
കരുതലാണ് കെഎസ്ഇബി. വർഷങ്ങളായി ഒറ്റയ്ക്ക് ജീവിതം നയിക്കുന്ന അമ്മാളുവിന്റെ വീട്ടിൽ ആദ്യമായി വൈദ്യുതിവെളിച്ചം തെളിഞ്ഞു. ചിറ്റിലഞ്ചേരി കടമ്പിടി നൊണ്ണംകുളം പ്രദേശത്തെ അമ്മാളുവിന്റെ വീടാണ് കെഎസ്ഇബി ജീവനക്കാരുടെ കൂട്ടായ്മയിലൂടെ വൈദ്യുതി കണക്ഷൻ ലഭിച്ചത്.
പ്രദേശത്ത് നടത്തിയ പതിവ് വൈദ്യുതിലൈൻ പരിശോധനയ്ക്കിടെയാണ് അമ്മാളുവിന്റെ വീട്ടിൽ വൈദ്യുതിസൗകര്യമില്ലെന്ന വിവരം കെഎസ്ഇബി ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്നാണ് മുടപ്പല്ലൂർ ഇലക്‌ട്രിക്കൽ സെക്ഷനിലെ ജീവനക്കാർ സ്വന്തം മുന്നേറ്റത്തോടെ ഇടപെട്ടത്. ആവശ്യമായ വയറിങ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി വീടിലേക്ക് വൈദ്യുതി എത്തിക്കുകയായിരുന്നു.
വൈദ്യുതി കണക്ഷൻ നൽകുന്ന ചടങ്ങ് വടക്കഞ്ചേരി സബ് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ സുനിത ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് എൻജിനീയർ കൃഷ്ണദാസ്, സബ് എൻജിനീയർ ബാബു എന്നിവരോടൊപ്പം എം. മൊഹിയിനുദ്ദീൻ, രാജേഷ്, സുരേഷ്, മൻസൂർ തുടങ്ങിയ ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.
ഒരു വീടിന് വെളിച്ചം പകർന്നതിലുപരി, ഒറ്റപ്പെട്ട ജീവിതത്തിലേക്ക് പ്രതീക്ഷയും ആശ്വാസവും എത്തിക്കാനായ സന്തോഷത്തിലാണ് കെഎസ്ഇബി ജീവനക്കാർ.
