രാസവള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.പി എൽദോസ്

Share this News

പൊട്ടാഷ്, യൂറിയ തുടങ്ങിയ രാസവളങ്ങളുടെ ക്ഷാമം ഉടൻ പരിഹരിക്കണം എന്നാവശ്യപ്പെട്ട് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന് കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.പി എൽദോസ് നിവേദനം നൽകി.
തൃശൂർ ജില്ലയിലെ കർഷകർക്ക് കുറച്ച് മാസങ്ങളായി പൊട്ടാഷ് യൂറിയ വളങ്ങൾ വളക്കടകളിൽ ലഭിക്കുന്നില്ല. ഈ വളങ്ങൾക്ക് പകരം കൂട്ടു വളങ്ങളാണ് ലഭിക്കുന്നത്. കൂട്ടു വളത്തിന് വിലയും കൂടുതലാണ്. 267 രൂപ വിലയുള്ള ഒരു ചാക്ക് യൂറിയ കർഷകന് ലഭിക്കണമെങ്കിൽ യൂറിയയേക്കാൾ വില കൂടുതലുള്ള മറ്റ് വളങ്ങൾ വാങ്ങുന്നതിന് കർഷകർ നിർബന്ധിതരാകുന്നു. ചുരുക്കം കടകളിൽ മാത്രമാണ് പൊട്ടാഷും യൂറിയയും ലഭിക്കുന്നതെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

നേന്ത്രവാഴ കർഷകർ നേന്ത്രവാഴക്ക് വളപ്രയോഗം നടത്തുന്ന സമയമാണ് ഇപ്പോൾ. നേന്ത്രവാഴ നടുന്നത് മുതൽ ആദ്യത്തെ അഞ്ച് മാസക്കാലയളവിൽ കൃത്യമായ ഇടവേളകളിൽ രാസവളം ഉപയോഗിച്ചാൽ മാത്രമേ നല്ല കുലകൾ കർഷകന് ലഭിക്കുകയുള്ളൂ. മാത്രമല്ല ഓണത്തിന് വാഴക്കുല വെട്ടാനും സാധിക്കൂ. നേന്ത്രവാഴക്ക് ജൈവവളത്തിന് പുറമെ പ്രധാനമായും പൊട്ടാഷ് യൂറിയ ഫാക്ടംഫോസ് വളങ്ങളാണ് കർഷകർ പ്രധാനമായും ഉപയോഗിക്കുന്നത്.

നെൽ കർഷകരും വലിയ ബുദ്ധിമുട്ടിലാണ്. പല നെൽപാടങ്ങളിലും രണ്ടും മൂന്നും വളം ഇടുന്ന സമയം കഴിഞ്ഞു. 120 ദിവസമാണ് സാധാരണ നെൽകൃഷിയുടെ കാലയളവ്. 120 ദിവസത്തിനുള്ളിൽ കൃത്യമായി വളപ്രയോഗം നടത്താൻ സാധിക്കാതെ വന്നാൽ നെൽ ചെടിയുടെ വളർച്ചയെ ബാധിക്കുകയും ഉൽപാദനം കുറയുകയും ചെയ്യും.

പച്ചക്കറി കൃഷിക്കും സമയാസമയങ്ങളിൽ രാസ വളപ്രയോഗം നടത്തിയാൽ മാത്രമേ നല്ല വിളവ് ലഭിക്കൂ. വന്യമൃഗശല്യം, പ്രകൃതിക്ഷോഭം കാർഷിക ഉൽപന്നങ്ങളുടെ വില ഇടിവ് തുടങ്ങിയ നിരവധി പ്രശ്‌നങ്ങളെ നേരിടുന്ന കർഷകർക്ക് പുതിയ വെല്ലുവിളിയാവുകയാണ് രാസവള ക്ഷാമം.

കർഷകരുടെ അവസ്ഥ മനസ്സിലാക്കി സർക്കാർ അടിയന്തിരമായി ഇടപെട്ട് ജില്ലയിലെ സഹകരണ സംഘംങ്ങളിലെ വളം ഡിപ്പോകളിലും മറ്റ് സ്വകാര്യ ഡിപ്പോകളിലും ആവശ്യമായ രാസവളം ലഭ്യമാക്കുന്നതിനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കണമെന്ന് കെ.പി എൽദോസ് ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം വാട്സാപ്പിൽ ലഭിക്കുന്നതിന് join ചെയ്യുക👇🏻https://chat.whatsapp.com/K1Mq5jm72NwKFrHq7S0aOt?mode=hqrt1

Share this News
error: Content is protected !!