
ഇരുമ്പനം HPCL ഡിപ്പോയിൽ നിന്നും ചെർപ്പുളശ്ശേരി പമ്പിലേക്ക് 9,000 ലിറ്റർ പെട്രോളും 5,000 ലിറ്റർ ഡീസലുമായി (ആകെ 14,000 ലിറ്റർ) പോയികൊണ്ടിരുന്ന പെട്രോൾ ടാങ്കർ ലോറി വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ഡിവിഷൻ 27 കുറാഞ്ചേരിയിൽ നിയന്ത്രണം വിട്ട് ഏകദേശം 10 അടി താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തെ തുടർന്ന് ടാങ്കർ ലോറിയുടെ വിവിധ ഭാഗങ്ങൾ തകർന്നതോടെ ഇന്ധനം ചോർന്നതായി റിപ്പോർട്ട് ചെയ്തു.
തൃശൂർ അഗ്നിരക്ഷാ നിലയത്തിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് സംഘം ഫോമുപയോഗിച്ച് ബെഡ് രൂപീകരിച്ച് ഇന്ധനം കത്തുന്നതിൽ നിന്ന് സംരക്ഷണ നടപടികൾ സ്വീകരിച്ചു. HPCL കമ്പനിയുടെ സേഫ്റ്റി ഓഫീസർമാർ സ്ഥലത്തെത്തുന്നതുവരെ ഈ സുരക്ഷാ ക്രമീകരണം തുടരുകയുണ്ടായി. തുടർന്ന് കമ്പനി അധികൃതർ എത്തിയ ശേഷം ചോർന്ന ഇന്ധനം മറ്റൊരു ടാങ്കർ ലോറിയിൽ നിന്ന് മാറ്റുന്ന നടപടികൾ ആരംഭിച്ചു.
ക്രെയിൻ ഉപയോഗിച്ച് മറിഞ്ഞ വാഹനം ഉയർത്തി മാറ്റുകയും ചെയ്തു. അപകടത്തിൽ വാഹനമോടിച്ച ഭാസ്കരൻ (58) എന്നയാൾക്ക് കാലിന് പരിക്കേറ്റതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ജോർജ് പി.പി (പറമ്പി ഹൗസ്, മാമ്പറ പോസ്റ്റ്, കറുകുറ്റി) എന്നയാളുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടത്.
തൃശൂർ ജില്ലാ ഫയർ ഓഫീസർ എം.എസ്. സുവിയുടെ മേൽനോട്ടത്തിലും തൃശൂർ സ്റ്റേഷൻ ഓഫീസർ ഗ്രേഡ് അനിൽകുമാറിന്റെ നേതൃത്വത്തിലുമാണ് രക്ഷാപ്രവർത്തനങ്ങൾ നടന്നത്. തൃശൂർ, വടക്കാഞ്ചേരി, നാട്ടിക എന്നിവിടങ്ങളിലെ ഫയർ യൂണിറ്റുകൾ സംഭവസ്ഥലത്ത് പ്രവർത്തിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V
