സംസ്ഥാന സ്കൂൾ കലോത്സവം ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

Share this News



സംസ്ഥാന സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് അവസാനഘട്ട ഒരുക്കങ്ങളിലേക്ക് കടന്നതായി റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ. ഭക്ഷണപ്പുരയും അനുബന്ധ സൗകര്യങ്ങളും മന്ത്രി അഡ്വ. കെ രാജൻ, തൃശൂർ മുൻസിപ്പൽ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, ജില്ലാ കളക്ടർ ആർജുൻ പാണ്ഡ്യൻ, സബ് കളക്ടർ അഖിൽ വി മേനോൻ, സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് , പൊതു വിദ്യാഭ്യാസ ഡയറക്ടർ എൻ. എസ് കെ ഉമേഷ്,  വിവിധ കമ്മിറ്റി ഭാരവാഹികൾ, ഡി പി ഐ ഉദ്യോഗസ്ഥർ എന്നിവർ പരിശോധിച്ചു.

ഭക്ഷണപ്പുരയിലെ ഒരുക്കങ്ങൾ

സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ  20,000 മുതൽ 25,000 പേർ വരെ കലോത്സവ  ദിവസങ്ങളിൽ  ഉച്ചഭക്ഷണത്തിന് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അതനുസരിച്ചുള്ള ഒരുക്കങ്ങൾ നടത്തി കൊണ്ടിരിക്കുന്നതായും മന്ത്രി പറഞ്ഞു. പഴയിടം മോഹനൻ നമ്പൂതിരി തന്നെ ഭക്ഷണത്തിന്  നേതൃത്വം നൽകി ആ പ്രവർത്തനങ്ങളിൽ ഭാഗമാകുമെന്നും ജനുവരി 13 ന് രാവിലെ ഒൻപത് മണിക്ക് കലവറ നിറക്കലും ഉച്ച തിരിഞ്ഞ് 2:30ന് ഭക്ഷണപ്പുരയുടെ പാലുകാച്ചലും നടക്കുമെന്നും 13 നു വൈകീട്ട് മുതൽ തന്നെ എത്തിചേരുന്ന കുട്ടികൾക്ക് ഭക്ഷണം നൽകി തുടങ്ങാനാണ് നിശ്ചയിട്ടുള്ളതെന്നും മന്ത്രി കൂട്ടി ചേർത്തു.

ഭക്ഷണപ്പുരയുടെ പ്രവേശന കവാടത്തിലൂടെ പ്രവേശിച്ച് ഭക്ഷണ ശേഷം ഇൻഡോർ സ്റ്റേഡിയത്തിന്റെ പുറകിലൂടെ പുറത്ത് പോകാൻ കഴിയുന്ന സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. കുടിവെള്ളം ലഭ്യമാക്കുന്ന കാര്യം നല്ലത് പോലെ ശ്രദ്ധിച്ചിട്ടുണ്ട്. കൈ കഴുകുന്നതിനായി ആവശ്യമായ ടാപ്പുകൾ ഒരുക്കിയിട്ടുണ്ട്. ഹരിത ചട്ടം പാലിച്ച് നടത്തുന്ന കലോത്സവമായതിനാൽ തന്നെ ഇലയിലാണ് ഭക്ഷണം വിളമ്പുകയെന്നും ഭക്ഷണശേഷം എടുത്ത് മാറ്റുന്ന ഇലകൾ കുഴി കുത്തി നിർമാർജ്ജനം ചെയ്യുന്നതിനായി മ്യൂസിയത്തിനടുത്ത് സ്ഥലം കണ്ടെത്തിയതായും മന്ത്രി പറഞ്ഞു.

സ്വർണ്ണക്കപ്പിനെ സ്വീകരിക്കാൻ ഒരുങ്ങി ജില്ല

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന ജില്ലക്ക് ലഭിക്കുന്ന സ്വർണ്ണ കപ്പ് ജില്ലകളിലെ പര്യടനം പൂർത്തിയാക്കി ഇന്ന് തൃശൂരിൽ (ജനുവരി 12 ) തിരിച്ചെത്തും. രാവിലെ 9 ന് ചാലക്കുടി ഗവൺമെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ എത്തും തുടർന്ന് കൊടുങ്ങല്ലൂർ, മതിലകം , ചെന്ത്രാപ്പിന്നി, വലപ്പാട്, പാവറട്ടി, മമ്മിയൂർ , കുന്നംകുളം ഗവ. ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങൾ പിന്നിട്ട് ചേലക്കര എസ് എം ടി ഗവ. ഹയർസെക്കന്ററി സ്കൂളിൽ എത്തുന്ന സ്വർണ്ണകപ്പ് വടക്കാഞ്ചേരി സബ് ട്രഷറിയിൽ സൂക്ഷിക്കും.

ജനുവരി 13 നു രാവിലെ ഒൻപതിന് വടക്കാഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ എത്തുന്ന കപ്പ് ഒല്ലൂർ സെന്റ് മേരിസ് കോൺവെന്റ് ഗേൾസ് ഹൈസ്ക്കൂൾ, പുതുക്കാട് സെന്റ് ആന്റണിസ് ഹയർ സെക്കന്ററി സ്കൂൾ , ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹയർ സെക്കന്ററി സ്കൂൾ എന്നിവ പിന്നിട്ട് തൃശൂർ ശക്തൻ സ്റ്റാൻഡിന് അടുത്തുള്ള എക്സിബിഷൻ ഗ്രൗണ്ടിലെത്തും. അവിടെ നിന്ന് വൈകീട്ട് മൂന്ന് മണിയോടെ സി എം എസ് സ്കൂളിൽ എത്തിച്ചേരുന്ന സ്വർണക്കപ്പിനെ വിദ്യാർത്ഥികളും , ജനപ്രതിനിധികളും പൊതു പ്രവർത്തകരും ചേർന്നു സ്വീകരിക്കും . ഘോഷയാത്രയുടെ അകമ്പടിയോടെ പകുതി നഗരം ചുറ്റി സ്വർണക്കപ്പിനെ പ്രധാന വേദിയിലെത്തിക്കുമെന്നും മന്ത്രി അറിയിച്ചു.

കലോത്സവ നഗരിയിലേക്ക് സ്വാഗതം ചെയ്ത് സ്വീകരിക്കും

ജനുവരി 13 നു രാവിലെ മുതൽ തന്നെ വിവിധ പ്രദേശങ്ങളിൽ നിന്ന് കലോത്സവത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ എത്തിച്ചേരുമെന്ന് മന്ത്രി പറഞ്ഞു. പ്രാഥമികമായി എത്തിച്ചേരുന്ന സംഘങ്ങളെ ജനുവരി 13 നു ഉച്ചക്ക് 12 ന്  റെയിൽവേ സ്റ്റേഷനിൽ തൃശൂരിന്റെ തനത് രൂപങ്ങളും താള വാദ്യ സംവിധാനങ്ങളോടെ സ്വീകരിച്ച് അവരെ കലോത്സവ നഗരിയിലേക്ക് സ്വാഗതം ചെയ്യുമെന്നും മന്ത്രി കൂട്ടിചേർത്തു.

ഉദ്ഘാടനത്തിന് മുന്നോടിയായി പാണ്ടി മേളം

അറുപത്തിനാലാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി 64 വർണ്ണ കുടകളോടു കൂടി കുട്ടികളെ കലോത്സവത്തിലേക്ക് സ്വീകരിക്കും . ജനുവരി 14 ന്  രാവിലെ 10 മണിക്ക് മുഖ്യമന്ത്രി കലോത്സവം ഉദ്ഘാടനം ചെയ്യുന്നതിന് മുന്നോടിയായി പൂരത്തിന്റെ നാടായ തൃശൂരിൽ കുട്ടികൾക്ക് മേളം കേൾക്കുന്നതിന് അവസരം ഒരുക്കിക്കൊണ്ട് 100 വാദ്യകലാകാരന്മാർ അണിനിരക്കുന്ന ഒരു മണിക്കൂർ നീളുന്ന പാണ്ടി മേളം രാവിലെ 9 ന് പ്രധാന വേദിയായ സൂര്യകാന്തിക്ക് സമീപം അരങ്ങേറും.തൃശൂർ പൂരത്തിന് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ മേള പ്രമാണം വഹിക്കുന്ന കിഴക്കൂട്ട് അനിയൻ മാരാർ, ചെറുശ്ശേരി കുട്ടൻ മാരാർ എന്നിവർ നേതൃത്വം നൽകും . കുഴലിൽ വെളപ്പായ നന്ദനും വീക്കം ചെണ്ടയിൽ പെരുവനം ഗോപാലകൃഷ്ണനും ഇലത്താളത്തിൽ ഏഷ്യഡ് ശശി മാരാരും കൊമ്പ്  വാദ്യത്തിൽ മച്ചാട് മണികണ്ഠനും ഉൾപ്പെടെ മേളത്തിൽ പങ്കെടുക്കും. ഇലഞ്ഞിത്തറയിൽ കൊട്ടുന്ന അതേ പാണ്ടിമേളം ഇവിടെ അവതരിപ്പിക്കുമ്പോൾ കുട്ടികൾക്ക് കേൾക്കാനും താളം പിടിക്കാനും പറ്റിയ വലിയൊരു അനുഭവമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ മന്ത്രിമാരും, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയും , മേയറും, എം എൽ എ മാരും, കേന്ദ്രമന്ത്രിയും സമാപന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവും ദാദ സാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് മോഹൻലാൽ ഉൾപ്പെടെ പങ്കെടുക്കുമെന്നും എല്ലാവരും ഒരേ മനസ്സോടെ വളരെ ശ്രദ്ധേയമായ വിധത്തിൽ എല്ലാവരെയും സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി വരികയാണെന്നും മന്ത്രി കൂട്ടി ചേർത്തു.

കലോത്സവം കളറാക്കാൻ അലങ്കാരവും നൈറ്റ് ഷോപ്പിങ്ങും

ജനുവരി 13 മുതൽ നഗരത്തിൽ ശ്രദ്ധേയമായ അലങ്കാരങ്ങളും നൈറ്റ് ഷോപ്പിങ്ങും ഉണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു. നഗരം അലങ്കരിക്കുന്നതുമായി ബന്ധപ്പെട്ട് ചേംബർ ഓഫ് കൊമേഴ്സും വ്യാപാരി വ്യവസായികളും ഉൾപ്പടെ സബ് കളക്ടർ കൺവീനറൂം ടി എസ് പട്ടാഭിരാമൻ ചെയർമാനായും വ്യാപാരി വ്യവസായി സംഘടനകളുടെ ഭാരവാഹികൾ വർക്കിംഗ് ചെയർമാൻമാരുമായി കമ്മിറ്റി രൂപീകരിച്ചതായും അവർ നഗരം പൂർണമായും അലങ്കരിക്കുമെന്നും ആകാശ പാത അടക്കമുള്ള ബാക്കിയിടങ്ങൾ കോർപ്പറേഷന്റെ നേതൃത്വത്തിൽ അലങ്കരിക്കുമെന്നും  നൈറ്റ് ഷോപ്പിങ്ങിനോടനുബന്ധിച്ച് രാത്രി 10 വരെ ചെറുവഴികളിലേക്ക് ഉൾപ്പെടെ ബസ്സ് സർവീസുകൾ നടത്തുമെന്നു സബ് കളക്ടറുടെ യോഗത്തിൽ തീരുമാനിച്ചതായും ആർ ടി ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥൻമാരുമായി കൂടി ആലോചിച്ച് പ്രത്യേക അനുവാദം നൽകി കൊണ്ട് 10 മണിക്ക് ശേഷവും പോകാനുള്ള സൗകര്യവും ഒരുക്കുമെന്നും മന്ത്രി കൂട്ടി ചേർത്തു.


Share this News
error: Content is protected !!