വായനാ മാസാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ബിനുമോൾ നിർവഹിച്ചു

Share this News




വായനക്ക് പ്രാധാന്യമുള്ള കാലത്ത് വായനാ അറിവ് പ്രചരിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ. സാക്ഷരതാ മിഷൻ, ജില്ലാ പഞ്ചായത്ത്, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പി.എൻ പണിക്കർ ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പി.എൻ പണിക്കർ അനുസ്മരണാർത്ഥം ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച വായനാ മാസാചരണ പരിപാടിയുടെ ജില്ലാതലഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്. പുരോഗമന സമൂഹത്തിൽ ശാസ്ത്രവും മികച്ച ചിന്തയും ഇല്ലാതാക്കുന്ന അന്തരീക്ഷത്തെ പ്രതിരോധിക്കാൻ വായനക്ക് സാധിക്കും. വായന ചിന്തകളെ മാറ്റിയെടുത്ത് മാറ്റങ്ങൾക്ക് വിധേയമാക്കുന്നു. അക്ഷരം -അറിവ് – തിരിച്ചറിവ് എന്നിവ സമൂഹത്തിൽ അനിവാര്യമാണ്. നാട്ടിൻ പുറത്തെ യുവജനങ്ങളെ ഒത്ത് ചേർത്ത് ഗ്രന്ഥശാലയുടെ പ്രാധാന്യം മനസ്സിലാക്കി തന്ന പി.എൻ പണിക്കരെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് അനുസ്മരിച്ചു. ഗഹനമായ വായന ലളിതമാക്കി ആളുകളിലേക്ക് എത്തിക്കാൻ ഓരോരുത്തർക്കും സാധിക്കണമെന്നും അവർ പറഞ്ഞു.

ഭാഷ പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിൽ ഡിജിറ്റൽ വായന ധ്യാനാത്മകമല്ലായെന്ന് സാഹിത്യകാരൻ ടി.കെ ശങ്കരനാരായണൻ പറഞ്ഞു. ഡിജിറ്റൽ യുഗത്തിലെ വായന എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷ വളരാൻ ആളുകൾ കൂടുതലായി ഭാഷ ഉപയോഗിക്കണം. പുതിയ വാക്കുകൾ ഉണ്ടാക്കി ഉപയോഗിക്കുമ്പോഴാണ് ഭാഷ വളരുന്നതെന്നും പുസ്തക വായന സംസ്കാരമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വായനാ അനുഭവം ഓരോ കാലഘട്ടത്തിലും വ്യത്യസ്തമായ ആസ്വാദന രീതിയാണ് നൽകുന്നതെന്ന് വായനാദിന പ്രതിജ്ഞ ചൊല്ലി ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ ഉണ്ണികൃഷ്ണൻ പറഞ്ഞു. വിദ്യാഭ്യാസത്തിനും പഠനത്തിനുമായി മാറ്റിവെക്കപ്പെട്ട സമയത്ത് അത് ചെയ്യാൻ കഴിയാത്തവരാണ് സാക്ഷരത പഠിതാക്കളെങ്കിലും പഠനം മുന്നോട്ട് കൊണ്ടുപോകാൻ ഇപ്പോഴെടുത്ത തീരുമാനം സമയോചിതമാണെന്നും ജില്ലാ ഇൻഫർമേഷൻ ഓഫീസർ പറഞ്ഞു.

ആദ്യമായെന്നെ അക്ഷരം പഠിപ്പിച്ച ആദ്യഗുരു അമ്മ – സ്വയമെഴുതിയ കവിത പാടിയ ദേവിയമ്മ

“ആദ്യമായെന്നെ അക്ഷരം പഠിപ്പിച്ച ആദ്യഗുരു അമ്മ
അക്ഷരമുറ്റത്തേക്ക് എന്നെ നയിച്ച ഇളം തെന്നലാണെൻ അമ്മ ” കണ്ണാടി ഗ്രാമ പഞ്ചായത്തിലെ സാക്ഷരത പഠിതാവും 65 വയസ്സുകാരിയുമായ ദേവിയമ്മ എഴുതി ഈണം നൽകിയ കവിത പരിപാടിയിൽ അവതരിപ്പിച്ചു.

“വായനയുടെ പൂക്കാലം ” എന്ന വിഷയത്തെ അടിസ്ഥാനമാക്കി ബിഗ്ബസാർ സ്കൂളിലെ വിദ്യാർഥികൾ പരിപാടിയുടെ ഭാഗമായി സ്കിറ്റ് അവതരിപ്പിച്ചു.സാക്ഷരതാ മിഷൻ റിസോഴ്സ് പേഴ്സൺ കെ. പ്രസാദിന്റെ നേതൃത്വത്തിൽ സാക്ഷരതാ പഠിതാക്കൾക്കായി ക്വിസ് മത്സരവും നടന്നു.

ജില്ലാ പഞ്ചായത്ത് അംഗം പത്മിനി ടീച്ചർ അധ്യക്ഷയായ പരിപാടിയിൽ ഇയ്യങ്കോട് ശ്രീധരൻ ഓൺലൈനായി പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. മനോജ് സെബാസ്റ്റ്യൻ സ്വാഗത പ്രസംഗം നടത്തി. പി.എൻ പണിക്കർ ഫൗണ്ടേഷൻ സെക്രട്ടറി ഡോ. മാന്നാർ ജി. രാധാകൃഷ്ണൻ, സാക്ഷരത മിഷൻ അസിസ്റ്റന്റ് കോ- ഓർഡിനേറ്റർ പി.വി പാർവ്വതി, സാക്ഷരതാ സമിതി അംഗം ഒ. വിജയൻ മാസ്റ്റർ, ഉദ്യോഗസ്ഥർ, പ്രേരക്മാർ, സാക്ഷരതാ പഠിതാക്കൾ എന്നിവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക്👇

https://chat.whatsapp.com/FVTPfw1ymytDHezSaqnZYw


Share this News
error: Content is protected !!