തൃത്താല ചാലിശ്ശേരിയിൽ നടന്ന ദേശീയസരസ് മേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

Share this News

തൃത്താല ചാലിശ്ശേരിയിൽ നടന്ന ദേശീയസരസ് മേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു


വിവിധ അയൽക്കൂട്ടങ്ങളിലായി 48 ലക്ഷത്തിലേറെ വനിതകൾ അംഗങ്ങളായ കുടുംബശ്രീയുടെ ത്രിതല സംഘടനാ സംവിധാനം ലോകത്തിന് തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുടുംബശ്രീ സംഘടിപ്പിക്കുന്ന 13-ാമത് ദേശീയ സരസ് മേള തൃത്താല ചാലിശ്ശേരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സർക്കാർ അധികാരമേറ്റ ശേഷം പദ്ധതികളുടെ വൈപുല്യം കൊണ്ട് കുടുംബശ്രീയെ കൂടുതൽ ചലിപ്പിക്കാൻ കഴിഞ്ഞു. ഭാവനാപൂർണ്ണമായ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിനും സാമ്പത്തിക പിന്തുണ നൽകുന്നതിനും സർക്കാർ മുൻഗണന നൽകുന്നുണ്ട്.

കുടുംബശ്രീ കെ-ലിഫ്റ്റ് ഉപജീവന ക്യാമ്പയിൻ വഴി ഇതിനകം മൂന്നു ലക്ഷത്തോളം പേർക്ക് തൊഴിൽ നൽകാൻ സാധിച്ചു. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 50 ശതമാനമാക്കി ഉയർത്തുകയാണ് സർക്കാരിന്റെ അടുത്ത ലക്ഷ്യം. ഇത് കേരളത്തിന്റെ സമ്പദ്ഘടനയിലും സാമൂഹ്യപുരോഗതിയിലും വലിയ മാറ്റം കൊണ്ടുവരും. പ്രാദേശിക സംരംഭകരുടെ ഉൽപ്പന്നങ്ങൾ പൊതുവിപണിക്ക് പരിചയപ്പെടുത്തുന്ന വേദിയായി സരസ് മേളകൾ മാറുകയാണ്. ഗ്രാമീണ വനിതകൾക്ക് പുതിയ ഉപഭോക്താക്കളെ കണ്ടെത്താനും അന്താരാഷ്ട്ര തലത്തിലുള്ള ഓർഡറുകൾ സ്വീകരിക്കാനും ഇത്തരം മേളകൾ വലിയ അവസരമൊരുക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
2025  നവംബർ ഒന്നിന് കേരളം അതിദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി മാറി. ഈ ചരിത്രനേട്ടം കൈവരിക്കുന്നതിൽ കുടുംബശ്രീ പ്രവർത്തകർ നൽകിയ സംഭാവനകൾ നിസ്തുലമാണെന്നും, 1998-ൽ ആരംഭിച്ച കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ഇടപെടലുകൾ കേരളത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ബഹുദൂരം മുന്നിലെത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1957-ൽ കേരളത്തിൽ അധികാരത്തിൽ വന്ന ആദ്യ സർക്കാർ ഭൂപരിഷ്കരണത്തോടൊപ്പം കാർഷിക ഉല്പാദനം ലക്ഷ്യമിട്ടുള്ള നിയമങ്ങൾ ആവിഷ്കരിച്ചതാണ് കേരളത്തിന്റെ ദാരിദ്ര്യാവസ്ഥ ഇല്ലാതാക്കാൻ അടിത്തറയിട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളുടെ സാമ്പത്തിക മുന്നേറ്റം സാധ്യമാക്കിയാൽ മാത്രമേ സമൂഹത്തിന്റെ ആകെ ദാരിദ്ര്യാവസ്ഥ മുറിച്ചുമാറ്റാൻ കഴിയൂ എന്ന് മുമ്പ് നടന്ന പല പഠനങ്ങളിലും വ്യക്തമായിരുന്നു. അന്ന് പല ഭാഗങ്ങളിൽ നിന്നും സംശയങ്ങൾ ഉയർന്നെങ്കിലും സ്ത്രീകളുടെ ഉന്നമനം സമൂഹത്തിന്റെ ആകെ ഉന്നമനമാണെന്ന ബോധ്യത്തോടെയാണ് സർക്കാർ കുടുംബശ്രീക്ക് തുടക്കം കുറിച്ചത്. ഇന്നും പുതിയ പദ്ധതികൾ വരുമ്പോൾ തടസ്സവാദങ്ങൾ ഉന്നയിക്കുന്നവർ കുടുംബശ്രീയുടെ ചരിത്രവും വർത്തമാനവും ഓർക്കുന്നത് നന്നായിരിക്കുമെന്നും, വികസന കാര്യങ്ങളിൽ അനാവശ്യ തടസ്സങ്ങൾ സൃഷ്ടിക്കുന്ന രീതി നാടിന് ഗുണകരമല്ലെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

മതനിരപേക്ഷതയിൽ അടിയുറച്ചുനിൽക്കുന്ന സംസ്കാരമാണ് കേരളത്തിന്റെ കരുത്ത്. പഴയ കാലത്ത് വലിയ തോതിലുള്ള ഉച്ചനീചത്വങ്ങളും ജാതീയമായ വേർതിരിവുകളും നിലനിന്നിരുന്ന കേരളത്തെ നവോത്ഥാന പ്രസ്ഥാനങ്ങളാണ് മാറ്റിമറിച്ചത്. ‘ജാതിഭേദവും മതദ്വേഷവുമില്ലാതെ സർവ്വരും സോദരത്വേ വാഴുന്നൊരിടം’ എന്ന സന്ദേശത്തിന് ഇവിടെ ശരിയായ തുടർച്ചയുണ്ടായി. മറ്റ് സംസ്ഥാനങ്ങളിൽ മാറ്റങ്ങൾ ജാതീയമായി തടയപ്പെട്ടപ്പോൾ, കേരളം നവോത്ഥാനത്തിന് ശരിയായ ദിശ നൽകി. സാമ്പത്തിക രംഗത്തെ ഉച്ചനീചത്വങ്ങൾ അവസാനിപ്പിക്കാനുള്ള വലിയ ശ്രമങ്ങൾ ഇതിന്റെ ഭാഗമായി നടന്നു. വിദ്യാഭ്യാസ രംഗത്ത് 1957-ലും 1967-ലും ഇ.എം.എസ് സർക്കാരുകൾ നടപ്പിലാക്കിയ സൗജന്യ വിദ്യാഭ്യാസം സാധാരണക്കാരുടെ മക്കൾക്ക് വലിയ അവസരങ്ങളാണ് ഒരുക്കിയത്. എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പാക്കിയതിന്റെ ഗുണഫലമാണ് സമ്പൂർണ്ണ സാക്ഷരതയും ഇന്നത്തെ കേരളത്തിന്റെ സാമൂഹിക മുന്നേറ്റവുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് ആധുനിക ലോകത്ത് ആവശ്യമായ എല്ലാ ശാസ്ത്ര സാങ്കേതിക വിജ്ഞാനവും ആർജ്ജിക്കാനുള്ള സൗകര്യങ്ങൾ സംസ്ഥാനത്ത് ഒരുക്കുമ്പോൾ, മതനിരപേക്ഷതയെ ദുർബലപ്പെടുത്തി സമൂഹത്തെ പഴയ അന്ധകാര യുഗത്തിലേക്ക് തിരികെ കൊണ്ടുപോകാൻ ചില ശക്തികൾ ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. വസ്ത്രധാരണത്തിലും ഭക്ഷണത്തിലും ജാതീയമായ നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന പഴയ കാലത്തെ അദ്ദേഹം പ്രസംഗത്തിൽ ഓർത്തെടുത്തു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഒരാൾ കഴിക്കുന്ന ഭക്ഷണത്തിന്റെ പേരിൽ അടുക്കളയിൽ കയറി കൊലപാതകങ്ങൾ നടക്കുന്നു. വർഗ്ഗീയതയെ കൂട്ടുപിടിച്ച് രാജ്യത്തിന്റെ മതനിരപേക്ഷതയെ അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ജാഗ്രത പാലിക്കണം. താൽക്കാലിക ലാഭത്തിന് വേണ്ടി ഇത്തരം ശക്തികളോട് വിട്ടുവീഴ്ച ചെയ്യുന്നത് നാടിന്റെ ഭാവിക്ക് അപകടമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന്റെ ഭാഗമായി ഒരു വർഷം ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ സംരംഭങ്ങൾ ആരംഭിക്കാൻ കഴിഞ്ഞു. അതിൽ ഒരു ലക്ഷത്തിലധികം സംരംഭങ്ങൾ സ്ത്രീകളുടെ നേതൃത്വത്തിലാണ് നടക്കുന്നത് എന്നത് കേരളത്തിന്റെ മാറ്റത്തെ സൂചിപ്പിക്കുന്നു. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പൈലറ്റുമാരാകുന്നതും വിദേശ സർവ്വകലാശാലകളിൽ പഠിക്കാൻ പോകുന്നതും സമൂഹത്തിന്റെ വലിയ മുന്നേറ്റമാണ്. ആധുനിക ഗതാഗത സംവിധാനങ്ങൾ യാഥാർത്ഥ്യമാകുന്നതോടെ വിപണി വിപുലീകരിക്കപ്പെടുമെന്നും സംരംഭകർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വൻകിട-ചെറുകിട വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും ഒരുപോലെ മുന്നോട്ട് കൊണ്ടുപോയിക്കൊണ്ട് വിഭാവനം ചെയ്ത നവകേരളം കെട്ടിപ്പടുക്കാൻ എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം കൈവരിച്ച മതനിരപേക്ഷത നിലനിർത്താൻ കുടുംബശ്രീ നിർണായക പങ്ക് വഹിച്ചതായി ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.സാമൂഹ്യ സാംസ്കാരിക -രാഷ്ട്രീയ ശാക്തീകരണത്തിലും കുടുംബശ്രീ മികവ് തെളിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിൽ പതിനാറായിരത്തിലധികം സ്ത്രീകൾ സ്ഥാനർത്ഥികളായി രംഗത്തെത്തിയത് അതിനുദാഹരണമാണെന്നും മന്ത്രി പറഞ്ഞു. സ്ത്രീകളുടെ തിളക്കമേറിയ നേട്ടങ്ങളിലെല്ലാം കുടുംബശ്രീയ്ക്ക്  മുദ്ര പതിപ്പിക്കാനായെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിൽ സ്ത്രീകൾ ശക്തരായി മാറിയതിൽ കുടുംബശ്രീയുടെ പങ്ക് വളരെ വലുതാണെന്ന്‌  വീശിഷ്ടാതിഥിതിയായി സംസാരിച്ച നിയമസഭ സ്പീക്കർ എ. എൻ ഷംസീർ പറഞ്ഞു. ഇന്ത്യ നിലകൊള്ളുന്നത് ഗ്രാമീണരിലാണെന്നും ഗ്രാമങ്ങളിലുള്ളവരുടെ നിലനിൽപ്പിനുള്ള പോരാട്ടമായി സരസ്മേളയെ കാണണമെന്നും അവരെ പിന്തുണക്കണമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. 

വിവിധ മേഖലയിൽ മികവ് തെളിയിച്ചവരെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി ആദരിച്ചു.   വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി, എം.പി അബ്ദു സമദ് സമദാനി എം പി എന്നിവർ മുഖ്യാതിഥികളായി. എംഎൽഎമാരായ പി മമ്മിക്കുട്ടി , പി പി സുമോദ്, മുഹമ്മദ് മുഹ്സിൻ , തദ്ദേശ സ്വയം ഭരണ  വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടിവി അനുപമ,
തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി , പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ വി രാമദാസ്, ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റംല വീരാൻകുട്ടി, കുടുംബശ്രീ ഗവേണിങ് ബോഡി അംഗങ്ങളായ, പികെ സൈനബ, കെ കെ ലതിക, മരുതി മുരുകൻ, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാർ, വകുപ്പ് ഉദ്യോഗസ്ഥർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.കുടുംബശ്രീ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ സ്വാഗതവും ജില്ലാ മിഷൻ കോർഡിനേറ്റർ പി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1


Share this News
error: Content is protected !!