
അഞ്ചുമാസം മുൻപ് കാണാതായ തമിഴ്നാട് സ്വദേശിയായ ഗൃഹനാഥനെ കണ്ടെത്തി
അഞ്ചുമാസം മുൻപ് കാണാതായ തമിഴ്നാട് സ്വദേശിയായ ഗൃഹനാഥനെ വടക്കഞ്ചേരി അപ്ഡേഷനിൽ നൽകിയ വാർത്തയെ തുടർന്നു കുടുംബം കണ്ടെത്തി
പൊള്ളാച്ചി സോമന്തറൈ സിത്തൂർ ഗ്രാമത്തിലെ സെന്തിൽ കുമാറിനെ (40) ആണ് കണ്ടെത്തിയത്. കെട്ടിട നിർമാണ ജോലിക്കായി കോയമ്പത്തൂരിലേക്കു പോകുകയാണെന്ന് അറിയിച്ച് കഴിഞ്ഞ ഓഗസ്റ്റ് 28ന് വീട്ടിൽ നിന്നു പോയ സെന്തിൽ കുമാർ പിന്നീട് മടങ്ങിയെത്തിയിരുന്നില്ല. ഇതോടെ ഭാര്യ ബേബി പൊലീസിൽ പരാതി നൽകി. ഭാര്യ ബേബിയും മക്കളായ ദാമോദരനും ധനസൂര്യയും അഞ്ചുമാസമായി വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇതിനിടെ വടക്കഞ്ചേരി സമീപപ്രദേശത്ത് സെന്തിൽ കുമാറിനെ കണ്ടതായി അയൽ ഗ്രാമത്തിലെ ഒരു ലോറി ഡ്രൈവർ അറിയിച്ചതിനെ തുടർന്ന് കുടുംബം വടക്കഞ്ചേരിയിലെത്തി. പഞ്ചായത്ത് അധ്യക്ഷൻ സി. പ്രസാദിന്റെ നിർദേശപ്രകാരം പൊലീസിൽ പരാതി നൽകുകയും ഈ വിവരം റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.
പാലക്കാട്ട് ഒരു വീട്ടിൽ നിർമാണ ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു സെന്തിൽ കുമാർ. വാർത്ത കണ്ട വീട്ടുകാർ വിവരം തിരക്കിയതോടെയാണ് ഭാര്യയും മക്കളും തന്നെ തേടി അലയുന്നതായി സെന്തിലിന് മനസ്സിലായത്. തുടർന്ന് അദ്ദേഹം ഭാര്യയെ ഫോണിൽ വിളിച്ച് താൻ പാലക്കാട്ട് ഉണ്ടെന്ന് അറിയിച്ചു. ഇന്നലെ രാവിലെ ബേബിയും മക്കളും പാലക്കാട്ടെത്തി സെന്തിൽ കുമാറിനെ കണ്ടെത്തി. തുടർന്ന് വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തി പരാതി പിൻവലിച്ചു. സാമ്പത്തിക പ്രശ്നങ്ങളും കടക്കെണിയുമാണ് നാടുവിട്ടതിനു കാരണമെന്ന് സെന്തിൽ കുമാർ വടക്കഞ്ചേരി സ്റ്റേഷൻ ഓഫിസർ കെ.പി. ബെന്നിയോട് പറഞ്ഞു. വീട്ടിലേക്കു മടങ്ങുകയാണെന്നും ഇനി ഇത്തരമൊരു സംഭവം ആവർത്തിക്കില്ലെന്നും ഉറപ്പു നൽകിയ സെന്തിലും ഭാര്യ ബേബിയും മകൻ ദാമോദരനും പൊലീസിനോടും സഹായിച്ച എല്ലാവരോടും നന്ദി അറിയിച്ച് മടങ്ങി. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാനും കടങ്ങൾ തീർക്കാനും ബന്ധുക്കളും സുഹൃത്തുക്കളും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2
