള ദേശീയ കോണ്‍ക്ലേവില്‍ 23 ലധികം സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. ഇത് കേരളത്തിലെ സര്‍വേ സൊല്യൂഷനുകള്‍ക്ക് രാജ്യവ്യാപകമായി ലഭിച്ച അംഗീകാരമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വില്ലേജ് ഓഫീസുകളില്‍ നിന്ന് ലഭ്യമാകുന്ന 23 സര്‍ട്ടിഫിക്കറ്റുകളില്‍ 21 എണ്ണവും ഓണ്‍ലൈനായി അപേക്ഷിക്കാന്‍ കഴിയുന്നതാണ്. ഇന്ന് വിദേശ മലയാളികള്‍ക്ക് അവിടെയിരുന്ന് തന്നെ ഭൂനികുതി അടയ്ക്കാനും, ഭൂമി തരം മാറ്റാനും, പേര് കൂട്ടിച്ചേര്‍ക്കാനും ഉള്‍പ്പെടെയുള്ള എല്ലാ സേവനങ്ങളും ചെയ്യാന്‍ കഴിയും. കേരളത്തിലെ എല്ലാ വില്ലേജുകളും, 78 താലൂക്ക് ഓഫീസുകളും, 14 കളക്ടറേറ്റുകളും, 27 ആര്‍.ഡി. ഓഫീസുകളും, സെക്രട്ടേറിയറ്റും, ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റുമെല്ലാം ഈ ഓണ്‍ലൈന്‍ സേവനങ്ങളുടെ ഭാഗമായിക്കഴിഞ്ഞു. റവന്യൂ വിവരങ്ങള്‍ ഇപ്പോള്‍ വിരല്‍ത്തുമ്പിലാണെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ അടുത്ത ഘട്ടമെന്ന നിലയില്‍, ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാക്കിയ വില്ലേജുകളില്‍ കേരളപ്പിറവി മുതല്‍ ‘ഡിജിറ്റല്‍ റവന്യൂ കാര്‍ഡ്’ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. വില്ലേജ് ഓഫീസുകളില്‍ നിന്ന് സ്ഥിരമായി ലഭിക്കേണ്ട ഭൂമിയുടെയും കെട്ടിടത്തിന്റെയും വിശദാംശങ്ങള്‍ ക്യൂ.ആര്‍. കോഡും പത്ത് അക്ക നമ്പറും സഹിതം ഒരു ഡിജിറ്റല്‍ കാര്‍ഡായി ലഭ്യമാക്കാനാണ് ഇത് ലക്ഷ്യമിടുന്നത്. കേരളത്തിലെ എല്ലാ വില്ലേജുകളും സ്മാര്‍ട്ടാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണിത്.
വില്ലേജ് ഓഫീസുകളെ ജനാധിപത്യവല്‍ക്കരിക്കുന്നതിനായി എല്ലാ മാസവും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പ്രതിനിധികളും പങ്കെടുക്കുന്ന ജനകീയ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. റവന്യൂ വകുപ്പിലെ ഏതെങ്കിലും തെറ്റായ പ്രവണതകളെ ഘട്ടം ഘട്ടമായി ഇല്ലാതാക്കാനുള്ള ശ്രമകരമായ പ്രയത്‌നത്തിലാണ് വകുപ്പെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ലെക്കിടി പേരൂര്‍ 2, കണ്ണാടി 2, എരുത്തേമ്പതി, കാവശ്ശേരി, പെരുമാട്ടി, ചെര്‍പ്പുളശ്ശേരി, മലമ്പുഴ 2, ഓങ്ങല്ലൂര്‍, വടവന്നൂര്‍, ആലത്തൂര്‍ വില്ലേജുകളുടെ നിര്‍മാണ ഉദ്ഘാടനമാണ് നടന്നത്.

കണ്ണാടി 2 സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം പരിപാടിയില്‍ രാഹുല്‍ മാങ്കുട്ടത്തില്‍ എംഎല്‍എ അധ്യക്ഷനായി. കിണാശ്ശേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍, ജില്ല കളക്ടര്‍ ജി പ്രിയങ്ക, കണ്ണാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ലത, കുഴല്‍മന്ദം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍ എം  ഇന്ദിര, കണ്ണാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ് കലാവതി, തഹസില്‍ദാര്‍ എന്‍ എന്‍ മുഹമ്മദ് റാഫി, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എരുത്തേമ്പതി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മാണ ഉദ്ഘാടനം ആര്‍.ജെ കല്യാണ മണ്ഡപത്തില്‍ നടന്നു. വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി അധ്യക്ഷനായി. എല്‍.എ.എന്‍.എച്ച് ഡെപ്യൂട്ടി കളക്ടര്‍ കെ.എ റോബിന്‍, എരുത്തേമ്പതി പഞ്ചായത്ത് പ്രസിഡന്റ് പ്രിയദര്‍ശനി, ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബുരാജ്, എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആര്‍.സി സംമ്പത്ത് കുമാര്‍, ചിറ്റൂര്‍ തഹസില്‍ദാര്‍  എം.പി ആനന്ദകുമാര്‍ മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

മലമ്പുഴ രണ്ട് സ്മാര്‍ട്ട് വില്ലേജ് കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടന പരിപാടിയില്‍ എ. പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷനായി. കൊട്ടേക്കാട് പൊതുജന വായനശാലയില്‍ നടന്ന പരിപാടിയില്‍ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ്, അഡിഷണല്‍ ഡിസ്ട്രിക്റ്റ് മാജിസ്ട്രേറ്റ് കെ. സുനില്‍കുമാര്‍, മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണന്‍, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്‍. ശോഭന,  മരുതറോഡ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. നിര്‍മ്മല, മരുതറോഡ് ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡ് മെമ്പര്‍ ജി. ഗൗതമി, പാലക്കാട് താലൂക്ക് ഹെഡ് ക്ലാര്‍ക്ക് ആര്‍. മനോജ്, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ഓങ്ങല്ലൂര്‍ ഒന്ന് വില്ലേജിന്റെ നിര്‍മാണോദ്ഘാടനം മരുതൂര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ നടന്നു.  പരിപാടിയില്‍ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ അധ്യക്ഷനായി. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠന്‍, ജില്ലാ പഞ്ചായത്ത് അംഗം എം. എന്‍  നീരജ്, ഡെപ്യൂട്ടി കളക്ടര്‍ സജീദ്, ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി ഗോപാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ടി.പി രജീഷ്, തഹസില്‍ദാര്‍ ടി. പി കിഷോര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു

കാവശ്ശേരി രണ്ട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടന പരിപാടി പി.പി. സുമോദ് എം.എല്‍.എ അധ്യക്ഷനായി. കാവശ്ശേരി ശ്രീവത്സം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഡെപ്യൂട്ടി കളക്ടര്‍ സക്കിര്‍ ഹുസൈന്‍, ആലത്തൂര്‍ ഡിവിഷന്‍ ജില്ലാ പഞ്ചായത്ത് അംഗം പി.എം അലി, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായ ത്ത് അംഗങ്ങളായ പുഷ്പലത,ജയകൃഷ്ണന്‍,കാവശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രമേഷ് കുമാര്‍,കാവശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം നിത്യ,ആലത്തൂര്‍ തഹസില്‍ദാര്‍ ശരവണന്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ആലത്തൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടന പരിപാടിയിൽ
കെ.ഡി. പ്രസേനൻ എം.എൽ.എ അധ്യക്ഷനായി. ആലത്തൂർ ദേശീയ മൈതാനത്ത്  നടന്ന പരിപാടിയിൽ ഡെപ്യൂട്ടി കളക്ടർ (എൽ.എ) ബിന്ദു, ആലത്തൂർ ഡിവിഷൻ ജില്ലാ പഞ്ചായത്ത് അംഗം പി.എം. അലി, ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡണ്ട് രജനി ബാബു,ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. ആസാദ്, ആലത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി, ആലത്തൂർ ഗ്രാമപഞ്ചായത്ത് അംഗം ഐ.നജീബ്, താഹസിൽദാർ  ആർ. മുരളി മോഹൻ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

പെരുമാട്ടി സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണോദ്ഘാടനം പാർവതി കല്യാണ മണ്ഡപത്തിൽ നടന്നു. ചിറ്റൂർ ബ്ലോക്ക്‌ പഞ്ചായത്ത്  പ്രസിഡന്റ്‌ എ. സുജാത,
ജില്ല പഞ്ചായത്ത്‌ അംഗം മാധുരി പത്മനാഭൻ, പെരുമാട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കൃഷ്ണകുമാർ, വാർഡ് അംഗം പ്രഭാകരൻ, ഷീബ രാധാകൃഷ്ണൻ, മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ലെക്കിടി പേരൂർ 2 സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടന പരിപാടി
ലെക്കിടി പേരൂർ ഗ്രാമപഞ്ഞത് ഹാളിൽ നടന്നു.  കെ പ്രേംകുമാർ എം എൽ എ അധ്യക്ഷനായി. ഒറ്റപ്പാലം സബ്ബ് കലക്ടർ മിഥുൻ പ്രേംരാജ്, ജില്ലാ പഞ്ചായത്ത് അംഗം പ്രീത മോഹൻദാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എ നസ്റിൻ, സ്ഥിരം സമിതി അധ്യക്ഷരായ പി വിജയകുമാർ, കെ ഹരി , കുമാരി ദേവി തുടങ്ങിയവർ സംസാരിച്ചു. 

വടവന്നൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം എം.ജി.ആർ മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ വെച്ച്  നടന്നു. നെന്മാറ എംഎൽഎ  കെ.ബാബു അധ്യക്ഷനായി. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ചിന്നക്കുട്ടൻ, വടവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് സക്കീർ ഹുസൈൻ, ജില്ലാ പഞ്ചായത്ത് മെമ്പർ  ശാലിനി കറുപേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ്. പ്രവീൺ,  വടവന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ബിന്ധു, വാർഡ് മെമ്പർ എ. മണികണ്ഠൻ, ആർ.ഡി.ഒ  മണികണ്ഠൻ മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ചെർപ്പുളശ്ശേരി  സ്മാർട്ട് വില്ലേജ് ഓഫീസ്കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടന പരിപാടി
പി. മമ്മിക്കുട്ടി എം.എൽ.എ അധ്യക്ഷയായി.
ഡെപ്യൂട്ടി കളക്ടർ എസ്‌. ശ്രീജിത്ത്, ചെർപ്പുളശ്ശേരി മുൻസിപ്പൽ ചെയർമാൻ രാമചന്ദ്രൻ, വൈസ് ചെയർപേഴ്‌സൺ സി. കമലം,ചെർപ്പുളശ്ശേരി മുൻസിപ്പാലിറ്റി സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.പി. സമീജ്,
കെ.ടി. പ്രമീള,മിനി ടീച്ചർ,സഫ്‌ന പാറക്കൽ, ചെർപ്പുളശ്ശേരി മുൻസിപ്പാലിറ്റി വാർഡ് കൗൺസിലർ  സുഹറാബി, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ  എന്നിവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D

Share this News
error: Content is protected !!