
ഉത്പാദന ചെലവിനനുസരിച്ച് വരുമാനം ഇല്ല; ക്ഷീരസംഘങ്ങൾ അടച്ചുപൂട്ടലിന്‍റെ വക്കിൽ

ഉത്പാദന ചെലവിനനുസരിച്ച് വരുമാനം ഇല്ലാത്തതിനാൽ നിരവധി
ക്ഷീരസംഘങ്ങൾ അടച്ചുപൂട്ടലിന്‍റെ വക്കിലാണ്. കർഷകരുടെ കൊഴിഞ്ഞുപോകലാണ് ക്ഷീരസംഘങ്ങളുടെ നിലനില്‍പ്പ് തന്നെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഉറപ്പുകള്‍ക്കും വാഗ്ദാനങ്ങള്‍ക്കുമപ്പുറം ക്ഷീരകർഷകരെ സഹായിക്കാൻ സർക്കാർ അടിയന്തരനടപടി ആലോചിച്ചില്ലെങ്കില്‍ വേനല്‍മാസങ്ങളോടെ ജില്ലയിലെ പല സംഘങ്ങള്‍ക്കും പൂട്ടുവീഴുമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.മലയോര മേഖലയിൽ തന്നെ നിലവില്‍ 25ല്‍ കൂടുതല്‍ സംഘങ്ങള്‍ അടച്ചുപൂട്ടലിന്‍റെ വക്കിലാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. ദിവസം മുപ്പതും നാല്പതും ലിറ്റർ മാത്രം പാല്‍ അളക്കുന്ന സംഘങ്ങളുണ്ട്. ഇത്തരം സംഘങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാനാകില്ല. ജീവനക്കാർക്ക് ശമ്പളവും മറ്റു ചെലവുകളുമായി മുന്നോട്ടുപോകില്ല. തമിഴ്നാട്ടില്‍ നിന്നും പാല്‍ വരുന്ന ചിറ്റൂർ മേഖലയില്‍ മാത്രമാണ് സംഘങ്ങള്‍ ശരിയാംവണ്ണം പ്രവർത്തിക്കുന്നത്. ഉത്പാദന ചെലവിനനുസരിച്ച് വരുമാനം ഇല്ലാത്തതും പുതുതലമുറക്കാരാരും ഈ രംഗത്തേക്ക് കടന്നുവരാത്തതും ക്ഷീരമേഖല നേരിടുന്ന വലിയ വെല്ലുവിളികളാണ്. ഇപ്പോഴുള്ള കുറഞ്ഞ പാല്‍ വിലയ്ക്ക് പശു വളർത്തല്‍ അധികകാലം മുന്നോട്ടു കൊണ്ടുപോകാനാകില്ല. ക്ഷീരമേഖലയില്‍ നിന്നുള്ള കർഷകരുടെ പിന്മാറ്റം ക്ഷീരസംഘങ്ങളെയും അതില്‍ ജോലി ചെയ്യുന്ന ജീവനക്കാരെയും നേരിട്ട് ബാധിക്കും. സംഘങ്ങളുടെ വലുപ്പചെറുപ്പമനുസരിച്ച് രണ്ടു മുതല്‍ അഞ്ചുപേർ വരെ ജീവനക്കാരുള്ള സംഘങ്ങളുണ്ട്. ഞായറെന്നോ തിങ്കളെന്നോ വ്യത്യാസമില്ലാതെ മഴയും വെയിലും നോക്കാതെ ഉറക്കം കളഞ്ഞ് പണിയെടുത്ത് മടുക്കുന്ന കൃഷിയാണ് പശു വളർത്തലെന്ന് മൂന്നര പതിറ്റാണ്ടായി പശുക്കളെ വളർത്തി പാല്‍ ഉത്പാദനം നടത്തുന്ന ക്ഷീരകർഷകനായ ബേബി മുല്ലമംഗലം പറഞ്ഞു. വീട്ടുകാർക്ക് താത്പര്യവും കൂടുതല്‍ പശുക്കളെ വളർത്തുന്നതിനുള്ള സാഹചര്യങ്ങളും ഉണ്ടെങ്കില്‍ പശു വളർത്തല്‍ നഷ്ടമില്ലാതെ കൊണ്ടുപോകാം.
കണ്ണംകുളം ക്ഷീരസംഘത്തില്‍ ദിവസം 700 ലിറ്റർ പാല്‍ അളന്നിരുന്നത് ഇപ്പോള്‍ 300 ലിറ്ററില്‍ താഴെയായെന്ന് ജീവനക്കാർ പറഞ്ഞു. കർഷകരുടെ എണ്ണം നൂറില്‍ നിന്നും അമ്പതിലും താഴെയായി. യഥേഷ്ടം പുല്ലും മറ്റു തീറ്റകളുമായി പൊതുവെ നല്ല പാല്‍ ഉത്പാദനം നടക്കേണ്ട മാസങ്ങളിലാണ് ഈ സ്ഥിതി. വേനല്‍മാസങ്ങളോടെ നാട്ടിലെ പാല്‍ ഉത്പാദനത്തില്‍ വലിയ ഇടിവുണ്ടാകും. ഈ ക്ഷാമം മുതലെടുത്ത് കൃത്രിമ പാല്‍ ഒഴുകും. അതു വഴി മാറാരോഗികളാകുന്നവരുടെ എണ്ണവും പെരുകുമെന്നാണ് വിലയിരുത്തല്‍. തൊഴിലുറപ്പു പദ്ധതിയില്‍ ക്ഷീരകർഷകരെ ഉള്‍പ്പെടുത്തി പശുവളർത്തല്‍ തൊഴില്‍ദിനങ്ങളായി കണ്ട് ക്ഷീരകർഷകരെ രക്ഷിക്കണമെന്ന് ക്ഷീര കർഷകർ ആവശ്യപ്പെടുന്നു.
ഇത്തരത്തില്‍ ആകർഷകമായ പദ്ധതികള്‍ സർക്കാർ നടപ്പിലാക്കിയില്ലെങ്കില്‍ നിലനില്‍ക്കുന്ന ക്ഷീരകർഷകർ കൂടി ഇല്ലാതാകും. അതു വഴി ശുദ്ധമായ പാല്‍ ഉത്പാദനവും നിലക്കുമെന്ന് കർഷകർ മുന്നറിയിപ്പ് നല്‍കുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr
