
താണിപ്പാടം നാലാം വാർഡിൽ നിന്നും ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട മിനു വർഗീസിനെ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി നിയമിക്കാൻ കോൺഗ്രസ് പാർലമെൻ്ററി പാർട്ടി യോഗം തീരുമാനിച്ചു. കെ.പി ചാക്കോച്ചൻ വൈസ് പ്രസിഡൻ്റാകും. കൊമ്പഴ എട്ടാം വാർഡിൽ നിന്നുമാണ് കെ.പി ചാക്കോച്ചൻ തിരഞ്ഞെടുക്കപ്പെട്ടത്. പഞ്ചായത്ത് ഭരണസമിതി രൂപീകരിക്കുന്നതിനായി കെപിസിസിയുടെ നിർദ്ദേശാനുസരണം ഇന്ന് മണ്ഡലം കമ്മിറ്റി ഓഫീസിൽ പാർലമെന്ററി പാർട്ടി യോഗം ചേർന്നിരുന്നു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മെമ്പർമാരും മണ്ഡലം പ്രസിഡൻ്റ്, കെപിസിസി ജനറൽ സെക്രട്ടറി എം.പി വിൻസന്റ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻ്റ് കെ.എൻ വിജയകുമാർ, മണ്ഡലം പ്രസിഡൻ്റ് ബിനു കെ വി, റോയ് കെ ദേവസി, കെ.സി അഭിലാഷ് എന്നിവരും പങ്കെടുത്തു. കഴിഞ്ഞ രണ്ട് ടേമുകൾക്ക് ശേഷം13 സീറ്റുകളിൽ വിജയമുറപ്പിച്ചു കൊണ്ടാണ് പാണഞ്ചേരിയിൽ യുഡിഎഫ് അധികാരത്തിലേക്ക് എത്തുന്നത്. പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങളിലേക്ക് മിനു വർഗ്ഗീസിനെയും കെ.പി ചാക്കോച്ചനെയും ഏകകണ്ഠമായാണ് പാർലമെന്ററി പാർട്ടി യോഗം തിരഞ്ഞെടുത്തതെന്ന് കെ.വി ബിനു പറഞ്ഞു. ഡിസംബർ 27 ശനിയാഴ്ച പാണഞ്ചേരിയുടെ ഇരുപതാമത്തെ പ്രസിഡൻ്റായി മിനു വർഗ്ഗീസ് അധികാരത്തിലേറും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/K1Mq5jm72NwKFrHq7S0aOt?mode=hqrt1

