മംഗലംഡാം ഇടത്-വലത് കനാലുകൾ വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് പാടശേഖരസമിതികൾ

Share this News

മംഗലംഡാം ഇടത്-വലത് കനാലുകൾ വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് പാടശേഖരസമിതികൾ

കൃഷിക്കായി മംഗലംഡാമിൽ നിന്ന് ഇടത്- വലത് കനാലുകളിലേക്കു വെള്ളം തുറന്നുവിടുമ്പോൾ വൻതോതിൽ വെള്ളം പാഴായി പോകുന്നതായി പരാതി. ഇതിനു പരിഹാരമായി കനാലുകൾ ഉടൻ വൃത്തിയാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. ഇടതു കര കനാൽ മംഗലം ഡാം പറശ്ശേരിയിൽ നിന്നു തുടങ്ങി പുതുക്കോട് മണപ്പാടം വഴി 23 കിലോമീറ്റർ താണ്ടി കണക്കന്നൂരിലാണ് അവസാനിക്കുന്നത്.
വലതുകര കനാൽ വണ്ടാഴി, മുടപ്പല്ലൂർ അണക്കപ്പാറ, തെന്നിലാപുരം, കഴനി, ചുങ്കം, പാടൂർ വഴി 24 കിലോമീറ്റർ പിന്നിട്ട് തോണിക്കടവിൽ അവസാനിക്കുന്നു. കനാൽ കടന്നുപോകുന്ന വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, കാവശേരി പഞ്ചായത്ത് സമിതികൾ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണം. പഞ്ചായത്തുകളിലെ എല്ലാ വാർഡുകളിലെയും തൊഴിലുറപ്പ് തൊഴിലാളികളെ പങ്കെടുപ്പിച്ചാണ് വൃത്തിയാക്കൽ നടത്തുക. എന്നാൽ എല്ലാ വർഷവും ഉണ്ടാകുന്ന കാലതാമസം മൂലം കനാൽ വൃത്തിയാക്കൽ പൂർത്തിയാക്കും മുൻപേ വെള്ളം തുറന്നുവിടുന്നു. ഇതുമൂലം മംഗലം ഡാം വലതു കര കനാലിന്റെ തെന്നിലാപുരം, കഴനി, ചുങ്കം, കല്ലേപ്പള്ളി, പാടൂർ, തോണിക്കടവ് ഭാഗങ്ങളിലും ഇടതുകര കനാലിന്റെ പുതുക്കോട് പഞ്ചായത്തിലെ മണപ്പാടം മുതൽ കണക്കന്നൂർ വരെയുള്ള ഭാഗങ്ങളിലും അപ്പക്കാട് മുതൽ തെക്കേപ്പൊറ്റവരെയുള്ള കനാൽ പ്രദേശങ്ങളിലും വെള്ളം എത്താൻ താമസിക്കുന്നു. ഇത് കൃഷിയെ ബാധിക്കുന്നു
സബ് കനാലുകളുടെയും കാഡ കനാലുകളിലെയും തകർന്ന ഭാഗങ്ങളും പൊട്ടിക്കിടക്കുന്ന ബണ്ടുകളും നന്നാക്കാൻ നടപടി സ്വീകരിക്കണമെന്ന് പാടശേഖര സമിതികൾ ജലസേചന വകുപ്പിനോട് ആവശ്യപ്പെട്ടു. കനാൽ നന്നാക്കാത്തതു മൂലം ജലം വൻ തോതിൽ പാഴായിപ്പോവുകയാണ്. കനാലുകളുടെ സൂയിസുകളിലെ ഷട്ടറില്ലാത്ത ഭാഗങ്ങളും നന്നാക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t


Share this News
error: Content is protected !!