
സ്നോവൈറ്റ് കുക്കുംബര്‍ കൃഷിയില്‍ തോമസിന് നൂറു മേനി വിജയം

ആവശ്യക്കാർ ഏറെയുണ്ടെങ്കിലും കൃഷിക്കാർ കുറവാണ് സ്നോവൈറ്റ് കുക്കുംബര്‍ മേഖലയിൽ. എല്ലാവരും ഒന്ന് മടിക്കുന്ന കൃഷിയിൽ നൂറുമേനി വിജയം കൊയ്തിരിക്കുകയാണ്
കണക്കൻതുരുത്തി കൊച്ചുപറമ്പില്‍ തോമസ്.
വിപണിയില്‍ ആവശ്യക്കാർ കൂടുതലുള്ള സ്നോവൈറ്റ് കുക്കുംബർ കൃഷിയില്‍ വിളവിന്‍റെ വിസ്മയം തീർത്ത് തോമസ് ഓണം അടിച്ചു പൊളിക്കാമെന്ന സന്തോഷത്തിലാണ്.
വീടിനു പിറകില്‍ സമ്മിശ്ര വിളകളുള്ള കൃഷിയിടത്തില്‍ അഞ്ച് സെന്‍റോറോളം സ്ഥലത്താണ് തോമസിന്‍റെ കുക്കുംബർ കൃഷി. പന്തലൊരുക്കി നല്ല രീതിയില്‍ തന്നെയാണ് പരിചരണം. വള്ളികള്‍ പടർന്ന് കാടുമൂടിയ പന്തലില്‍ നിറയെ കായ്കള്‍ തൂങ്ങിക്കിടക്കുന്നു. വള്ളികളിലെ എല്ലാ മുട്ടിലുമുണ്ട് കായ്കള്‍.
ജൈവരീതിയിലുള്ള കൃഷിയായതിനാല്‍ വില്‍പ്നക്കും പ്രയാസമില്ലെന്നു കണക്കൻതുരുത്തി റബർ ഉത്പാദക സംഘം പ്രസിഡന്‍റുകൂടിയായ തോമസ് പറഞ്ഞു. ആവശ്യക്കാരുടെ വിളികളാണ് എപ്പോഴും. ഓണം അടുത്തതോടെ ആവശ്യക്കാരുടെ വരവ് ഇനിയും കൂടുമെന്നു തോമസ് പറയുന്നു. സ്നോ വൈറ്റ് കുക്കുംബർ കൃഷി വടക്കഞ്ചേരി മേഖലയില്‍ അപൂർവമാണെന്ന് വടക്കഞ്ചേരി കൃഷി ഓഫീസർ ജ്യോതി പറഞ്ഞു.
കൃഷിഭവന്‍റെ മേല്‍നോട്ടവും നിർദേശങ്ങളും കൃഷിക്കുണ്ട്. പെട്ടെന്നുവളരുന്ന വള്ളികള്‍ എന്ന നിലയില്‍ ചെടിക്ക് ഒരു മാസമാകുമ്പോഴേക്കും പൂവിട്ട് കായ്കളാകാൻ തുടങ്ങി. ഒന്നരമാസത്തോടെ കായ്കള്‍ നിറഞ്ഞു. വേപ്പിൻപിണ്ണാക്ക്, ചാണകപ്പൊടി, കോഴിവളം, എല്ലുപൊടി തുടങ്ങിയവയാണ് അടിവളമായി നല്‍കിയത്. മഴയില്ലെങ്കില്‍ രണ്ടുനേരം നന വേണം. ഏതു കാലാവസ്ഥയിലും കുക്കുംബർ കൃഷി ചെയ്യാമെന്ന് തോമസ് പറയുന്നു.
ഒരുകൃഷിയിലെ വിളവെടുപ്പ് തീരുംമുമ്പേ ഇതിനടുത്തു തന്നെ പുതിയ തൈ വച്ച് വളർത്തുന്നുണ്ട്. ഇതിനാല്‍ എല്ലാ കാലത്തും കുക്കുംബർ വില്പനക്കുണ്ടാകും.
കൃഷിക്കുള്ള സ്ഥലം ഇല്ലാത്തവർക്ക് പോലും കുക്കുംബർ കൃഷി ചെയ്യാനാകും. നല്ല വെയില്‍ കിട്ടുന്ന സ്ഥലമാണെങ്കില്‍ വീട്ടുമതിലിനോടു ചേർന്ന് കയർകൊണ്ട് വേലിപന്തല്‍കെട്ടി കുക്കുംബർ കൃഷി ചെയ്യാം. ചട്ടികളിലും ഗ്രൊബാഗിലും തൈനട്ട് കൃഷി നടത്താം. ഹൈബ്രീഡ് ഇനമാണെങ്കില്‍ കായ്കള്‍ തിങ്ങി നിറയും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t
