

മംഗലം–ഗോവിന്ദാപുരം റോഡ് സംസ്ഥാനപാതയിൽ ടാറിംഗ് പൂർത്തിയായതിന് പിന്നാലെ വശങ്ങളിലെ ഉയരവ്യത്യാസം പുതിയ അപകടസാധ്യതയായി മാറി. ടാറിംഗ് നടത്തിയ ഭാഗങ്ങളിൽ റോഡിന്റെ മദ്ധ്യഭാഗം ഉയർന്നതും വശങ്ങൾ താഴ്ന്നതുമായ അവസ്ഥയാണുള്ളത്.
കാർ ഉൾപ്പെടെ ചെറിയ വാഹനങ്ങൾ റോഡിന്റെ വശത്തേക്ക് ഇറക്കി വീണ്ടും കയറുന്നത് ഏറെ ബുദ്ധിമുട്ടാണ്.
കടകളിലേക്ക് പോകാൻ വാഹനങ്ങൾ സൈഡാക്കുന്നതിനും ‘ചാടി’ കയറേണ്ട സാഹചര്യമാണെന്ന് യാത്രക്കാർ പറയുന്നു. സ്കൂട്ടർ യാത്രക്കാരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്.
വള്ളിയോട് മിനി, പോളിടെക്നിക് കോളജ് പരിസരം തുടങ്ങി പല ഭാഗങ്ങളിലും ഉയരക്കൂടുതൽ അപകടകാരണമാകുന്നു. ഉയരമുള്ള ഭാഗങ്ങളിൽ മണ്ണിട്ട് നിരപ്പാക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും ടാറിംഗ് കഴിഞ്ഞ് രണ്ട് ആഴ്ചയായിട്ടും നടപടി ഉണ്ടായിട്ടില്ലെന്നാണ് ആരോപണം.
പൊതുമരാമത്ത് വകുപ്പ് ആലത്തൂർ ഡിവിഷന്റെ കീഴിൽ മൂന്ന് റീച്ചുകളായാണ് ടാറിംഗ് നടത്തിയത് — മംഗലം പാലം മുതൽ വള്ളിയോട് പോളിടെക്നിക് കോളജ് വരെ, മുടപ്പല്ലൂർ മുതൽ പന്തംപറമ്പ് വരെ, ചിറ്റിലഞ്ചേരി മുതൽ നെന്മാറ കോളജ് വരെ. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയപ്പോഴാണ് ഒരു പതിറ്റാണ്ടിന് ശേഷം പാതയിൽ സമഗ്രമായ ടാറിംഗ് നടന്നത്.
അതുവരെ കുഴികളിൽ ക്വാറി വേസ്റ്റ് നിറച്ചായിരുന്നു നവീകരണം. കേന്ദ്ര–സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരുന്നതിനിടെ പാതയുടെ ദീർഘകാല വികസനം അനിശ്ചിതത്വത്തിൽ തുടരുകയാണ്. കേന്ദ്ര സർക്കാരിന്റെ ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി നാലുവരിപാതയാക്കുമെന്ന പ്രഖ്യാപനവും ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ ഓർമ്മിപ്പിക്കുന്നു. സർവേകളും മാർക്കിംഗും നടത്തിയെങ്കിലും തുടർനടപടികൾ വ്യക്തമല്ല.
വലിയ വികസനം വരുമെന്ന പ്രതീക്ഷയിൽ സംസ്ഥാന സർക്കാരും പാതയെ അവഗണിച്ചെന്ന വിമർശനവും ഉയരുന്നു. റോഡ് നവീകരിച്ചതായി അവകാശപ്പെടുമ്പോഴും യാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ. മംഗലം പാലത്തിനടുത്ത് വികസന വാഗ്ദാനങ്ങൾ ചൂണ്ടിക്കാട്ടുന്ന ഫ്ലെക്സ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും സ്ഥിരപരിഹാരത്തിനായുള്ള നടപടികൾ കാത്തിരിക്കുകയാണ് പ്രദേശവാസികൾ.

അപകടസാധ്യതയായി
വശങ്ങളിലെ ഉയരവ്യത്യാസം
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
